ഡിവൈഎഫ്ഐ (DYFI) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുത്തില്ലെങ്കിൽ പിഴ (Fine) ഈടാക്കുമെന്ന് കുടുംബശ്രീ (Kudumbashree) പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്ത് വന്ന സംഭവത്തില്‍ കുടുംബശ്രീ ജില്ലാ മിഷന് അന്വേഷണം ആരംഭിച്ചു. പ്രചരിപ്പിക്കുന്ന ശബ്ദ സന്ദേശം ചിറ്റാറിലെ സി.ഡി.എസ് അധ്യക്ഷയുടേത് അല്ലെന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ ആവര്‍ത്തിച്ചു. സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ച് പോലീസില്‍ പരാതി നല്‍കുമെന്നും നേതാക്കള്‍ വിശദീകരിച്ചു.
സിഡിഎസ് അധ്യക്ഷയെയും ഒപ്പം കൂട്ടിയാണ് ഡിവൈഎഫ്ഐ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തിനെത്തിയത്. എന്നാല്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ വാട്സാപ്പ് കൂട്ടായ്മയില്‍ വന്ന ശബ്ദ സന്ദേശം ആരുടെതാണെന്ന ചോദ്യത്തിന് അധ്യക്ഷയ്ക്കോ നേതാക്കള്‍ക്കോ കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല.
Also Read-
'ലിംഗപദവിയും ആധുനിക സമൂഹവും'; കുടുംബശ്രീക്കാർ സെറ്റ് സാരിയും മെറൂൺ ബ്ലൗസുമിട്ട് വന്നില്ലെങ്കിൽ ഫൈൻ
ചിറ്റാറിൽ മുൻ മന്ത്രി പി കെ ശ്രീമതി പങ്കെടുക്കുന്ന സെമിനാറിൽ കുടുംബശ്രീ ഗ്രൂപ്പിൽനിന്നും 5 പേർ വീതം പങ്കെടുക്കണമെന്നും ഇല്ലെങ്കിൽ പിഴ ഈടാക്കുമെന്നുമാണ് സന്ദേശം പ്രചരിച്ചത്. 'ലിംഗപദവിയും ആധുനിക സമൂഹവും' എന്ന വിഷയത്തിലുള്ള സെമിനാറാണ് പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തത്.
സെറ്റുസാരിയും മെറൂൺ ബ്ലൗസും പ്രവർത്തകർക്ക് നിർബന്ധമാണെന്ന് ശബ്ദസന്ദേശത്തിൽ വ്യക്തമാക്കുന്നു. ആളുകൂടണം, എല്ലാവരും നിർബന്ധമായും വരണമെന്നും ചെയർപഴ്സൻ ഭീഷണി മുഴുക്കുന്നുണ്ട്. ശബ്ദസന്ദേശത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു.
ഡിവൈഎഫ്ഐയുടെ സംസ്ഥാന സമ്മേളനത്തിന് ആളെ കൂട്ടാൻ ചിറ്റാർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ, എഡിഎസ്, സിഡിഎസ് യൂണിറ്റ് ഭാരവാഹികളെ ഭീഷണിപ്പെടുത്തിയ നടപടി ഹീനവും ജനാധിപത്യ വിരുദ്ധവുമാണെന്ന് കോൺഗ്രസ് ചിറ്റാർ മണ്ഡലം കമ്മിറ്റി ആരോപിച്ചു. സ്വതന്ത്രമായി പ്രവർത്തിച്ചുവരുന്ന ത്രിതല, പഞ്ചായത്ത് സംവിധാനങ്ങളെ രാഷ്ട്രീയവൽക്കരിക്കാനുള്ള സിപിഎം നയത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായും കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
സംഭവത്തില്‍ കുടുംബശ്രീ ജില്ലാമിഷൻ സിഡിഎസ് ചെയര്‍പേഴ്സണോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വിവാദമായ ശബ്ദ സന്ദേശം സംബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല. ചിറ്റാറില്‍ ബുധനാഴ്ച്ച നടന്ന സെമിനാറിലേക്കാണ് കുടുംബശ്രീ പ്രവര്‍ത്തകരെ വിരട്ടി ക്ഷണിച്ചത്. ലിംഗ പദവിയും ആധുനിക സമൂഹവും എന്ന വിഷയത്തിലെ സെമിനാര്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ.ശ്രീമതിയാണ് ഉദ്ഘാടനം ചെയ്തത്. ഈ മാസം 27 മുതല്‍ 30 വരെ പത്തനംതിട്ടയിലാണ് ഡിവൈഎഫ്ഐയുടെ സംസ്ഥാന സമ്മേളനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.