കുറഞ്ഞ ചെലവിൽ വെന്റിലേറ്റർ നിർമ്മിക്കുന്നതിനുള്ള സാങ്കേതികവിദ്യയുമായി വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം. വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് 40 ശതമാനത്തിലധികം ചെലവു കുറച്ച് വെന്റിലേറ്റർ നിർമ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യയാണ് വി എസ് എസ് സി രൂപം നൽകിയത്. അന്തിമ അനുമതി ലഭിച്ചശേഷം ഈ മാസം അവസാനത്തോടെ സാങ്കേതികവിദ്യയുടെ കൈമാറ്റം നടക്കും.
കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വെന്റിലേറ്റർ ഐ സി യു സംവിധാനങ്ങളുടെ ആവശ്യകത ഏറുകയാണ്. ഈ ഘട്ടത്തിലാണ് ആശ്വാസ വാർത്തയുമായി വി എസ് എസ് സി എത്തുന്നത്. വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് 40 ശതമാനത്തിലധികം ചെലവ് കുറച്ച് വെന്റിലേറ്റർ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യയ്ക്കാണ് രൂപം നൽകിയത്. എഞ്ചിനീയർമാരുടെ മൂന്നു സംഘങ്ങൾ ചേർന്ന് ഒരു വർഷത്തിലേറെ നീണ്ട പ്രയത്നങ്ങൾക്ക് ഒടുവിലാണ് സാങ്കേതികവിദ്യ യാഥാർത്ഥ്യമാക്കിയത്. കഴിഞ്ഞവർഷം ലോക് ഡൗൺ സമയത്താണ് ഇത് സംബന്ധിച്ച ആലോചനകൾ എൻജിനീയർമാർ ആരംഭിച്ചത്.
ഗുരുതരാവസ്ഥയിലുള്ള രോഗിയെ വീട്ടിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റുമ്പോൾ ഉപയോഗിക്കാൻ കഴിയുന്ന വെന്റിലേറ്റർ, ആശുപത്രികളിലെ പ്രൊഫഷണൽ വെന്റിലേറ്റർ, വൈദ്യുതിയുടെ സഹായമില്ലാതെ പ്രവർത്തിക്കാൻ കഴിയുന്ന വെന്റിലേറ്റർ എന്നീ മൂന്നു തരത്തിലുള്ള വെന്റിലേറ്ററുകളാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമ്മിക്കാൻ കഴിയുക.
സാങ്കേതികവിദ്യയുടെ കൈമാറ്റത്തിന് മുൻപുള്ള പരിശോധനകൾ അന്തിമഘട്ടത്തിലാണ്. മെഡിക്കൽ വിദഗ്ധർ അടങ്ങുന്ന സംഘമാണ് പരിശോധനകൾ നടത്തുന്നത്. ഈ മാസം അവസാനത്തോടെ അന്തിമ അനുമതി ലഭിച്ചശേഷം സാങ്കേതികവിദ്യ
നിർമ്മാണ കമ്പനികൾക്ക് കൈമാറും. ഇതോടൊപ്പം ഓക്സിജൻ കോൺസെൻട്രേറ്റർ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യയ്ക്കും വി എസ് എസ് സി രൂപ നൽകിയിട്ടുണ്ട്.
Also Read-
കയറ്റുമതിയ്ക്കായി കരുതിയ കോവിഷീൽഡ് വാക്സിനുകൾ ഇന്ത്യയിൽ തന്നെ ഉപയോഗിക്കും; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ഓക്സിജന്റെ ആവശ്യവും വർധിക്കുകയാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും മുന്‍ വി.എസ്.എസ്.സി ഡയറക്ടറുമായ എം.സി. ദത്തനാണ് ഐ.എസ്.ആര്.ഒയുടെ ഓക്സിജൻ പ്ലാന്റ് ഉപയോഗിക്കാമെന്ന് നിര്‍ദ്ദേശിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചീഫ് സെക്രട്ടറി
വി.പി. ജോയി ഐ.എസ്.ആര്.ഒ ചെയര്മാന് ഡോ. കെ. ശിവനുമായി ബന്ധപ്പെട്ടതിന് പിന്നാലെയാണ് കേരളത്തിന് ആശ്വാസകരമായ നടപടി.
തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയില്‍ നിന്ന് ടാങ്കറുകളില്‍ തിരുവനന്തപുരത്ത് എത്തിക്കുന്ന ഓക്സിജൻ, സിലിണ്ടറുകളില്‍ നിറച്ചാണ് കൊവിഡ് ചികിത്സാകേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുക. ഇന്ത്യയുടെ കൂറ്റന്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന ജി.എസ്.എല്‍.വി മാര്‍ക്ക് ത്രീ റോക്കറ്റില്‍ ക്രയോജനിക് ഇന്ധനമാണ് ഉപയോഗിക്കുന്നത്. ഓക്സിജന്‍ മൈനസ് 183 ഡിഗ്രിയിലും ഹൈഡ്രജന്‍ മൈനസ് 253 ഡിഗ്രിയിലും തണുപ്പിച്ചാണ് ഇതിന് ഉപയോഗിക്കുന്നത്.
തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ കോംപ്ളക്സിലെ പ്ലാന്റിൽ നിർമ്മിക്കുന്ന ഓക്സിജൻ വില്ക്കാന് അനുമതിയില്ല. സ്വകാര്യസ്ഥാപനത്തിനാണ് പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാനുള്ള കരാര്‍. മെഡിക്കല്‍ ഓക്സിജൻ 95 ശതമാനം ശുദ്ധമാണെങ്കില്‍ ക്രയോജനിക് ഓക്സിജന്റെ ശുദ്ധി 99 ശതമാനമാണ്. ഐ.എസ്.ആര്.ഒ സയന്റിഫിക് വിഭാഗം മേധാവി ഡോ. ഉമാമഹേശ്വരനാണ് ഓക്സിജൻ ലഭ്യമാക്കുന്നതിനുള്ള തുടർനടപടികൾ വേഗത്തിലാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.