നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്ത്രീശാക്തീകരണവും ലിംഗസമത്വവും ശബരിമലയിൽ മാത്രമല്ല വേണ്ടത്; പത്തിന നിർദ്ദേശവുമായി വി.ടി ബൽറാം MLA

  സ്ത്രീശാക്തീകരണവും ലിംഗസമത്വവും ശബരിമലയിൽ മാത്രമല്ല വേണ്ടത്; പത്തിന നിർദ്ദേശവുമായി വി.ടി ബൽറാം MLA

  എല്ലാ മാസവും സ്ത്രീ ജീവനക്കാർക്ക് ആർത്തവ അവധി നൽകുന്ന പതിവ് പല രാജ്യങ്ങളിലുമുണ്ട്. നമ്മുടെ നാട്ടിലും ഇതേക്കുറിച്ച് ആലോചിക്കാവുന്നതാണ്.

  • News18
  • Last Updated :
  • Share this:
   സ്ത്രീശാക്തീകരണവും ലിംഗസമത്വവും കേരളീയ മതേതര സമൂഹത്തിൽ എത്രത്തോളം മുമ്പോട്ടു കൊണ്ടുപോകാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടെന്ന് വി.ടി ബൽറാം എം.എൽ.എ. ശബരിമലയിൽ ഇന്നത്തെ സുപ്രീംകോടതി വിധി വന്ന പശ്ചാത്തലത്തിലായിരുന്നു വി.ടി ബൽറാം എം എൽ എ ഫേസ്ബുക്കിൽ ഇങ്ങനെ ചോദിച്ചത്. ശബരിമലയിൽ നിയമപരമായ പുനഃപരിശോധനകൾക്കുള്ള വാതിൽ അടഞ്ഞിട്ടില്ല എന്നതാണ് സുപ്രീം കോടതിയുടെ ഇന്നത്തെ വിധിയുടെ ആകത്തുകയെന്നും കഴിഞ്ഞവർഷം ഇത്തരമൊരു പുന:പരിശോധനാ സാധ്യത സർക്കാർ തലത്തിൽത്തന്നെ ആരാഞ്ഞിരുന്നുവെങ്കിൽ ഒരുപാടാളുകളെ വേദനിപ്പിക്കാതെ നോക്കാമായിരുന്നെന്നും വി.ടി ബൽറാം പറഞ്ഞു.

   മതേതര ഇടങ്ങളിലായിരിക്കണം ആദ്യം മാറ്റങ്ങൾ വരേണ്ടതെന്നും മതങ്ങൾ പിന്നാലെ വന്നുകൊള്ളുമെന്നും ബൽറാം പറഞ്ഞു. കേരളീയ സമൂഹത്തിലെ മതേതര ഇടങ്ങളിൽ ലിംഗസമത്വത്തിലും സ്ത്രീ ശാക്തീകരണത്തിലുമൂന്നിയ നടപടികൾ എത്രത്തോളം മുന്നോട്ടു കൊണ്ടുപോകാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് എന്നതാണ് ഈ ഘട്ടത്തിൽ സത്യസന്ധമായ ആത്മപരിശോധനക്ക് വിധേയമാക്കേണ്ടത്. രാഷ്ട്രീയ പാർട്ടികളും ഔദ്യോഗിക സംവിധാനങ്ങളുമൊക്കെ ഇതിൽ മുൻകൈ എടുക്കണമെന്ന് പറഞ്ഞ വി.ടി ബൽറാം അതിനായി ചില നിർദ്ദേശങ്ങൾ മുന്നോട്ടു വെയ്ക്കുകയും ചെയ്തു.

   വി.ടി ബൽറാം എം എൽ എയുടെ ഫേസ്ബുക്ക് പോസ്റ്റ്,

   ശബരിമലയിൽ നിയമപരമായ പുനഃപരിശോധനകൾക്കുള്ള വാതിൽ അടഞ്ഞിട്ടില്ല എന്നതാണ് സുപ്രീം കോടതിയുടെ ഇന്നത്തെ വിധിയുടെ ആകത്തുക. കഴിഞ്ഞ വർഷം ഇത്തരമൊരു പുന:പരിശോധനാ സാധ്യത സർക്കാർ തലത്തിൽത്തന്നെ ആരാഞ്ഞിരുന്നുവെങ്കിൽ ഒരുപാടാളുകളെ വേദനിപ്പിക്കാതെ നോക്കാമായിരുന്നു. ആ നിലക്കുള്ള വലിയ കലഹങ്ങളും വൈകാരിക പ്രതികരണങ്ങളും ഒഴിവാക്കാനാകുമായിരുന്നു. ഏകപക്ഷീയവും തിരക്ക് പിടിച്ചതുമായ നടപടികൾ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. നേരത്തെയുള്ള വിധി സ്റ്റേ ചെയ്യപ്പെടാത്ത സാഹചര്യത്തിൽ കഴിഞ്ഞ വർഷത്തേത് പോലെ ക്ഷേത്രപ്രവേശനമാഗ്രഹിക്കുന്ന യുവതികൾക്ക് പോലീസ് സംരക്ഷണം നൽകാൻ മുൻകൈയ്യെടുക്കുമോ എന്ന് സർക്കാരാണ് വ്യക്തമാക്കേണ്ടത്.   ജൻഡർ ഈക്വാളിറ്റി അടക്കമുള്ള ആധുനിക ജനാധിപത്യ സങ്കൽപ്പങ്ങൾ മതേതര ഇടങ്ങളിൽപ്പോലും പരിമിതമായി മാത്രം പ്രയോഗവൽക്കരിക്കപ്പെടുന്ന ഒരു സമൂഹത്തിൽ വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും കാര്യത്തിൽ ഒറ്റയടിക്ക് അവ അടിച്ചേൽപ്പിക്കപ്പെടുന്നത് ഉൾക്കൊള്ളാൻ മഹാഭൂരിപക്ഷത്തിനും സാധിക്കുകയില്ല എന്നത് സാമാന്യബുദ്ധിയിൽത്തന്നെ മനസ്സിലാക്കാവുന്നതാണ്. പുരോഗമനാശയങ്ങൾ പ്രോആക്റ്റീവ് ആയി കൈനീട്ടി സ്വീകരിക്കുന്ന ഒരു പതിവ് മതങ്ങൾക്കോ സാമൂഹികാചാരങ്ങൾക്കോ ഇല്ല. സമൂഹത്തിലെ ബാക്കിയെല്ലായിടത്തും മാറ്റങ്ങൾ വരുമ്പോൾ പിടിച്ചുനിൽക്കാൻ നിവൃത്തിയില്ലാത്ത ഘട്ടങ്ങളിലാണ് മതങ്ങളും വിശ്വാസങ്ങളും പതിയെപ്പതിയെ മാറ്റങ്ങൾക്ക് തയ്യാറാവുകയുള്ളൂ. ഇതിൽ ഒട്ടും അത്ഭുതപ്പെടേണ്ടതില്ല, ചരിത്രത്തിലെമ്പാടും അടിസ്ഥാനപരമായ മാറ്റങ്ങൾ യാഥാർത്ഥ്യമാവാൻ അതിന്റേതായ സമയമെടുത്തിട്ടുണ്ട്. ഇത് മനസ്സിലാക്കാനും സമന്വയാത്മക സമീപനങ്ങൾ രൂപപ്പെടുത്താനും ഒരു ജനാധിപത്യ സമൂഹത്തിലെ ഭരണാധികാരികൾക്കും ഉത്തരവാദിത്തമുണ്ട്.

   ഹർജികൾ വിശാല ബെഞ്ചിലേക്ക്; 'യുവതീപ്രവേശനം' തുടരുമോ എന്ന കാര്യത്തിൽ അവ്യക്തത


   ആർത്തവവുമായി ബന്ധപ്പെട്ട അശുദ്ധി സങ്കൽപ്പങ്ങൾക്ക് പിന്നിൽ യുക്തിയോ നീതിയോ അശേഷമില്ലെങ്കിലും പല സമൂഹങ്ങളിലും പല അളവുകളിൽ കാലങ്ങളായി അവ നിലനിൽക്കുന്നുണ്ടെന്നത് ഒരു യാഥാർത്ഥ്യമാണ്. സ്ത്രീകളുടെ സാമൂഹിക, സാംസ്ക്കാരിക, സാമ്പത്തിക, അധികാര പങ്കാളിത്തത്തിന്റെ കാര്യത്തിലും ഏറ്റക്കുറച്ചിലുകൾ നിലനിൽക്കുന്നുണ്ട്. ഇവ പരിഹരിക്കുന്നതിനാണ് ഒരു ആധുനിക സമൂഹം മുൻഗണന നൽകേണ്ടത്. ഇവിടെയും, മതേതര ഇടങ്ങളിലായിരിക്കണം ആദ്യം മാറ്റങ്ങൾ വരേണ്ടത്, മതങ്ങൾ പിന്നാലെ വന്നുകൊള്ളും. കേരളീയ സമൂഹത്തിലെ മതേതര ഇടങ്ങളിൽ ലിംഗസമത്വത്തിലും സ്ത്രീ ശാക്തീകരണത്തിലുമൂന്നിയ നടപടികൾ എത്രത്തോളം മുന്നോട്ടു കൊണ്ടുപോകാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് എന്നതാണ് ഈ ഘട്ടത്തിൽ സത്യസന്ധമായ ആത്മപരിശോധനക്ക് വിധേയമാക്കേണ്ടത്. രാഷ്ട്രീയ പാർട്ടികളും ഔദ്യോഗിക സംവിധാനങ്ങളുമൊക്കെ ഇതിൽ മുൻകൈ എടുക്കണം. ചില നിർദ്ദേശങ്ങൾ മുന്നോട്ടുവക്കുന്നു:

   അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ മുന്നണികളും 25 ശതമാനമെങ്കിലും സ്ത്രീ സ്ഥാനാർത്ഥികളെ അവതരിപ്പിക്കുക. വനിതാ സംവരണ നിയമം നിയമസഭയിലേക്കും പാർലമെന്റിലേക്കും വ്യാപിപ്പിക്കുക.

