തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തിന് പിന്നാലെ ആര്‍ച്ച് ബിഷപ്പ് ഉൾപ്പടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തതിനെതിരെ ലത്തീന്‍ സഭ രംഗത്ത്. സംഘര്‍ഷം സര്‍ക്കാരിന്റെ ആസൂത്രിത നീക്കമായിരുന്നുവെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര ആരോപിച്ചു. കേസെടുത്ത് നിശബ്ദരാക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഘർഷത്തിന്റെ പേരിൽ കേസെടുത്ത നടപടിയെ നിയമപരമായി നേരിടുമെന്ന് ഫാ. യൂജിൻ പെരേര പറഞ്ഞു. ആര്‍ച്ചു ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോയും സഹായമെത്രാനും സംഘര്‍ഷ സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ തട്ടുന്ന ഒരു സമീപനം എടുക്കുന്നത് തന്നെ തെറ്റായതാണെന്ന് യൂജിൻ പെരേര പറഞ്ഞു.
അവിടെ സമരം നടത്തുന്ന ആളുകളെയൊക്കെ നിര്‍വീര്യമാക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും കുറേക്കാലമായി സര്‍ക്കാര്‍ ആസൂത്രിതമായി ശ്രമിക്കുകയാണെന്നും യൂജിൻ പരേര പറഞ്ഞു. സ്ഥലത്ത് പ്രശ്നമുണ്ടാക്കിയത് അദാനിയുടെ ആളുകളാണെന്ന് യൂജിൻ പേരേര ആരോപിച്ചു. ഇപ്പോൾ നടന്ന സംഭവത്തിന് പിന്നിലെ ആസൂത്രണം സഭ പുറത്ത് കൊണ്ടുവരും.
വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തില്‍ ആര്‍ച്ച് ബിഷപ്പിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. സഹായമെത്രാൻ അടക്കം അമ്പതോളം വൈദികരും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയെയാണ് ഒന്നാം പ്രതിയാക്കി കേസെടുത്തത്. ആര്‍ച്ച് ബിഷപ്പും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്.
സ്വമേധയാ എടുത്തതടക്കം ആകെ പത്ത് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തുറമുഖത്തിന് എതിരെ സമരം ചെയ്യുന്നവർക്ക് എതിരേ ഒമ്പത് കേസും, ജനകീയ സമര സമിതിക്ക് എതിരേ ഒരു കേസുമാണ് എടുത്തത്. വൈദികരടക്കം 95 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കണ്ടാലറിയാവുന്ന ആയിരത്തോളം പേര്‍ക്കെതിരെതിരേയും കേസെടുത്തിട്ടുണ്ട്. വധശ്രമം, ഗൂഢാലോചന, കുറ്റകരമായ സംഘം ചേരൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. തുറമുഖ വിരുദ്ധ സമര സമിതിക്കെതിരെ ആകെയുള്ള ഒൻപതു കേസുകളിൽ മൂന്ന് കേസുകളിലാണ് ബിഷപ് നെറ്റോ ഒന്നാം പ്രതിയായത്.
വിഴിഞ്ഞം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പെരുമാതുറ മുതലപ്പൊഴിയിൽ പോലീസ് സുരക്ഷ വീണ്ടും ഏർപ്പെടുത്തി. പോലീസ് നടപടിയുടെ ഭാഗമായി മുതലപ്പൊഴിയിലെ അദാനി ഗ്രൂപ്പിന്റെ വാർഫ് സ്ഥിതിചെയ്യുന്ന മേഖലയിലും മറ്റുമാണ് പോലീസ് നിലയുറപ്പിച്ചിട്ടുള്ളത്. നെടുമങ്ങാട് ക്യാമ്പിൽ നിന്നുമെത്തിയ സ്പെഷ്യൽ സ്ട്രൈക്കേഴ്സ് ബറ്റാലിയനാണ് ക്യാമ്പ് ചെയ്യുന്നത്.
അതേസമയം, വിഴിഞ്ഞം സമരം ശക്തമാക്കുമെന്ന് ലത്തീൻ അതിരൂപത. ഇതുസംബന്ധിച്ച സന്ദേശം ഞായറാഴ്ച പള്ളികളിൽ വായിച്ചു. സമരസമിതി ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ ഒന്നിൽ പോലും സർക്കാർ ന്യായമായ പരിഹാരം കണ്ടിട്ടില്ല എന്നും ലത്തീൻ അതിരൂപത കുറ്റപ്പെടുത്തി. വിഴിഞ്ഞം പദ്ധതി കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ആഘാതം സൃഷ്ടിക്കുമെന്ന് വിദഗ്ദ്ധ സമിതി പഠനത്തിൽ പറഞ്ഞിട്ടുണ്ട്. 2017ൽ സിഎജി റിപ്പോർട്ടിൽ വിഴിഞ്ഞം പദ്ധതിയിൽ വൻ അഴിമതി നടന്നതായും പറഞ്ഞിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.