തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസില്‍ ഇബ്രാഹിം കുഞ്ഞിനെ മൂന്നാം തവണയും ചോദ്യം ചെയ്ത് വിജിലന്‍സ് വിട്ടയച്ചു. മുന്നോട്ടു വച്ച തെളിവുകള്‍ക്ക് ഇബ്രാഹിംകുഞ്ഞ് നല്കിയ മറുപടി തൃപ്തികരമല്ലെന്ന നിലപാടിലാണ് വിജിലന്‍സ്. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പ്പറേഷന് മുന്‍ എംഡി മുഹമ്മദ് ഹനീഷിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും.
ആദ്യ രണ്ടുതവണ ചോദ്യം ചെയ്തപ്പോഴും വ്യക്തമായ മറുപടി ലഭിച്ചില്ല എന്ന വിലയിരുത്തലിലാണ് ഇബ്രാഹിം കുഞ്ഞിനെ വീണ്ടും വിളിപ്പിച്ചത്. പൂജപ്പുര പ്രത്യേക വിജിലന്‍സ് ഓഫീസില്‍ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂര്‍ നീണ്ടു. പാലാരിവട്ടം പാലത്തിന്റെ നിര്‍മാണത്തിനായി ആര്‍ഡിഎസ് കമ്പനിക്ക് എട്ടേകാല്‍ കോടി രൂപ മുന്‍കൂറായി നല്‍കിയത് ഇബ്രാഹിംകുഞ്ഞ് പറഞ്ഞിട്ടാണെന്നാണ് പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ സൂരജിന്റെ മൊഴി.
കമ്പനി എംഡി സുമിത് ഗോയല്‍, ടി ഒ സൂരജ് എന്നിവരുടെ മൊഴിയടക്കമുള്ള തെളിവുകളും വിജിലന്‍സ് ചൂണ്ടിക്കാട്ടി. ഇതിന് ഇബ്രാഹിംകുഞ്ഞ് തൃപ്തികരമായ മറുപടി പറഞ്ഞില്ലെന്നാണ് വിവരം. ചോദിച്ചതിനൊക്കെ മറുപടി കൊടുത്തു എന്ന നിലപാടിലാണ് ഇബ്രാഹിംകുഞ്ഞ്.
തെളിവ് ശേഖരണം തുടരുകയാണെന്നും പ്രതിചേര്‍ക്കലും അറസ്റ്റും സംബന്ധിച്ച കാര്യങ്ങളില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും വിജിലന്‍സ് അറിയിച്ചു. റോഡ്സ് ആന്‍ ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോര്പ്പറേഷന് മുന്‍ എംഡി മുഹമ്മദ് ഹനീഷിനെ വീണ്ടും ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.