• HOME
  • »
  • NEWS
  • »
  • kerala
  • »
  • VS JOY TO HEAD CONGRESS IN MALAPPURAM THEYOUNGEST CONGRESS PRESIDENT NJ TV

മലപ്പുറത്ത് കോൺഗ്രസ് തലപ്പത്ത് വി.എസ് ജോയ്; മാറിയത് ഗ്രൂപ്പ് സമവാക്യങ്ങൾ

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ കോൺഗ്രസ് ജില്ലാ അധ്യക്ഷൻ

വിഎസ് ജോയ്

വിഎസ് ജോയ്

  • Share this:
മലപ്പുറം: ജില്ലയിലെ ഗ്രൂപ്പ് സമവാക്യങ്ങൾ എല്ലാം തിരുത്തിയാണ് വി എസ് ജോയ് ഡി സി സി പ്രസിഡന്റായത്. ആര്യാടൻ വിഭാഗക്കാർക്ക് ഏറ്റ തിരിച്ചടി കൂടിയാണ് വി എസ് ജോയിയുടെ നിയമനം. ഡി സി സി അധ്യക്ഷൻ കൂടിയായ വി വി പ്രകാശിന്റെ മരണം പാർട്ടിയെ മറ്റൊരു പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്.

വി വി പ്രകാശിന്റെ അപ്രതീക്ഷിത വിയോഗം മറികടക്കാൻ ജില്ലയിലെ ആര്യാടൻ വിരുദ്ധ വിഭാഗം വി എസ് ജോയിയെ ഉയർത്തി കൊണ്ടുവരികയായിരുന്നു . വിഎസ് ജോയിക്ക് ഒപ്പം നിന്നത് മുൻപ് വി വി പ്രകാശിന്റെ കൂടെ ഉണ്ടായിരുന്നവരാണ്. ഐ ഗ്രൂപ്പ് നേതാക്കളായ പി ടി  അജയ്മോഹൻ,  റഷീദ്പറമ്പൻ , ഇഫ്തിഖാറുദീൻ തുടങ്ങി രമേശ് ചെന്നിത്തലയ്ക്ക് ഒപ്പം നിൽക്കുന്ന ഒരു വിഭാഗം  ആര്യാടൻ ഷൗക്കത്തിനെ ആയിരുന്നു പിന്തുണച്ചത്. മറുവശത്ത് എ പി അനിൽകുമാറും, എ എം രോഹിതും അടങ്ങുന്ന കെസി വേണുഗോപാൽ പക്ഷം വി എസ് ജോയിക്ക് ഒപ്പവും.

മുൻ ഡി സി സി അധ്യക്ഷനായ  ഇ മുഹമ്മദ് കുഞ്ഞിയും  വി വി പ്രകാശിന്റെ വിശ്വസ്ഥർ ആയിരുന്ന എ ഗ്രൂപ്പിലെ ഭൂരിപക്ഷം പേരും വി എസ് ജോയിക്കൊപ്പം നിന്നു. അതേസമയം എ ഗ്രൂപ്പിലെ മുതിർന്ന നേതാക്കളായ വീക്ഷണം മുഹമ്മദ് അടക്കമുള്ള ഒരു വിഭാഗം ആര്യാടൻ ഷൗക്കത്തിന് വേണ്ടിയും നിലകൊണ്ടു. ജില്ലയിലെ സാമുദായിക സാഹചര്യങ്ങൾ കൂടി പരിഗണിച്ച്  ആര്യാടൻ ഷൗക്കത്തിനെ  പരിഗണിക്കണം എന്നുവരെ ഒരു വിഭാഗം നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

എ.പി.  അനിൽ കുമാറിനെതിരെ പോസ്റ്റർ ഉയർന്നതോടെയാണ് ഗ്രൂപ്പ് തർക്കം പരസ്യമായത്. യുവാവ് എന്ന പരിഗണന, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ആയുള്ള പ്രവർത്തന പരിചയം തുടങ്ങിയവയെല്ലാമാണ് ജോയിക്ക് അനുകൂല ഘടകങ്ങളായത്. ഇതിനെല്ലാം പുറമെ കെസി വേണുഗോപാൽ, ഉമ്മൻചാണ്ടി എന്നിവരുടെ ശക്തമായ പിന്തുണയും ആര്യാടൻ ഷൗക്കത്തിന് പകരം  ജോയിയെ തെരഞ്ഞെടുക്കാൻ കാരണമായി.

അതേസമയം ആര്യാടൻ ഷൗക്കത്തിനെ  കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കും എന്ന പ്രതീക്ഷയിൽ ആണ് അദ്ദേഹത്തെ പിന്തുണക്കുന്നവർ.

Also Read-ഡിസിസി പുനസംഘടന: പ്രതിഷേധം പരസ്യമാക്കി ഉമ്മൻചാണ്ടി; അച്ചടക്ക നടപടിയിലും ജനാധിപത്യമില്ല

വി എസ് ജോയിക്ക് മുന്നിലുള്ള വെല്ലുവിളികൾ ഏറെ ആണ്. ജില്ലയിൽ കോൺഗ്രസ് മൽസരിക്കുന്ന നാലിൽ മൂന്ന് അസംബ്ലി സീറ്റിലും നിലവിൽ കഴിഞ്ഞ രണ്ട് പ്രാവശ്യവും ജയിക്കാൻ ആയിട്ടില്ല. ജില്ലയിൽ വ്യക്തമായ മേധാവിത്വം ഉള്ള മുസ്ലിം ലീഗുമായി  തർക്കങ്ങൾ കൂടാതെ മുന്നോട്ടുപോകണം. സമവായങ്ങളിലൂടെയും  സൗഹൃദ അന്തരീക്ഷം തകർക്കാതെയും ഇത് എങ്ങനെ ചെയ്യാമെന്ന് വി വി പ്രകാശ് കാണിച്ച് കൊടുത്തതാണ്.

ആര്യാടൻ ഷൗക്കത്തിനെയും വി വി പ്രകാശിനെയും റോൾ മോഡൽ ആയി കണ്ട് രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന ജോയിക്ക് ഇവരുടെ ആക്രമണ - പ്രതിരോധ ശൈലികൾ ഒരേപോലെ പ്രായോഗിക തലത്തിൽ കൊണ്ടുവരേണ്ടിവരും.

നിലമ്പൂരിനടുത്ത് പോത്തുകല്ല് പഞ്ചായത്തിലെ വെള്ളിമുറ്റത്തെ വി.എ. സേവ്യറിന്റേയും മറിയാമ്മ സേവ്യറിന്റേയും മകനായി 1985 നവംബര്‍ 23-നാണ് ജോയിയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കോഴിക്കോട് ഗവ. ലോ കോളേജില്‍ നിന്നാണ് നിയമബിരുദമെടുത്തത്.

2002-ല്‍ കോഴിക്കോട് ഗവ. ലോ കോളേജില്‍ കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റായിരുന്നു. 2004-ല്‍ കെ.എസ്.യു. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയും 2005-ല്‍ ജില്ലാ വൈസ് പ്രസിഡന്റുമായി. 2009-ല്‍ കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും 2012-ല്‍ സംസ്ഥാന പ്രസിഡന്റുമായി. 2015-ലാണ് കെ.പി.സി.സി. അംഗമായി ആദ്യം തിരഞ്ഞെടുത്തത്.

2016-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മലമ്പുഴ നിന്ന് യു.ഡി.എഫിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച് തോറ്റു. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനായിരുന്നു എതിരാളി. 2019-ല്‍ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിലെ കെ.പി.സി.സി. സംസ്ഥാന കാമ്പയിന്‍ കമ്മിറ്റിയുടെ കണ്‍വീനറായും പ്രവര്‍ത്തിച്ചു.

കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരിക്കെയാണ് കൊല്ലത്തും കോട്ടയത്തും വെച്ച് നടന്ന കെ.എസ്.യു.വിന്റെ രണ്ട് സംസ്ഥാന സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പാലക്കാട് നെഹ്‌റു കോളേജിലെ ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയെ തുടര്‍ന്ന് വലിയ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതും വി.എസ്. ജോയി ആയിരുന്നു.
Published by:Naseeba TC
First published:
)}