   ഗവൺമെന്റ് ഡയറി പരിശോധിച്ചപ്പോൾ കണ്ടത് ഇന്നത്തെ മന്ത്രിമാരുടെ പ്രധാന പേഴ്സണൽ സ്റ്റാഫിൽ സ്ത്രീ പ്രാതിനിധ്യം ഏതാണ്ട് ശൂന്യമാണ്. വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽപ്പോലും പ്രധാന തസ്തികകളിൽ സ്ത്രീകളില്ല. ഇതിന് പരിഹാരമുണ്ടാകണം.

   പോലീസ് അടക്കം അധികാരം കൈകാര്യം ചെയ്യുന്ന, ജനങ്ങളോട് നേരിട്ട് ബന്ധപ്പെടുന്ന പ്രധാന സർക്കാർ സംവിധാനങ്ങളിൽ ഇരുപത് ശതമാനമെങ്കിലും വനിതകൾ ഉണ്ടെന്ന് ഉറപ്പു വരുത്തണം. നിലവിലിത് പത്ത് ശതമാനത്തിൽ താഴെയാണ്. ട്രാൻസ്ജെൻഡർ പ്രാതിനിധ്യവും പോലീസിലുണ്ടാവണം.

   എല്ലാ മാസവും സ്ത്രീ ജീവനക്കാർക്ക് ആർത്തവ അവധി നൽകുന്ന പതിവ് പല രാജ്യങ്ങളിലുമുണ്ട്. നമ്മുടെ നാട്ടിലും ഇതേക്കുറിച്ച് ആലോചിക്കാവുന്നതാണ്.

   കോർപ്പറേറ്റ് രംഗത്തും സംരംഭകർക്കിടയിലും കൂടുതൽ വനിതകൾ കടന്നുവരുന്നതിനനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കണം.

   പി എസ് സി പരീക്ഷകളിൽ സ്ത്രീകൾക്ക് വെയ്റ്റേജ് മാർക്കും പ്രായപരിധി ഇളവും നൽകണം.

   സമൂഹത്തിലെ ജൻഡർ റോളുകളെ ദൃഢീകരിക്കുന്ന തരത്തിൽ ശുചീകരണത്തൊഴിലാളികൾ, പാചകത്തൊഴിലാളികൾ, അംഗൻവാടി ജീവനക്കാർ എന്നിവർക്കിടയിൽ സ്ത്രീകൾക്കുള്ള അമിത പ്രാതിനിധ്യം റിവേഴ്സ് ചെയ്യുന്നതും പരിശോധിക്കാവുന്നതാണ്.

   സിംഗിൾ പേരന്റായി ജീവിക്കുന്ന അമ്മമാർക്ക് പ്രത്യേക സാമ്പത്തിക, സാമൂഹിക സുരക്ഷാ സഹായങ്ങൾ ഉറപ്പു വരുത്തണം.

   ഗാർഹിക പീഡനങ്ങൾക്കെതിരെ സ്ത്രീകൾക്ക് കൂടുതൽ നിയമസഹായങ്ങൾ നൽകണം.

   വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും മറ്റും വിപുലമായ പ്രചരണങ്ങളിലൂടെ ഒരു പുതിയ ജൻഡർ അവബോധം ഉയർത്തിക്കൊണ്ടുവരിക.

   ഇനിയുമൊരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. സർക്കാർ മുൻകൈയിൽ ഏറ്റെടുക്കാവുന്ന, പ്രായോഗികമായി നടപ്പാവുന്ന ചില കാര്യങ്ങളാണ് ഇവിടെ സൂചിപ്പിച്ചത്, വ്യക്തികളും കുടുംബങ്ങളും ചെയ്യേണ്ട കാര്യങ്ങൾ വേറെ. ഇത്തരം നടപടികളിലൂടെ സ്ത്രീകൾക്കനുകൂലമായ ഒരു ജെൻഡർ സെൻസിറ്റിവിറ്റി സമൂഹത്തിൽ മൊത്തത്തിൽ രൂപപ്പെടുത്തിയതിന് ശേഷം മാത്രം മതവിശ്വാസങ്ങളുടേയും കാലങ്ങളായുള്ള ആചാരങ്ങളുടേയും മേഖലകളിലേക്ക് കടക്കുന്നതാണ് അഭികാമ്യം.
   First published: