• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'ഇരട്ടചങ്കൻ ഇമേജിന്റെ തടവറയിൽ കഴിയാതെ ജനാധിപത്യപരമായി പ്രവർത്തിക്കാൻ കഴിയട്ടെ'; അമിത് ഷായ്ക്ക് മുഖ്യമന്ത്രി കത്തയച്ചതിനെ സ്വാഗതം ചെയ്ത് VT ബൽറാം

'ഇരട്ടചങ്കൻ ഇമേജിന്റെ തടവറയിൽ കഴിയാതെ ജനാധിപത്യപരമായി പ്രവർത്തിക്കാൻ കഴിയട്ടെ'; അമിത് ഷായ്ക്ക് മുഖ്യമന്ത്രി കത്തയച്ചതിനെ സ്വാഗതം ചെയ്ത് VT ബൽറാം

"അമിത് ഷായ്ക്ക് മുൻപിൽ താൻ കൈ നീട്ടണോ" എന്ന ഇന്നലത്തെ അദ്ദേഹത്തിന്റെ ചോദ്യം അപകർഷതയിൽ നിന്നും ദുരഭിമാനത്തിൽ നിന്നുമുയർന്നതാണ്.

balram - pinarayi

balram - pinarayi

 • Share this:


  പന്തീരാങ്കാവ് യുഎപിഎ കേസിന്റെ അന്വേഷണം ഏറ്റെടുത്ത എൻ.ഐ.എ നടപടി ചോദ്യം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ച മുഖ്യമന്ത്രിയുടെ നടപടി സ്വാഗതം ചെയ്ത് വി.ടി ബൽറാം എംഎൽഎ. ഇക്കാര്യം നിയമസഭയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ അതിനോട് നിഷേധാത്മക സമീപനം സ്വീകരിച്ച മുഖ്യമന്ത്രി വൈകിയെങ്കിലും ശരിയായ നിലപാട് സ്വീകരിക്കാൻ തയ്യാറായതിൽ സന്തോഷമുണ്ടെന്നും ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

  "അമിത് ഷായ്ക്ക് മുൻപിൽ താൻ കൈ നീട്ടണോ" എന്ന ഇന്നലത്തെ അദ്ദേഹത്തിന്റെ ചോദ്യം അപകർഷതയിൽ നിന്നും ദുരഭിമാനത്തിൽ നിന്നുമുയർന്നതാണ്. എന്നാൽ അത് തിരിച്ചറിഞ്ഞ് തിരുത്താനും സംസ്ഥാന ഭരണാധികാരി എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്തം നിർവഹിക്കാനും അദ്ദേഹം തയ്യാറായി എന്നത് അഭിനന്ദനം അർഹിക്കുന്നു. അന്തമില്ലാത്ത ആരാധകർ ചാർത്തിത്തരുന്ന ഇരട്ടചങ്കൻ ഇമേജിന്റെ തടവറയിൽ കഴിയാതെ ഇതുപോലത്തെ പ്രതിപക്ഷ വിമർശനങ്ങളുടെ അന്തസ്സത്ത ഉൾക്കൊണ്ട് ജനാധിപത്യപരമായി പ്രവർത്തിക്കാൻ മുഖ്യമന്ത്രിക്ക് തുടർന്നും കഴിയട്ടെ എന്നാശംസിക്കുന്നു.'- ബൽറാം കുറിപ്പിൽ പറയുന്നു.

