തിരുവനന്തപുരം: നീണ്ട അനിശ്ചിതത്വത്തിനോടുവിൽ കെ എസ് യു സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചെങ്കിലും പുതിയ പട്ടികയിലും കോൺഗ്രസിൽ തർക്കം മുറുകുകയാണ്. വിടി ബൽറാമും കെ ജയന്തും കെഎസ്‌യുവിന്റെ ചുമതല ഒഴിഞ്ഞു. മാനദണ്ഡങ്ങൾ ലംഘിച്ചതിൽ പ്രതിഷേധിച്ചാണ് തീരുമാനം. ജംബോ കമ്മിറ്റി വേണ്ട, വിവാഹിതർ നേതൃനിരയിൽ നിന്ന് മാറണം തുടങ്ങിയ മാനദണ്ഡങ്ങളായിരുന്നു കെ എസ് യു ചുമതലയുണ്ടായിരുന്ന വി ടി ബൽറാമും കെ ജയന്തും മുന്നോട്ട് വച്ചത്.
എന്നാൽ പട്ടിക വന്നപ്പോൾ എല്ലാം പൊളിഞ്ഞു. ജംബോ കമ്മിറ്റിയിൽ വിവാഹിതരും ഇടം പിടിച്ചു. ഇതോടെയാണ് കെ എസ് യു ചുമതല ഒഴിയാനുള്ള ഇരുവരുടെയും തീരുമാനം. ഇക്കാര്യം കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ഇരുവരും അറിയിച്ചു. പട്ടികയിൽ കെ സി വേണുഗോപാൽ, വി ഡി സതീശൻ അനുകൂലികൾക്കാണ് പ്രാമുഖ്യം. പതിവില്ലാത്ത സീനിയർ വൈസ് പ്രസിഡന്റ പദവി കൊണ്ടുവന്നത് ചില നേതാക്കളുടെ നോമിനിമാരെ ഉൾപ്പെടുത്താൻ വേണ്ടിയാണെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്.
മുൻപ് ജില്ലാ പ്രസിഡന്റ്മാരായിരുന്നവരെ സർവകലാശാല ചുമതലയിലേക്ക് തരം താഴ്ത്തിയെന്നും വിമർശനമുണ്ട്. വി ഡി സതീശനും, കെ സി വേണുഗോപാലും മേൽക്കൈ നേടിയ പട്ടികയ്ക്ക് എതിരെ സുധാകരൻ ഹൈകമന്റിനെ അതൃപ്തി അറിയിച്ചതായാണ് വിവരം. കെ എസ് യു മാത്രമല്ല മഹിളാ കോൺഗ്രസ് പുനഃസംഘടനയിലും തന്റെ അധ്യക്ഷന്റെ നോമിനികളെ അവഗണിച്ചുവെന്നാണ് സുധാകരന്റെ പരാതി.
Also Read- ‘പാഠപുസ്തകം തിരുത്തുന്നത് വിഭജന രാഷ്ട്രീയം ഒളിച്ചു കടത്താൻ’; മന്ത്രി മുഹമ്മദ് റിയാസ്
സംഘടനാ തിരഞ്ഞെടുപ്പിന് പകരം നാമനിര്‍ദേശത്തിലൂടെ ഭാരവാഹികളെ തിരഞ്ഞെടുത്തതാണ് പ്രശ്നങ്ങളുടെ കാരണമായി ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. 30 ജനറൽ സെക്രട്ടറിമാർ, 21 സ്റ്റേറ്റ് കൺവീനർമാർ, 43 എക്സിക്യൂട്ടീവ് അംഗങ്ങളും ഉൾപ്പെടുന്നതാണ് പുതിയ സംസ്ഥാന കമ്മിറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.