ഒരു സബ് ഇൻസ്പെക്ടർ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് പുറത്തു വിട്ടത് നിസാരമായി കാണരുത്: വി.ടി.ബൽറാം

പ്രാദേശിക തലത്തിലെ ജൂനിയർ ഉദ്യോഗസ്ഥർ മാത്രമാണ് ഈ പൊലീസ് എസ്ഐമാരെന്ന് ഭരത് ചന്ദ്രൻമാർക്ക് കയ്യടിക്കുന്ന ജനങ്ങൾ കൂടി മനസിലാക്കുന്ന അവസ്ഥയാണ് ജനാധിപത്യം

വി.ടി ബൽറാം

വി.ടി ബൽറാം

 • News18
 • Last Updated :
 • Share this:
  തന്റെ ഔദ്യോഗിക ഫോണിലേക്ക് വന്ന ഒരു രാഷ്ട്രീയ നേതാവിന്റെ കോൾ മനപ്പൂർവം റെക്കോർഡ് ചെയ്ത് പുറത്തു വിടാൻ ഒരു സബ് ഇൻസ്പെക്ടർ തയ്യാറായിട്ടുണ്ടെങ്കിൽ അത് നിസാരമായി കാണേണ്ട കാര്യമല്ലെന്ന് വി.ടി.ബൽറാം എംഎൽഎ. എറണാകുളം കളമശ്ശേരിയിൽ സിപിഎം നേതാവും സ്ഥലം എസ്ഐയും തമ്മിൽ ഫോണിൽ വാക്ക് തര്‍ക്കം നടന്നതിന്റെ ഓഡിയോ വൈറലായ സാഹചര്യത്തിലാണ് കോൺഗ്രസ് നേതാവിന്റെ പ്രതികരണം.

  നിയമവിരുദ്ധമായ ആവശ്യങ്ങളൊന്നും ഉന്നയിക്കപ്പെടാത്ത സ്ഥിതിക്ക് ആ കോൾ റെക്കോഡ് പുറത്തു വിട്ടതിനെതിരെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ബൽറാമിന്റെ വിമർശനം. വിവിധ സർക്കാര്‍ ഡിപ്പാർട്മെന്റുകളിലൊന്നിലെപ്പോലെ പ്രാദേശിക തലത്തിലെ ജൂനിയർ ഉദ്യോഗസ്ഥർ മാത്രമാണ് ഈ പൊലീസ് എസ്ഐമാരെന്ന് ഭരത് ചന്ദ്രൻമാർക്ക് കയ്യടിക്കുന്ന ജനങ്ങൾ കൂടി മനസിലാക്കുന്ന അവസ്ഥയാണ് ജനാധിപത്യം എന്നു പറയുന്നത്. ഇവർക്ക് പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടാകണം എന്നാൽ അതിമാനുഷരാണെന്ന് ധരിച്ച് ആരാധിച്ച് കളയരുതെന്നും ബൽറാം പറയുന്നു.

  Also Read-'ഇവിടെത്തന്നെ ഇരുന്നോളാമെന്ന് ആർക്കും വാക്ക് നൽകിയിട്ടില്ല' സിപിഎം നേതാവിന് എസ്.ഐയുടെ മറുപടി

  കളമശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനും സ്ഥലം എസ്ഐ അമൃത് രംഗനുമായുള്ള ഒരു ഫോണ്‍ സംഭാഷണമാണ് ഇപ്പോൾ ചർച്ചകൾ ഉയർത്തിയിരിക്കുന്നത്. കളമശേരിയിലെ രാഷ്ട്രീയം മനസിലാക്കി ഇടപെടണമെന്ന സക്കീർ ഹുസൈന്‍റെ ആവശ്യത്തിന് ടെസ്റ്റ് എഴുതിക്കിട്ടിയ ജോലിയാണെന്നും ഇവിടെത്തന്നെ ഇരുന്നോളാമെന്ന് ആർക്കും വാക്ക് നൽകിയിട്ടില്ലെന്നുമായിരുന്നു എസ്.ഐയുടെ മറുപടി. സംഭവം സോഷ്യല്‍ മീഡിയെ ഏറ്റെടുത്തതോടെ അനുകൂലിച്ചും പ്രതികൂലിച്ചും വാക്പോര് മുറുകുകയാണ്.

  ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

  ആ ഫോൺ സംഭാഷണം കേട്ടിടത്തോളം അത് റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചത് ഏരിയാ സെക്രട്ടറി ആവാൻ വഴിയില്ല. കാരണം പഞ്ച് ഡയലോഗുകൾക്ക് മുന്നിൽ ചൂളിപ്പോവുന്നത് അയാളാണ്. തന്റെ ഔദ്യോഗിക ഫോണിലേക്ക് വന്ന ഒരു രാഷ്ട്രീയ നേതാവിന്റെ കോൾ, അതും കാര്യമായ നിയമവിരുദ്ധ ആവശ്യങ്ങളൊന്നും ഉന്നയിക്കപ്പെടാത്ത സ്ഥിതിക്ക്, മനപൂർവ്വം റെക്കോർഡ് ചെയ്ത് പുറത്തുവിടാൻ ഒരു സബ് ഇൻസ്പെക്ടർ തയ്യാറായിട്ടുണ്ടെങ്കിൽ അതത്ര നിസ്സാരമായി കാണേണ്ട കാര്യമല്ല.

  വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, സ്കൂൾ ഹെഡ്മാസ്റ്റർ, പിഡബ്ല്യുഡി അസി.എഞ്ചിനീയർ എന്നിവരെയൊക്കെപ്പോലെ നിരവധി സർക്കാർ ഡിപ്പാർട്ട്മെൻറുകളിലൊന്നിലെ പ്രാദേശിക തലത്തിലെ ജൂനിയർ ഉദ്യോഗസ്ഥർ മാത്രമാണ് ഈ പോലീസ് എസ്ഐമാരും എന്ന് ഭരത് ചന്ദ്രന്മാർക്ക് കയ്യടിക്കുന്ന ജനങ്ങളും കൂടി മനസ്സിലാക്കുന്ന അവസ്ഥയെയാണ് ജനാധിപത്യം എന്ന് പറയുന്നത്. അവർക്ക് പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടാവണം. എന്നാൽ അവർ അതിമാനുഷരാണെന്ന് ധരിച്ച് ആരാധിച്ചു കളയരുത്.

  First published:
  )}