  കുറിപ്പ് പൂർണരൂപത്തിൽ

  എൻഐഎ ഏറ്റെടുത്ത അലൻ, താഹ എന്നീ വിദ്യാർത്ഥികൾക്കെതിരായ കേസ് കേന്ദ്രത്തിൽ നിന്ന് തിരിച്ചുനൽകാൻ അഭ്യർത്ഥിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ച മുഖ്യമന്ത്രി പിണറായി വിജയൻറെ നീക്കത്തെ സ്വാഗതം ചെയ്യുന്നു. ഇന്നലെ ഇക്കാര്യം നിയമസഭയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ അതിനോട് നിഷേധാത്മക സമീപനം സ്വീകരിച്ച മുഖ്യമന്ത്രി വൈകിയെങ്കിലും ശരിയായ നിലപാട് സ്വീകരിക്കാൻ തയ്യാറായതിൽ സന്തോഷമുണ്ട്. "അമിത് ഷായ്ക്ക് മുൻപിൽ താൻ കൈ നീട്ടണോ" എന്ന ഇന്നലത്തെ അദ്ദേഹത്തിന്റെ ചോദ്യം അപകർഷതയിൽ നിന്നും ദുരഭിമാനത്തിൽ നിന്നുമുയർന്നതാണ്. എന്നാൽ അത് തിരിച്ചറിഞ്ഞ് തിരുത്താനും സംസ്ഥാന ഭരണാധികാരി എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്തം നിർവഹിക്കാനും അദ്ദേഹം തയ്യാറായി എന്നത് അഭിനന്ദനം അർഹിക്കുന്നു. അന്തമില്ലാത്ത ആരാധകർ ചാർത്തിത്തരുന്ന ഇരട്ടചങ്കൻ ഇമേജിന്റെ തടവറയിൽ കഴിയാതെ ഇതുപോലത്തെ പ്രതിപക്ഷ വിമർശനങ്ങളുടെ അന്തസ്സത്ത ഉൾക്കൊണ്ട് ജനാധിപത്യപരമായി പ്രവർത്തിക്കാൻ മുഖ്യമന്ത്രിക്ക് തുടർന്നും കഴിയട്ടെ എന്നാശംസിക്കുന്നു.

  വിദ്യാർത്ഥികൾക്കെതിരെ സംസ്ഥാന പോലീസ് യുഎപിഎ ചുമത്തിയതിനാലും പ്രതികൾ മാവോയിസ്റ്റുകൾ തന്നെയാണെന്ന് സംസ്ഥാന മുഖ്യമന്ത്രി തന്നെ പരസ്യമായി മുദ്രകുത്തിയതിനാലുമാണ് എൻഐഎയ്ക്ക് കടന്നുവരാനുള്ള ഇടമൊരുങ്ങിയത്.

  എന്നാൽ ഇത്ര ഗുരുതരമായ കേസുകൾ ചാർജ് ചെയ്യാൻ മാത്രമുള്ള ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ പ്രതികൾ ഏർപ്പെട്ടിരുന്നോ എന്ന പൊതുസമൂഹത്തിന്റെ ചോദ്യത്തിന് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. ഏതാനും ലഘുലേഖകൾ കണ്ടെടുത്തു എന്നല്ലാതെ പ്രതികളുടെ മാവോയിസ്റ്റ് ബന്ധം സ്ഥാപിക്കുന്ന എന്തെങ്കിലും തെളിവ് പൊലീസിന് ഇതുവരെ ലഭിച്ചതായും സൂചനയില്ല. അത്യാവശ്യം വായനയും സാമൂഹിക ബോധവുമുള്ള ചെറുപ്പക്കാരെ സംബന്ധിച്ച് അത്തരം പുസ്തകങ്ങളും ലഘുലേഖകളും കയ്യിലുണ്ടാവുക എന്നത് ഒരു ജനാധിപത്യ സമൂഹത്തിൽ അത്ര കുറ്റകരമായി കാണേണ്ടതല്ല.

  ചോരത്തിളപ്പ് മൂലം ഏതെങ്കിലും വിധ്വംസകാശയങ്ങളോട് അടുപ്പം തോന്നിയിട്ടുണ്ടെങ്കിൽ തന്നെ അവരുടെ പ്രായത്തെ മാനിച്ച് അവർക്ക് കൗൺസലിംഗും ബോധവൽക്കരണവും ഒക്കെ നൽകി ഉത്തമ പൗരത്വത്തിന്റെ പാതയിലേക്ക് ആ ചെറുപ്പക്കാരെ തിരിച്ചു കൊണ്ടുവരാനാണ് നമ്മുടെ നിയമ സംവിധാനങ്ങൾക്ക് കഴിയേണ്ടത്, അല്ലാതെ ഒറ്റയടിക്ക് അവരെ പിടിച്ച് ജയിലിലടച്ച് നമ്മുടെ വ്യവസ്ഥിതിയിൽ നിന്ന് അവരെ കൂടുതൽ അന്യവൽക്കരിക്കാനല്ല. കുറ്റകൃത്യങ്ങളുടെയും കുറ്റവാളികളുടെയും പുറകിലെ സാമൂഹിക, സാമ്പത്തിക കാരണങ്ങൾ കൂടി മനസ്സിലാക്കി മനഃശാസ്ത്രപരമായി ഇടപെടുന്ന ഒരു ശാസ്ത്രീയ പൊലീസിംഗാണ് ഈ ആധുനിക കാലത്ത് നമ്പർ വൺ കേരളത്തിൽ ഉണ്ടാവേണ്ടത്.


  Published by:Aneesh Anirudhan
  First published: