കൊച്ചി: കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ പേരിൽ നടത്തിയ കരുണ പരിപാടിയിലെ വിവാദം തുടരുകയാണ്. സംഗീത നിശ കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകാത്തതാണ് വിവാദമായത്. സംഘാടകരെയും പരിപാടിയെയും വിമർശിച്ചുകൊണ്ട് വിടി ബൽറാം എംഎൽഎയും രംഗത്തെത്തി.
പ്രഥമദൃഷ്ട്യാ തന്നെ ഏവർക്കും സംശയം തോന്നുന്ന സാമ്പത്തികത്തട്ടിപ്പാണ് "കരുണ" പരിപാടിയെന്നും വച്ചു താമസിപ്പിക്കാതെ സർക്കാർ ഇക്കാര്യത്തിൽ ഗൗരവതരമായ അന്വേഷണം ഉടൻ പ്രഖ്യാപിക്കണമെന്നും ബൽറാം ആവശ്യപ്പെട്ടു. ഇക്കാര്യത്തിലെ നെല്ലും പതിരും വേർതിരിച്ചറിയാൻ കഴിയണമെന്നും സദുദ്ദേശ്യത്തോട് കൂടി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹകരിക്കാൻ താത്പര്യമുള്ളവരെ ഈ സംഭവം പുറകോട്ടടിപ്പിക്കുമെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പ്രഥമദൃഷ്ട്യാ തന്നെ ഏവർക്കും സംശയം തോന്നുന്ന തരത്തിലുള്ള ഒരു സാമ്പത്തികത്തട്ടിപ്പാണ് കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ പേരിലുള്ള "കരുണ" പരിപാടിയിൽ ഉണ്ടായതായി കാണുന്നത്. കൂടുതൽ വച്ചു താമസിപ്പിക്കാതെ സർക്കാർ ഇക്കാര്യത്തിൽ ഗൗരവതരമായ അന്വേഷണം ഉടൻ പ്രഖ്യാപിക്കണം. പ്രധാനമായും രണ്ട് കാരണങ്ങൾ കൊണ്ടാണ് ഇത് ആവശ്യപ്പെടുന്നത്:
ഒന്ന്) നിരവധി കലാകാരന്മാരും ടെക്നീഷ്യരും ഈ പരിപാടിയുമായി സഹകരിച്ചിട്ടുണ്ട്. അവരിൽപ്പലരും യാതൊരു പ്രതിഫലവും കൈപ്പറ്റാതെയാണ് ഒരു നല്ല കാര്യത്തിനെന്ന പേരിൽ പരിപാടിയോട് സഹകരിച്ചത്. അവരെല്ലാം ജനങ്ങളുടെ മുമ്പിൽ സംശയത്തിന്റെ ദൃഷ്ടിയിൽ നിൽക്കുന്ന സാഹചര്യം എത്രയും പെട്ടെന്ന് ഒഴിവാക്കേണ്ടതാണ്. ഇക്കാര്യത്തിലെ നെല്ലും പതിരും വേർതിരിച്ചറിയാൻ കഴിയണം.
രണ്ട്) 'കരുണ' എന്ന് പേരിട്ട പരിപാടി സംഘടിപ്പിച്ചത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാർത്ഥമാണെന്ന് തന്നെയാണ് ഇപ്പോഴും നിലനിൽക്കുന്ന പൊതുധാരണ. ടിക്കറ്റിന് പുറത്തും സ്റ്റേഡിയം സൗജന്യമായി അനുവദിപ്പിക്കാൻ സംഘാടകർ നൽകിയ കത്തുകളിലുമൊക്കെ അത് കൃത്യമായിത്തന്നെ സൂചിപ്പിക്കുന്നുണ്ട്. പരിപാടി കാണാൻ താത്പര്യമില്ലാത്ത പലരും ചാരിറ്റി എന്ന നിലയിൽ ടിക്കറ്റ് പണം കൊടുത്ത് വാങ്ങിയിട്ടുണ്ട്. ഇങ്ങനെയൊരു പരിപാടിയിൽ സാമ്പത്തികത്തട്ടിപ്പ് നടന്നുവെന്ന് വരുന്നത് ഭാവിയിലും സദുദ്ദേശ്യത്തോട് കൂടി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹകരിക്കാൻ താത്പര്യമുള്ളവരെ പുറകോട്ടടിപ്പിക്കും.
സിപിഎമ്മിന് രാഷ്ട്രീയമായി താത്പര്യമുള്ളവരാണ് ആരോപണ വിധേയർ എന്നത് ഇതുപോലൊരു കേസിൽ കുറ്റക്കാർക്ക് സംരക്ഷണമായി മാറിക്കൂടാ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aashiq Abu, Bijibal, Hibi eden, Mammootty, Rima Kallingal, Sandeep warrier, V t balram, ആഷിഖ് അബു, ബിജിബാൽ, വി ടി ബൽറാം