തിരുവനന്തപുരം: ഇന്തോനേഷ്യയുടെ ചാമ്പ്യൻ പ്ലഷറും, ഹോങ് കൊങിന്റെ ഗ്യാസ് ജെമിനിയും അടക്കം ഒൻപത് കപ്പലുകൾ പുറംകടലിൽ നങ്കൂരമിട്ടതോടെ വിഴിഞ്ഞത്ത് പിറന്നത് പുതു ചരിത്രം. കഴിഞ്ഞ ദിവസമാണ് 9 കപ്പലുകൾ ക്രൂ ചെയ്ഞ്ചിനായി വിഴിഞ്ഞത്ത് എത്തിയത്. ഇതാദ്യമായാണ് ഒരു ദിവസം 9 വിദേശകപ്പലുകൾ ക്രൂ ചെയ്ഞ്ചിനായി എത്തിയത്. മണിക്കൂറുകൾ നീണ്ട നടപടിക്രമങ്ങൾക്ക് ശേഷമാണ് 9 കപ്പലുകളിലെയും ക്രൂ ചേഞ്ച് പൂർത്തിയാക്കിയത്.
വലിയ പ്രതിസന്ധികളെ മറികടന്ന് കഴിഞ്ഞവർഷം ജൂലൈയിലാണ് വിഴിഞ്ഞത്ത് ആദ്യമായി ക്രൂ ചേഞ്ച് നടന്നത്. തുടക്കത്തിൽ സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടിയെങ്കിലും പിന്നീട് അത് മറികടന്നാണ് ക്രൂ ചേഞ്ച് ആരംഭിച്ചത്. നിശ്ചിത ഇടവേളകളിൽ വിദേശകപ്പലുകൾ ക്രൂ ചേഞ്ചിനായി എത്തി. ഒരുവർഷത്തിനിടെ ക്രൂ ചേഞ്ചിനായി ഇവിടേക്ക് എത്തിയത്
370 കപ്പലുകൾ. രാജ്യത്തെ ഒരു മൈനർ പോർട്ടിൽ ഇതാദ്യമായാണ് ഒരു വർഷത്തിനിടയിൽ ഇത്രയേറെ കപ്പലുകൾ എത്തുന്നത്.
കഴിഞ്ഞദിവസം എത്തിയ 9 കപ്പലുകളുടെ വരുമാനമായ 15 ലക്ഷം അടക്കം നാലര കോടി രൂപയാണ് സർക്കാരിന് ഇതിലൂടെ ലഭിച്ചത്.
കപ്പലിലെ ജോലി സമയം പൂർത്തിയാവുന്നത് അനുസരിച്ച് ജീവനക്കാരെ മാറ്റുന്ന നടപടിയാണ് ക്രൂ ചേഞ്ച്. ക്രൂ ചേഞ്ച് നടത്താനായി കപ്പൽ പുറംകടലിൽ നങ്കൂരമിടും. തുടർന്ന് കരയിൽ നിന്നും ജോലിയിൽ പ്രവേശിക്കാൻ ഉള്ള ജീവനക്കാരെയും കൊണ്ട് ടഗ്ഗ് യാത്ര തിരിക്കും. ജോലിയിൽ പ്രവേശിക്കാനുള്ള ജീവനക്കാരെ കപ്പലിൽ കയറ്റി വിട്ടശേഷം ജോലി പൂർത്തിയാക്കി മടങ്ങുന്ന ജീവനക്കാരെ തിരികെ അതേ ടഗ്ഗിൽ കരയിൽ എത്തിക്കും. ക്രൂ ചേഞ്ച് നടക്കുന്നതിന് മൂന്നു മണിക്കൂർ മുൻപ് ജീവനക്കാർ ബന്ധപ്പെട്ട തുറമുഖത്ത് എത്തണം. തുടർന്ന് ജീവനക്കാരുടെ രേഖകൾ എമിഗ്രേഷൻ അധികൃതർ വിശദമായി പരിശോധിക്കും. പരിശോധന പൂർത്തിയാക്കി അനുമതി നൽകിയശേഷം മാത്രമേ ജീവനക്കാർക്ക് ടഗ്ഗിൽ കയറി യാത്ര ചെയ്യാൻ കഴിയൂ.
ഇന്റർനാഷണൽ ഷിപ്പ് ആൻഡ് പോർട് സെക്യൂരിറ്റി കോഡ് അനുവദിച്ച് കിട്ടിയാൽ ക്രൂ ചെയ്ഞ്ചിലൂടെയുള്ള വരുമാനം പത്തിരട്ടി വർധിപ്പിക്കാൻ സർക്കാരിന് കഴിയും.
മാനേജ്മെൻ്റ് ചെയ്ഞ്ച്, ഓണർ ചെയ്ഞ്ച് അടക്കമുള്ള കാര്യങ്ങളിലൂടെയാണ് വരുമാനം വർധിപ്പിക്കാനാകുക. അതിനായി വിഴിഞ്ഞം തുറമുഖത്ത് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടി വരും.
എന്നാൽ ഐ എസ് പി എ സി നു ള്ള ഫീസായ മൂന്നര ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെങ്കിലും തുടർ നടപടികൾ എങ്ങും എത്തിയിട്ടില്ല. ഇക്കാര്യത്തിൽ വിഴിഞ്ഞം പോർട്ട് അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്ന് ഏജൻസി ഉദ്യോഗസ്ഥർ ആരോപിക്കുന്നു. അനാവശ്യ കാര്യങ്ങളുടെ പേരിൽ വലിയ വരുമാന നേട്ടത്തിനുള്ള സാധ്യതക്ക് തുറമുഖം അധികൃതർ തടയിടുന്നു എന്നാണ് ഏജൻസി ഉദ്യോഗസ്ഥരുടെ പരാതി.
അതേസമയം ക്രൂ ചെയ്ഞ്ചിൻ്റെ സമയ ദൈർഘ്യം കുറയ്ക്കാൻ കപ്പൽ ജീവനക്കാരെ കൊണ്ട് പോകുന്നതിനുള്ള ടഗ്ഗിൻ്റെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. ക്രൂ ചേഞ്ചിന്‍റെ ആരംഭഘട്ടത്തിൽ രണ്ട് ടഗ്ഗുകൾ ഉണ്ടായിരുന്നു. എന്നാൽ പിന്നീടത് ഒരു ടഗ്ഗ് ആയി കുറച്ചു. ഈ ഒരു ടഗ്ഗിന്റെ മാത്രം സഹായത്തോടെയാണ് കഴിഞ്ഞദിവസം ഒൻപത് കപ്പലുകളിലെയും ക്രൂ ചേഞ്ച് നടത്തിയത്. ഒരു ടഗ്ഗ് മാത്രമുള്ളത് ക്രൂ ചേഞ്ച്ന്റെ സമയദൈർഘ്യം വർദ്ധിപ്പിക്കുകയാണ്. അതിനാൽ കൂടുതൽ ടഗ്ഗുകൾ വിഴിഞ്ഞത്തേക്ക് എത്തിക്കണമെന്ന് ആവശ്യമാണ് ഏജൻസി ജീവനക്കാർ മുന്നോട്ടുവയ്ക്കുന്നത്.
കൊല്ലത്തും ബേപ്പൂരും അനാഥമായി കിടക്കുന്ന ടഗ്ഗുകൾ വിഴിഞ്ഞത്തേക്ക് എത്തിച്ചാൽ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നും ഏജൻസി ജീവനക്കാർ വ്യക്തമാക്കുന്നു. ഏതായാലും പരിമിതമായ സാഹചര്യത്തിലും ചരിത്രനേട്ടം കൈവരിച്ചതിന്റെ സന്തോഷത്തിലാണ് വിഴിഞ്ഞം തുറമുഖം അധികൃതർ. ഭാവിയിൽ വരുമാന വർദ്ധനവിനുള്ള കൂടുതൽ സാധ്യതകൾ തുറന്നിടുന്ന മേഖലയായതിനാൽ ക്രൂ ചേഞ്ച്ന്റെ കാര്യത്തിൽ സർക്കാർ പ്രത്യേക ശ്രദ്ധ വച്ച് പുലർത്തണം എന്നാണ് വ്യാപകമായി ഉയരുന്ന ആവശ്യം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Adani group, Vizhinjam Port, Vizhinjam Port Crew change, Vizhinjam Port Ships