HOME » NEWS » Kerala » VIZHINJAM ARCHANA S DEATH CASE LOCALS PROTESTING AGAINST POLICE

വിഴിഞ്ഞത്തെ യുവതിയുടെ മരണം: ഭര്‍ത്താവിനെ ജാമ്യത്തിൽ വിട്ടയച്ചതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍; മൃതദേഹവുമായി റോഡ് ഉപരോധം

സുരേഷിനെ വിട്ടയച്ചതില്‍ പ്രതിഷേധിച്ചാണ് റോഡ് ഉപരോധിക്കുന്നത്.

News18 Malayalam | news18-malayalam
Updated: June 23, 2021, 3:30 PM IST
വിഴിഞ്ഞത്തെ യുവതിയുടെ മരണം: ഭര്‍ത്താവിനെ ജാമ്യത്തിൽ വിട്ടയച്ചതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍; മൃതദേഹവുമായി റോഡ് ഉപരോധം
അർച്ചനയുടെ മൃതദേഹവുമായി നാട്ടുകാർ റോഡ് ഉപരോധിക്കുന്നു
  • Share this:
തിരുവനന്തപുരം: വിഴിഞ്ഞത് മരിച്ച അര്‍ച്ചനയുടെ മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധിക്കുന്നു. അര്‍ച്ചനയുടെ ഭര്‍ത്താവ് സുരേഷിന്റെ മൊഴി രേഖപ്പെടുത്തി പൊലീസ് വിട്ടയച്ചിരുന്നു. സുരേഷിനെ വിട്ടയച്ചതില്‍ പ്രതിഷേധിച്ചാണ് റോഡ് ഉപരോധിക്കുന്നത്. വിഴിഞ്ഞം വെങ്ങാനൂര്‍ ചിരത്തലവിളാകം സ്വദേശി അര്‍ച്ചനയെയാണ് കഴിഞ്ഞ ദിവസം തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. അര്‍ച്ചനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം.

കഴിഞ്ഞ ദിവസമാണ് അര്‍ച്ചനയെ കുടുംബവീട്ടില്‍ നിന്നു സുരേഷ് വിളിച്ചുകൊണ്ടുവന്നത്. കുപ്പിയില്‍ ഡീസലുമായാണ് സുരേഷ് തിരികെ എത്തിയതെന്ന് അര്‍ച്ചനയുടെ പിതാവ് അശോകന്‍ പറഞ്ഞു. ചോദിച്ചപ്പോള്‍ ഉറുമ്പിനെ കത്തിക്കാനെന്നായിരുന്നു സുരേഷ് പറഞ്ഞതെന്നും അശോകന്‍ വ്യക്തമാക്കുന്നു.

Also Read- ആലപ്പുഴയിൽ ഭർതൃഗൃഹത്തിൽ യുവതി തൂങ്ങി മരിച്ച നിലയിൽ; രണ്ടു ദിവസത്തിനുള്ളിൽ സമാനമായ അഞ്ചാം മരണം

അര്‍ച്ചനയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവ് സുരേഷ് ഒളിവില്‍ പോയിരുന്നു. പിന്നീടാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരു വര്‍ഷം മുന്‍പാണ് ഇരുവരുടെയും വിവാഹം നടന്നത്. സുരേഷിന്റെ വീട്ടുകാര്‍ നിരന്തരം തങ്ങളോട് പണവും ഓഹരിയും ചോദിച്ചിരുന്നതായി അര്‍ച്ചനയുടെ അമ്മ മോളി പറയുന്നു.



അർച്ചനയും ഭർത്താവ് സുരേഷും

''അവൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അവൻ ഇടയ്ക്കിടെ വീട്ടിൽനിന്ന് പിണങ്ങി പോകാറുണ്ട്. രണ്ട് ദിവസം കഴിഞ്ഞൊക്കെയാണ് വരാറുള്ളത്. അവന്റെ വീട്ടിൽ പോയി അന്വേഷിച്ചാലും അവരും ഒന്നും പറയില്ല. ഫോൺ സ്വിച്ച് ഓഫ് ആക്കി വെയ്ക്കും. പലയിടത്തും അന്വേഷിച്ചാണ് അവനെ കണ്ടെത്താറുള്ളത്. പിന്നീട് തിരിച്ചെത്തിയാൽ ഇരുവരും വീണ്ടും സഹകരിച്ച് ജീവിക്കും. മരിക്കുന്നതിന്റെ തലേദിവസം അർച്ചനയും സുരേഷും ഞങ്ങളുടെ വീട്ടിൽ വന്നിരുന്നു. അവന്റെ കൈയിൽ ഒരു ലിറ്ററിന്റെ കുപ്പിയിൽ ഡീസലും ഉണ്ടായിരുന്നു. എന്തിനാണ് ഡീസലെന്ന് ചോദിച്ചപ്പോൾ വീട്ടിൽ ഉറുമ്പിന്റെ ശല്യമുണ്ടെന്നും അതിനാണെന്നും മറുപടി പറഞ്ഞു. ഉപ്പോ മഞ്ഞൾപൊടിയോ ഇട്ടാൽ പോരെയെന്ന് ചോദിച്ചപ്പോൾ അതൊന്നും ഇട്ടിട്ട് പോകുന്നില്ലെന്നായിരുന്നു മറുപടി''- അർച്ചനയുടെ പിതാവ് അശോകൻ പറയുന്നു.

''സ്വന്തം ഇഷ്ടപ്രകാരം കണ്ടെത്തിയ ആളായതിനാൽ അവൾ ഒന്നും ഞങ്ങളോട് പറഞ്ഞിരുന്നില്ല. നഴ്സിങ് പഠിച്ച് പാസായ കുട്ടിയാണ്. അവൻ ജോലിക്കൊന്നും വിട്ടില്ല. ഇടയ്ക്ക് പ്രശ്നങ്ങളുണ്ടായാൽ അവൾ വീട്ടിൽവന്ന് നിൽക്കും. പിന്നെ രണ്ട് ദിവസം കഴിഞ്ഞ് തിരികെ പോവുകയാണെന്ന് പറഞ്ഞ് പോകും. എന്റെ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അവന്റെ അറിവോടെ നടന്ന കൊലപാതകമാണ്''- അശോകൻ പറഞ്ഞു.

Also Read- Rain Alert | സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

വിഴിഞ്ഞം കട്ടച്ചിൽക്കുഴിയിലെ വാടകവീട്ടിലാണ് അർച്ചനയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കണ്ടെത്തിയ സമീപവാസികളാണ് യുവതിയെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഈ സമയം ഭർത്താവ് സുരേഷ് വീട്ടിലുണ്ടായിരുന്നില്ല. ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സുരേഷിനെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് പറഞ്ഞു.

സുരേഷിന്റെ വീട്ടുകാർ കൂടുതൽ പണം സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നതായും അർച്ചനയുടെ ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. അടുത്തിടെ മൂന്ന് ലക്ഷം രൂപ നൽകണമെന്ന് സുരേഷിന്റെ വീട്ടുകാർ അർച്ചനയുടെ മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പണം കൈയിലാത്തതിനാൽ ഇത് നൽകാനായില്ല. മാത്രമല്ല, സുരേഷ് അർച്ചനയെ മദ്യലഹരിയിൽ മർദിച്ചിരുന്നതായും ആരോപണമുണ്ട്. പ്രണയിച്ച് വിവാഹം കഴിച്ചതിനാൽ ഒരു പ്രശ്നങ്ങളും പുറത്തു കാണിക്കാതെ ഇരുവരും തങ്ങളുടെ മുന്നിൽ അഭിനയിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
Published by: Rajesh V
First published: June 23, 2021, 3:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories