• HOME
  • »
  • NEWS
  • »
  • kerala
  • »
  • അജിതാ തങ്കപ്പനെതിരായ അവിശ്വാസ പ്രമേയം പാസാകുമോ? തൃക്കാക്കരയിൽ കോൺഗ്രസിനെ വെട്ടിലാക്കി മുസ്ലീംലീഗ്

അജിതാ തങ്കപ്പനെതിരായ അവിശ്വാസ പ്രമേയം പാസാകുമോ? തൃക്കാക്കരയിൽ കോൺഗ്രസിനെ വെട്ടിലാക്കി മുസ്ലീംലീഗ്

ത്യക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ അജിതാ തങ്കപ്പനെതിരായ അവിശ്വാസ പ്രമേയം നാളെയാണ് പരിഗണിക്കുന്നത്

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
കൊച്ചി: ത്യക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ അജിതാ തങ്കപ്പനെതിരായ അവിശ്വാസ പ്രമേയം നാളെ പരിഗണിയ്ക്കാനിരിയ്‌ക്കെ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി മുസ്ലിംലീഗ് കൗണ്‍സിലര്‍മാരുടെ നീക്കം. ലീഗിലെ 3 കൗണ്‍സിലര്‍മാര്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വിപ്പ് സ്വീകരിയ്ക്കാന്‍ തയ്യാറായില്ല. അതേസമയം ഇടഞ്ഞ് നിന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ജില്ലാ കോണ്‍ഗ്രസ് നേത്യത്വം ഇടപെട്ട് നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് വിപ്പ് സ്വീകരിച്ചു.

ത്യക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനെതിരായ എല്‍ഡിഎഫിന്റെ അവിശ്വാസം പാസാകുമോ? പ്രമേയം അവതരിപ്പിയ്ക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ സസ്‌പെന്‍സ് തീരുന്നില്ല. ചെയര്‍പേഴ്‌സണിനെതിരെ നിലപാടെടുത്തിരുന്ന  വി ഡി സുരേഷും രാധാമണി പിള്ളയും ഉള്‍പ്പെടെ 4 കൗണ്‍സിലര്‍മാര്‍ ജില്ലാ കോണ്‍ഗ്രസ് നേത്യത്വം നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് വിപ്പ് കൈപ്പറ്റി.

ഈ മാസം 26നകം വിമതര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിയ്ക്കാമെന്നാണ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ ബാബു എംഎല്‍എ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലെ ഉറപ്പ്. എന്നാല്‍ ഇതുകൊണ്ടും യുഡിഎഫിലെ  പ്രതിസന്ധി തീര്‍ന്നിട്ടില്ല. നഗരസഭയില്‍ 5 കൗണ്‍സിലര്‍മാര്‍ മുസ്ലീം ലീഗില്‍ നിന്നാണ്. ഇവരില്‍ 3 പേര്‍ ഇതുവരെയും വിപ്പ് സ്വീകരിയ്ക്കാന്‍ തയ്യാറായിട്ടില്ല. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം കൂടി ലീഗിന് നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

ഇക്കാര്യത്തിൽ ഇതുവരെയും കോൺഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടില്ല. ഈ മാസം 26ന് ലീഗ് നേതാക്കളുമായും കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തും. ഇതിനുശേഷം  ലീഗിന്റെ ആവശ്യങ്ങളിൽ തീരുമാനമെടുക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. വിപ്പ് സ്വീകരിക്കാത്ത ലീഗ് കൗൺസിലർമാർ അവിശ്വാസപ്രമേയത്തിൽ പങ്കെടുക്കില്ലെന്നും മുസ്ലിം ലീഗ് ജില്ലാ നേതൃത്വം അറിയിച്ചിട്ടുണ്ട്. അതേസമയം മുസ്ലീംലീഗിലെ അസംത്യപ്തരെ കൂടെകൂട്ടാന്‍ എല്‍ഡിഎഫ് നീക്കം നടത്തുന്നുണ്ട്.
Also Read-'വാസവൻ ക്ലോസ് ചെയ്ത ചാപ്റ്റർ മുഖ്യമന്ത്രി എന്തിന് തുറന്നു?'; നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ പ്രതിപക്ഷം

അവിശ്വാസം പാസാകുമോ?

എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസാക്കാനുള്ള സാധ്യത ഇപ്പോഴും നിലവിലുണ്ട്. പ്രമേയം പാസാകുന്നതിന് 22 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. 18 പേരാണ് പ്രമേയത്തെ പിന്താങ്ങുന്നത്. ഇതിൽ 17 പേർ എൽഡിഎഫ് അംഗങ്ങളും. ഒരാൾ കോൺഗ്രസ് വിമതനായി വിജയിച്ചുവന്ന അംഗവുമാണ്.  43 അംഗ നഗരസഭയില്‍ 21 പേരുടെ പിന്തുണയാണ് യുഡിഎഫിനുള്ളത്. ഇതില്‍ 4 പേര്‍ കോണ്‍ഗ്രസ് വിമതന്‍മാരായി വിജയിച്ച് വന്നവരാണ്. ഇവര്‍ക്ക്‌ വിപ്പ് ബാധകമായിരിക്കില്ല.  18 അംഗങ്ങളുടെ പിന്തുണയുള്ള എല്‍ഡിഎഫിന് ഈ 4 പേരെ കൂടി ഒപ്പം നിര്‍ത്താനായാല്‍ അവിശ്വാസ പ്രമേയം പാസാക്കിയെടുക്കാനാകും.

വിജിലൻസ് കേസെടുക്കുന്നത് തീരുമാനമായില്ല

പണക്കിഴി വിവാദത്തിൽ തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പന് എതിരായ ആരോപണത്തിൽ കഴമ്പുണ്ടെന്ന് വിജിലൻസ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറിയിരുന്നു. കേസെടുക്കുന്ന കാര്യത്തിൽ ഇതുവരെയും സർക്കാരിന്റെ അനുമതി ലഭ്യമായിട്ടില്ല. ഓണസമ്മാനമായി തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ കൗൺസിലർമാർക്ക് 10,000 രൂപ വീതം നൽകിയെന്നായിരുന്നു പരാതി.

വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിനെക്കുറിച്ച് അന്വേഷിച്ചത്. സിസി ടിവി ക്യാമറ ദൃശ്യങ്ങളും കൗൺസിലർമാരുടെ മൊഴിയും അന്വേഷണസംഘം പരിശോധിച്ചു. ഇതിന് ശേഷമാണ് പരാതിയിൽ കഴമ്പുണ്ടെന്ന നിഗമനത്തിൽ അന്വേഷണസംഘം എത്തിയിരിക്കുന്നത്.  പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്ന കാര്യത്തിൽ വിജിലൻസ് ഡയറക്ടരാകും അന്തിമ തീരുമാനം എടുക്കുക.

വിജിലൻസിന്റെ അന്വേഷണത്തിനെതിരെ തൃക്കാക്കര ഭരണസമിതി രംഗത്തെത്തി. സേർച്ച്‌ വാറണ്ട് പോലുമില്ലാതെയാണ് വിജിലൻസ് പരിശോധനക്ക് എത്തിയത് എന്നായിരുന്നു ആരോപണം. ദൃശ്യങ്ങൾ പരിശോധിക്കാൻ വിജിലൻസ് ഉദ്യോഗസ്ഥർ എത്തിയിരുന്നെങ്കിലും അജിത തങ്കപ്പൻ ഓഫീസ് പൂട്ടി പോയിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ദൃശ്യങ്ങൾ വിജിലൻസിന് വീണ്ടെടുക്കാനായത്.

കവറുമായി കൗൺസിലർമാർ ചെയർപേഴ്സണിന്റെ ഓഫീസിൽനിന്ന് മടങ്ങുന്നത്  ദൃശ്യങ്ങളിൽ വ്യക്തമാണ്. പണം ലഭിച്ചിരുന്നുവെന്ന് ചില കൗൺസിലർമാർ മൊഴി നൽകിയ ചെയ്തിരുന്നു. പണം നൽകിയിട്ടില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അജിത തങ്കപ്പൻ. തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്നും അജിത തങ്കപ്പൻ ആവർത്തിക്കുന്നു.
Published by:Naseeba TC
First published: