അവസാന ലാപ്പില്‍ 'ബ്രഹ്മാസ്ത്ര'വുമായി സിപിഎം; വെള്ളിയാഴ്ച പ്രചരണത്തിന് വിഎസ് ഇറങ്ങും

സിപിഎമ്മിന്റെ ക്രൗഡ് പുള്ളര്‍ വി.എസ്.അച്യുതാനന്ദന്‍ വെള്ളിയാഴ്ച പ്രചരണത്തിനിറങ്ങും.

News18 Malayalam | news18-malayalam
Updated: October 17, 2019, 6:10 PM IST
അവസാന ലാപ്പില്‍ 'ബ്രഹ്മാസ്ത്ര'വുമായി സിപിഎം; വെള്ളിയാഴ്ച പ്രചരണത്തിന് വിഎസ് ഇറങ്ങും
വി.എസ് അച്യുതാനന്ദൻ
  • Share this:
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ പരസ്യപ്രചരണം ഇനി രണ്ടു ദിവസം കൂടി മാത്രം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായിരുന്നു ഇതുവരെ സിപിഎമ്മിന്റെ താരപ്രചാരകര്‍. ഇടതിലെ താര എംഎല്‍എമാരായ മുകേഷും കെ.ബി.ഗണേഷ്‌കുമാറും പ്രചരണയോഗങ്ങളില്‍ ആളെക്കൂട്ടുകയും ചെയ്തു. എന്നാല്‍ യഥാര്‍ഥ താരത്തെ ഇറക്കി അവസാന ദിവസങ്ങളില്‍ കളം പിടിക്കാനാണ് സിപിഎം നീക്കം. സിപിഎമ്മിന്റെ ക്രൗഡ് പുള്ളര്‍ വി.എസ്.അച്യുതാനന്ദന്‍ വെള്ളിയാഴ്ച പ്രചരണത്തിനിറങ്ങും.

also read:'മാടമ്പി സ്വാഭാവമുള്ള സുകുമാരൻനായർക്ക് ഈഴവ - പിന്നാക്ക വിഭാഗങ്ങളോട് വിരോധം': വിമർശനവുമായി വെള്ളാപ്പള്ളി

സിപിഎം ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന വട്ടിയൂര്‍ക്കാവില്‍ വി.കെ.പ്രശാന്തിനു വേണ്ടിയാകും വിഎസിന്റെ പ്രസംഗം. വെള്ളിയാഴ്ച വൈകിട്ട് നന്ദന്‍കോട്ടെ പൊതുയോഗം വിഎസ് ഉദ്ഘാടനം ചെയ്യും. പാലാ ഉപതെരഞ്ഞെടുപ്പിനു മുന്‍പുവരെ വിഎസിന്റെ പ്രസംഗങ്ങളില്ലാതെ ഒരു തെരഞ്ഞെടുപ്പും സിപിഎം നേരിട്ടിട്ടില്ല. എന്നാല്‍ അനാരോഗ്യത്തെ തുടര്‍ന്ന് പാലായില്‍ വിഎസ് പൂര്‍ണമായും വിട്ടു നിന്നു. അതിനു തൊട്ടു മുന്‍പു ഉപതെരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂരും ഏറ്റവുമധികം ആളുകള്‍ കൂടിയത് വിഎസിനെ കേള്‍ക്കാനായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ ഒരിടത്ത് എന്ന കണക്കില്‍ സംസ്ഥാനത്തുടനീളം വിഎസ് പ്രചരണ യോഗങ്ങളില്‍ പങ്കെടുത്തു. പക്ഷേ, പിന്നീട് സിപിഎം കേന്ദ്ര കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മിഷനു നല്‍കിയ താരപ്രചാരകരുടെ പട്ടികയില്‍ വിഎസിനെ ഉള്‍പ്പെടുത്താത്തത് വിവാദമായിരുന്നു. ഇതിലെ അതൃപ്തി വിഎസ് തന്നെ പരസ്യമാക്കുകയും ചെയ്തു.

അഞ്ചു മണ്ഡലങ്ങളിലേക്കു ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ വിഎസിന്റെ അനുഗ്രം തേടി സ്ഥാനാര്‍ഥികളില്‍ പലരുമെത്തി. ഒപ്പം പൊതുയോഗത്തില്‍ വിഎസ് പങ്കെടുക്കണമെന്ന അഭ്യര്‍ഥനയും. അനാരോഗ്യം ചൂണ്ടിക്കാട്ടി വിഎസിന്റെ ഓഫീസ് അതു നിരസിക്കുകയായിരുന്നു. അവസാന ലാപ്പില്‍ വിഎസിന്റെ സാനിധ്യം ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് നേതൃത്വം വിഎസിനെ പ്രചരണത്തിനിറക്കുന്നത്. സ്വന്തം ജില്ലയായ ആലപ്പുഴയിലെ അരൂരിലും താമസസ്ഥലം ഉള്‍പ്പെടുന്ന വട്ടിയൂര്‍ക്കാവിലും പൊതുയോഗങ്ങളില്‍ പങ്കെടുപ്പിക്കാനായിരുന്നു ആലോചന. വിഎസിന് പനിയായതോടെ തീരുമാനം വീണ്ടും മാറ്റി. വട്ടിയൂര്‍ക്കാവിലെ ഒരു പൊതുയോഗത്തിലൊതുങ്ങും വിഎസിന്റെ പ്രചരണം.

പൊതുയോഗത്തില്‍ വിഎസ് എന്തു പറയുമെന്നതും ആകാംക്ഷ ഉയര്‍ത്തുന്നതാണ്. കഴിഞ്ഞ കുറെക്കാലമായി തെരഞ്ഞെടുപ്പ് രംഗത്തെ അജന്‍ഡ നിശ്ചയിക്കുന്നത് വിഎസിന്റെ വാക്കുകളായിരുന്നു. പ്രത്യേകിച്ചും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍. സിപിഎം വിരുദ്ധ നിലപാടെടുത്ത എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ ആക്രമണം തുടങ്ങി വച്ചത് വിഎസായിരുന്നു. പിണറായി അടക്കമുള്ള നേതാക്കള്‍ ബിഡിജെഎസ് രൂപീകരണത്തില്‍ മൗനം പാലിച്ചപ്പോള്‍ പൊതുയോഗങ്ങളില്‍ വെള്ളാപ്പള്ളിക്കെതിരേ വിഎസ് ആഞ്ഞടിച്ചു. പിന്നീട് സിപിഎമ്മും ഇടതുമുന്നണിയും ഇത് ഏറ്റെടുക്കുകയും തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്‌തെന്ന വിലയിരുത്തലുണ്ടാകുകയും ചെയ്തു.

സമാനമായ നിലപാട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരോടും വിഎസ് സ്വീകരിക്കുമോയെന്നാണ് അറിയേണ്ടത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ സര്‍ക്കാര്‍ വിരുദ്ധ നിലപാടുകളിലും യുഡിഎഫിനുള്ള പരസ്യ പിന്തുണയിലും സിപിഎം നേതൃത്വത്തിന് ശക്തമായ എതിര്‍പ്പുണ്ട്. എന്നാല്‍ അതിനെതിരേ ശക്തമായ നിലപാടെടുക്കാന്‍ സിപിഎം നേതൃത്വം തയാറായിട്ടില്ല. തെരഞ്ഞടുപ്പ് കഴിയുംവരെയെങ്കിലും എന്‍എസ്എസിനെ കൂടുതല്‍ പ്രകോപിപ്പിക്കാന്‍ നേതാക്കള്‍ തയാറാകുകയുമില്ല. വിഎസ് ഇതിനു വിരുദ്ധമായ നിലപാട് സ്വീകരിക്കുമോയെന്നാണ് ഇനിയറിയേണ്ടത്.
First published: October 17, 2019, 6:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading