• HOME
  • »
  • NEWS
  • »
  • kerala
  • »
  • V.T. Balram | അധ്യാപകനായി വി.ടി. ബൽറാം; പ്ലസ് വൺ സീറ്റ് പ്രശ്നത്തിൽ മലപ്പുറത്ത് കോൺഗ്രസിന്റെ 'തെരുവു പഠന' പ്രതിഷേധം

V.T. Balram | അധ്യാപകനായി വി.ടി. ബൽറാം; പ്ലസ് വൺ സീറ്റ് പ്രശ്നത്തിൽ മലപ്പുറത്ത് കോൺഗ്രസിന്റെ 'തെരുവു പഠന' പ്രതിഷേധം

മലപ്പുറത്ത് 21,000ത്തിലധികം കുട്ടികൾക്ക് ഉപരിപഠനതിന് അവസരം കിട്ടില്ലെന്ന് ബൽറാം കണക്കുകൾ ബോർഡിൽ എഴുതി വിശദമാക്കി

പ്രതിഷേധവേദിയിൽ നിന്നും

പ്രതിഷേധവേദിയിൽ നിന്നും

  • Last Updated :
  • Share this:
മലപ്പുറത്ത് പ്ലസ് വൺ സീറ്റ് (Plus one seat) കുറഞ്ഞതിനെതിരെ പാതയോരത്ത് ക്ലാസ് സംഘടിപ്പിച്ച് കോൺഗ്രസിൻ്റെ വ്യത്യസ്ത പ്രതിഷേധം. അധ്യാപകനായി എത്തിയ കെ.പി.സി.സി. വൈസ് പ്രസിഡൻ്റ്   വി.ടി. ബൽറാം (V.T. Balram) പ്ലസ് വൺ സീറ്റുകളുടെയും കുറവും അധിക ബാച്ചുകളുടെ ആവശ്യവും എണ്ണം നിരത്തി ക്ലാസിന് വിശദീകരിച്ചു. മലപ്പുറം സിവിൽ സ്റ്റേഷന് മുൻപിലെ റോഡരികിലായിരുന്നു ക്ലാസ് റൂം. ബ്ലാക്ക് ബോർഡിൽ നീതി എന്നെഴുതി ക്ലാസ് എടുക്കാൻ തുടങ്ങിയ വി.ടി. ബൽറാം സംസ്ഥാനത്ത് പത്താം തരത്തിന് ശേഷമുള്ള ഉപരിപഠന സീറ്റുകളുടെ കുറവ് കണക്ക് നിരത്തി വിശദീകരിച്ചു.

തെക്കൻ മേഖലകളെ അപേക്ഷിച്ച് പ്ലസ് വൺ സീറ്റുകളുടെ കുറവ് മലബാർ മേഖലയിലാണെന്നും, പ്രത്യേകിച്ച് മലപ്പുറം ജില്ലയിൽ ആണെന്നും ബൽറാം. മലപ്പുറത്ത് 21,000ത്തിലധികം കുട്ടികൾക്ക് ഉപരിപഠനതിന് അവസരം കിട്ടില്ലെന്ന് ബൽറാം കണക്കുകൾ ബോർഡിൽ എഴുതി വിശദമാക്കി.

"തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് തെക്കൻ ജില്ലകളിലും ഇത്തവണ എസ്എസ്എൽസി പാസായ കുട്ടികളുടെ എണ്ണത്തേക്കാൾ കൂടുതൽ ഹയർ സെക്കണ്ടറി, വിഎച്ച്എസ്ഇ, ഐടിഐ, പോളി ടെക്നിക് സീറ്റുകൾ നിലവിലുണ്ട്. എന്നാൽ തൃശൂർ മുതൽ കാസർഗോട് വരെയുള്ള ഏഴ് വടക്കൻ ജില്ലകളിലും ഉപരിപഠനത്തിനുള്ള സീറ്റുകളുടെ എണ്ണം പത്താം ക്ലാസ് വിജയികളുടെ എണ്ണത്തേക്കാൾ കുറവാണ്. മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഇത് ഏറ്റവും ഗുരുതരമായിരിക്കുന്നത്. മലപ്പുറം ജില്ലയിൽ മാത്രം മുപ്പതിനായിരത്തോളം സീറ്റിന്റെ കുറവാണുള്ളതെന്ന് സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ തന്നെ വ്യക്തമാക്കുന്നു."

സീറ്റുകളുടെ എണ്ണത്തിൽ വർദ്ധനവ് വരുത്തിയത് കൊണ്ട് മാത്രം പ്രശ്നം പരിഹരിക്കപ്പെടില്ല. സീറ്റ് കൂടിയാൽ 50 വിദ്യാർത്ഥികൾ മാത്രം ഇരുന്നു പഠിക്കേണ്ടിടത്ത് 60-ും, 65-ും കുട്ടികൾ പഠിക്കേണ്ടി വരും. അധിക ബാച്ച് അനുവദിക്കുകയാണ് വേണ്ടതെന്നും ബൽറാം പറഞ്ഞു. വ്യത്യസ്തമായ പ്രതിഷേധത്തെ പറ്റി ബൽറാം ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു.

"ഇത്തവണയും താൽക്കാലിക പരിഹാരങ്ങൾ നിർദ്ദേശിച്ച് സർക്കാർ കൈ കഴുകുകയാണ്. സീറ്റുകളുടെ എണ്ണം 30 ശതമാനത്തോളം വർദ്ധിപ്പിക്കാനാണ് സർക്കാർ നീക്കം. എന്നാൽ ഒരു ക്ലാസിൽ 50 വിദ്യാർത്ഥികൾ മാത്രം ഇരുന്നു പഠിക്കേണ്ടിടത്ത് 60-ും, 65-ും കുട്ടികളെ ഇരുത്തുക എന്നതാണിതിന്റെ ദുരവസ്ഥ. അതുകൊണ്ടു തന്നെ അധിക ശതമാനം സീറ്റുകളല്ല, അധിക ബാച്ചുകൾ തന്നെ മലബാർ ജില്ലകളിൽ അനുവദിച്ചാൽ മാത്രമേ പ്രശ്നത്തിന് യഥാർത്ഥ പരിഹാരമാവുകയുള്ളൂ. ഇങ്ങനെ അധിക ബാച്ചുകൾ അനുവദിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും അതിന്മേൽ ആവശ്യമായ നടപടി വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്നില്ല. 600ഓളം പുതിയ ബാച്ചുകൾ മലപ്പുറം ജില്ലയിൽ മാത്രം അനുവദിക്കേണ്ടിടത്ത് ഏതാണ്ട് 30 ബാച്ചുകളാണ് അനുവദിക്കുമെന്ന് പ്രഖ്യാപനമുള്ളത്. കടലിൽ കായം കലക്കുന്ന തരത്തിലുള്ള പരിഹാരം മാത്രമാവും ഇത്."



ഡി.സി.സി. പ്രസിഡണ്ട് വി.എസ്. ജോയിയുടെ നേതൃത്വത്തിലാണ് സമര പരിപാടി സംഘടിപ്പിക്കപ്പെട്ടത്. കെ.പി.സി.സി. ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല, മുതിർന്ന നേതാക്കളായ മുഹമ്മദ് കുഞ്ഞി മാസ്റ്റർ, വി.എ. കരീം, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഷാജി പാച്ചേരി തുടങ്ങി നിരവധി പേർ 'തെരുവ് പഠന' ക്ലാസിന്റെ ഭാഗമായി.
Published by:user_57
First published: