കല്ലേറുകൊണ്ട് മുഖത്തുനിന്ന് ചോര ഒഴുകുമ്പോഴും ചിരിയോടെ നില്ക്കുന്ന ഒരു പോലീസുകാരന്റെ ചിത്രം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.കേന്ദ്രസര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരേ എ.ഐ.വൈ.എഫ്. ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ചിലുണ്ടായ കല്ലേറില്‍ പരിക്കേറ്റ പത്തനംതിട്ട ഡിവൈ.എസ്.പി. ഓഫീസിലെ സിവില്‍ പോലീസ് ഓഫീസര്‍ എം.എസ്. അജിത്താണ് ആ വൈറല്‍ ഫോട്ടോയിലെ പോലീസുകാരന്.
മുഖത്ത് നിന്ന് ചോരയൊഴുകുമ്പോഴും കനത്ത വേദനിയിലും ഇദ്ദേഹം എന്തിനാണ് ചിരിച്ചതെന്ന് ചിത്രം കണ്ട എല്ലാവര്ക്കും തോന്നിയിട്ടുണ്ടാകും. എ.ഐ.വൈ.എഫ് മാര്‍ച്ചിനിടെ എന്താണ് സംഭവിച്ചതെന്ന് അജിത്ത് തന്നെ പറയുന്നു.
'സംഘര്‍ഷമൊന്നുമുണ്ടാകാന്‍ സാധ്യതയില്ലാത്ത മാര്‍ച്ചെന്നാണ് കരുതിയിരുന്നത്. പോലീസിന്റെ ഭാഗത്തുനിന്നു യാതൊരു പ്രകോപനവുമുണ്ടായതുമില്ല. പ്രതിഷേധക്കാരില്‍ ചിലര്‍ ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി കല്ല് മുഖത്തുപതിച്ചത്.
കല്ലേറുകൊണ്ടെങ്കിലും ആരെയും ആദ്യമറിയിക്കാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. എന്നാല്‍, മുഖത്ത് ചോര നിറയുന്നതുകണ്ട് പത്രഫോട്ടോഗ്രാഫര്‍ ചിത്രം പകര്‍ത്തുകയായിരുന്നു. ചോരയൊലിക്കുന്നതുകണ്ട് എ.ഐ.വൈ.എഫ്. നേതാക്കളും അമ്പരന്നു. സഹതാപത്തോടെയായിരുന്നു അവരുെട നോട്ടം. എന്തിനാണ് കല്ലേറുണ്ടായതെന്ന അമ്പരപ്പിലായിരുന്നു അവരും. അതുതന്നെയോര്‍ത്താണ് ഞാനും ചിരിച്ചുപോയത്.'
മാതൃഭൂമി പ്രസിദ്ധീകരിച്ച ചിത്രം കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പേജിലും ഇടംപിടിച്ചിരുന്നു. തിരുവനന്തപുരം പാലോട് സ്വദേശിയാണ് അജിത്. ചുണ്ടിനും കവിളിനും പരിക്കേറ്റ അജിത്തിന് പത്തുദിവസത്തെ വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്..
ഭാരത് ബന്ദ് പ്രഖ്യാപനമില്ല; ജാഗ്രതാ നിർദേശം ഇന്റലിജൻസ് വിവരമനുസരിച്ചെന്ന് പൊലീസ്
ഔദ്യോഗിക പ്രഖ്യാപനമില്ലെങ്കിലും ഭാരത് ബന്ദ് (Bharat Bandh) സംബന്ധിച്ച ജാഗ്രതാ നിർദേശം നല്‍കിയത് ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലെന്ന് കേരള പൊലീസ് (Kerala Police). ഔദ്യോഗിക പ്രഖ്യാപനമില്ലെങ്കില്‍ പോലും മറ്റ് സംസ്ഥാനങ്ങളിലും ഇതുപോലെ ജാഗ്രതാ നിര്‍ദേശം പൊലീസ് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് അത്തരം നിർദേശം കേരളത്തിലും നല്‍കുകയായിരുന്നെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിലൂടെയാണ് തിങ്കളാഴ്ച അഗ്നിപഥ് വിഷയത്തില്‍ ബന്ദ് നടക്കുമെന്ന് പ്രചാരണം നടന്നത്. എന്നാല്‍ കേരളത്തില്‍ ഇത്തരത്തില്‍ ബന്ദ് നടക്കില്ലെന്നും അതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. നേരത്തെ സ്റ്റേറ്റ് പോലീസ് മീഡിയാ സെന്ററിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ബന്ദ് ആഹ്വാനത്തിനെതിരേ ഡിജിപി ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
ഡിജിപി നല്കിയ ജാഗ്രതാ നിര്‍ദേശം
അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകള്‍ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
പൊതുജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടും. അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും വ്യാപാര സ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കും. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനയും തിങ്കളാഴ്ച മുഴുവന്‍ സമയവും സേവനസന്നദ്ധരായിരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കോടതികള്‍, വൈദ്യുതിബോര്‍ഡ് ഓഫീസുകള്‍, കെ.എസ്.ആര്.ടി.സി, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നല്കാന് ജില്ലാ പോലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കും. സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കും. പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഞായാറാഴ്ച രാത്രി മുതല്‍തന്നെ പൊലീസ് പിക്കറ്റിങും പട്രോളിങ്ങും ഏര്‍പ്പെടുത്തും.
ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ റെയ്ഞ്ച് ഡി ഐ ജിമാരും മേഖലാ ഐ ജിമാരും സുരക്ഷാക്രമീകരണങ്ങള്‍ ഏകോപിപ്പിക്കും. അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ക്രമസമാധാനവിഭാഗം എ ഡി ജി പിക്ക് നിര്‍ദേശം നല്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.