HOME » NEWS » Kerala » VYAPARI VYAVASAYI EKOPANA SAMITHI CHANGED THEIR STAND IN THE MEETING WITH CM PINARAYI VIJAYAN RV TV

മുഖ്യമന്ത്രിയെ കണ്ടപ്പോൾ മലക്കം മറിഞ്ഞ് വ്യാപാരികൾ; സർക്കാരിനെ വെല്ലുവിളിച്ച് കടകൾ തുറക്കില്ലെന്ന് പ്രതികരണം

മുഖ്യമന്ത്രി പറഞ്ഞാൽ മാത്രം കട തുറക്കുമെന്ന് നിലപാട് തിരുത്തി വ്യാപാരി വ്യവസായി ഏകോപന സമിതി

News18 Malayalam | news18-malayalam
Updated: July 16, 2021, 6:40 PM IST
മുഖ്യമന്ത്രിയെ കണ്ടപ്പോൾ മലക്കം മറിഞ്ഞ് വ്യാപാരികൾ; സർക്കാരിനെ വെല്ലുവിളിച്ച് കടകൾ തുറക്കില്ലെന്ന് പ്രതികരണം
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ടി നസറുദ്ദീൻ അടക്കമുള്ളവർ മാധ്യമങ്ങളോട് സംസാരിക്കുന്നു
  • Share this:
തിരുവനന്തപുരം: എന്തു സംഭവിച്ചാലും ശനിയാഴ്ച കടകൾ തുറക്കുമെന്ന നിലപാടിൽ മലക്കം മറിഞ്ഞ് വ്യാപാരികൾ. സർക്കാരിനെ വെല്ലുവിളിച്ച് ചർച്ചയ്ക്കു പോയ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ മുഖ്യമന്ത്രിയെ കണ്ട ശേഷം പ്രതികരിച്ചപ്പോൾ നേരത്തേ പറഞ്ഞതെല്ലാം വിഴുങ്ങി. സർക്കാരിനെ വെല്ലുവിളിച്ച് കടകൾ തുറക്കില്ലെന്നായി പ്രതികരണം.

ചർച്ചയ്ക്കു ശേഷമുള്ള പ്രതികരണം ഇങ്ങനെ- തീർത്തും  സൗഹൃദപരമായിരുന്നു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച. ഞങ്ങളുടെ പ്രശ്നങ്ങൾ മുഖ്യമന്ത്രി വിശദമായി ചോദിച്ചറിഞ്ഞു. ഞങ്ങൾ പറയാത്ത കാര്യങ്ങൾ കൂടി ഇങ്ങോട്ടു പറഞ്ഞ് അദ്ദേഹം പരിഹാര മാർഗങ്ങൾ നിർദേശിച്ചു. മുഖ്യമന്ത്രിയേയും വ്യാപാരികളെയും തമ്മിൽ തെറ്റിക്കാൻ ചിലർ ശ്രമിച്ചിരുന്നു. അത് തിരിച്ചറിഞ്ഞതിൽ മുഖ്യമന്ത്രി സന്തോഷം അറിയിച്ചു. കടകൾ തുറക്കുന്ന കാര്യത്തിൽ  മുഖ്യമന്ത്രി തന്നെ തീരുമാനം അറിയിക്കും. സർക്കാരിനെ വ്യാപാരികളും വിശ്വാസത്തിലെടുക്കുന്നു. ബക്രീദിന് കടകൾ തുറക്കുമെന്ന ഉറപ്പു മുഖ്യമന്ത്രി നൽകി. ശനിയാഴ്ച കട തുറക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും വ്യാപാരി വ്യവസായികൾ തിരുത്തി പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞാൽ തുറക്കുമെന്നായി പുതിയ നിലപാട്.

ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളില്‍ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ് നൽകാനാണ് തീരുമാനം.  ഈ ദിവസങ്ങളില്‍ എ,ബി, സി വിഭാഗങ്ങളിൽപെടുന്ന മേഖലകളിൽ  അവശ്യവസ്തുക്കള്‍ വിൽക്കുന്ന ( പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി ) കടകൾക്കുപുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നൽകും. രാത്രി എട്ടു മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവുക.

വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ടി. നസറുദ്ദീൻ രാവിലെ പറഞ്ഞത് ഇങ്ങനെ

ഒരു ലോക് ഡൗണും കാര്യമാക്കില്ല.  ചർച്ചയിൽ തീരുമാനം എന്തായാലും കടകൾ തുറക്കും. നാളെയും മറ്റന്നാളും ലോക് ഡൗണും ഇല്ല ഒന്നുമില്ല. ഞങ്ങൾ തുറക്കും. സർക്കാർ എതിർത്താൽ നേരിടും മുഖ്യമന്ത്രി പറഞ്ഞാലും തുറക്കും. വേണ്ടിവന്നാൽ  നിയമം ലംഘിക്കും.  ഗാന്ധിജി പോലും നിയമം ലംഘിച്ചിട്ടുണ്ട്. തുറക്കരുതെന്ന് സർക്കാർ പറഞ്ഞാൽ എന്തുണ്ടാകുമെന്ന് ശനിയാഴ്ച കാണാം.

കേരളം മുഴുവൻ കടകൾ തുറക്കും. നേരിടുമെന്നു പറഞ്ഞ് മുഖ്യമന്ത്രി വിരട്ടേണ്ട. അതൊക്കെ കുറെ കണ്ടവരാണ്. സമീപനം നന്നാക്കി ചർച്ച നടത്തുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. തെറ്റിദ്ധാരണ മാറ്റണം. ഞങ്ങളെ കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി കരുതുന്നില്ല. അങ്ങനെയാണ് പറഞ്ഞതെങ്കിൽ ഞങ്ങളും ഇവിടെ ഉള്ളവരാണ്. ജനാധിപത്യവും തെരഞ്ഞെടുപ്പുമൊക്കെ കണ്ടവരുമാണ്. അതു കൊണ്ട് ആ വിരട്ടൽ ഒന്നും ഇങ്ങോട്ട് വേണ്ട. എല്ലാം സഹിക്കുന്നത് ജനങ്ങൾക്കു വേണ്ടിയാണ്. ഈ സമരം ഒട്ടും രാഷ്ട്രീയപ്രേരിതമല്ല. ഞങ്ങൾ വിചാരിച്ചാൽ സമരം പിൻവലിക്കാനും കഴിയില്ല. ഇതൊക്കെ മുഖ്യമന്ത്രിക്ക് മനസ്സിലായിട്ടുണ്ട് എന്നാണ് കരുതുന്നത്.

Also Read- ബക്രീദ്: സംസ്ഥാനത്ത് ഞായറാഴ്ച മുതൽ മൂന്ന് ദിവസം ലോക്ഡൗണിൽ ഇളവ്

കടകൾ തുറന്നില്ലെങ്കിൽ നടപടിയെടുക്കുമെന്ന് 1980 നായനാർ സർക്കാരും ഇഎംഎസ് നമ്പൂതിരിപ്പാടും ഒക്കെ പറഞ്ഞതാണ്. അതൊക്കെ ഞങ്ങൾ കണ്ടവരാണ്. പിന്നീട് സി വി പത്മരാജനും സെയിൽസ് ടാക്സ് ജീവനക്കാരെ കച്ചവടക്കാർ മർദ്ദിക്കുന്നു എന്നുപറഞ്ഞ് ഞങ്ങളെ ജയിലിലിട്ടു. അതും കണ്ടവരാണ്. രാഷ്ട്രീയത്തിനതീതമായി സ്വന്തം ശക്തികൊണ്ട് നിൽക്കുന്നവരാണ് വ്യാപാരികൾ. ഞങ്ങളുടെയും ജനങ്ങളുടേയും ശക്തി ഉള്ളിടത്തോളം ഒരു പേടിയുമില്ല.

നിപ്പയും കോവിഡും ഒക്കെ വന്നിട്ടും 700 ദിവസമായി ഒരക്ഷരം എതിർത്തു പറയാതെ സർക്കാർ പറഞ്ഞത് അതുപോലെ അനുസരിച്ചവരാണ് വ്യാപാരികൾ. ജനങ്ങളുടെയും  ഉപഭോക്താക്കളുടെയും ഞങ്ങളുടെയൊക്കെ ആരോഗ്യം പരിഗണിച്ചാണ് അതിനു തയാറായത്. ഇനി ഗത്യന്തരമില്ല. കച്ചവടം ചെയ്യാനാകാതെ വ്യാപാരികൾ മുടിഞ്ഞു. ചരക്കുകൾ കെട്ടിക്കിടക്കുന്നു. ഇതൊക്കെ വിറ്റഴിച്ച ശേഷം കുറച്ചു സാവകാശം തന്നാൽ എല്ലാ ചർച്ചകൾക്കും തയാറാണ്. കടകൾ നാലുദിവസത്തിൽ അധികം പൂട്ടിയിടാൻ ആർക്കും അധികാരമില്ല. കടകൾക്ക് ലൈസൻസ് അനുവദിക്കുമ്പോൾ തന്നെയുള്ള നിയമമാണ്. ആ നിയമം അനുസരിക്കാതെ ഇപ്പോൾ കടകൾ അടച്ചിട്ട് നിയമം ലംഘിച്ചത് സർക്കാരാണ്. തുറക്കാനുള്ള  അനുമതിയോടെയാണ് ഫീസ് നൽകി ലൈസൻസ് എടുക്കുന്നത്. ആ നിയമം സർക്കാർ ലംഘിച്ചു.

പ്രകൃതിക്ഷോഭങ്ങളോ വർഗീയലഹളയോ ഒക്കെ ഉണ്ടാകുമ്പോൾ മാത്രമാണ് നാല് ദിവസത്തിലധികം കടകൾ അടച്ചിടാൻ കളക്ടർക്ക് പോലും അധികാരമുള്ളത്. ഇപ്പോൾ ജനങ്ങൾക്കുവേണ്ടി 700 ദിവസമാണ് ഞങ്ങൾ കടകൾ പൂട്ടിയിട്ടത്. ശനിയും ഞായറും പൂട്ടിയിട്ടാൽ കോവിഡ് പോകുമെന്നാണ് പറഞ്ഞത്. അങ്ങനെ പോകുമെങ്കിൽ ശനിയും ഞായറും മാത്രമല്ല അല്ല തിങ്കളും ചൊവ്വയും ഒക്കെ പൂട്ടി ഇടാം. ഇത്രയും നാൾ പൂട്ടിയിട്ടിട്ടും കോവിഡ് പോയില്ലല്ലോ. മുന്നറിയിപ്പും മുൻകരുതലും ഇല്ലാതെ സർക്കാർ പറഞ്ഞ വാക്കുകൾ അക്ഷരം പ്രതി അനുസരിച്ചാണ് ഒരു ചൂളം വിളി പോലും സർക്കാരിനെതിരായി ഇല്ലാതെ അനുരിച്ചത്.  ഇപ്പോഴും എന്നു തുറക്കാൻ ആകുമെന്നോ  ഇതിൽ നിന്ന് മോചനം എന്ന്  ഉണ്ടാകുമെന്നോ അറിയില്ല.  ഞങ്ങളെ അടിമകളാക്കി വളർത്തുകയാണ് സർക്കാർ ചെയ്യുന്നത്. ചർച്ച ചെയ്തു പരിഹാരം കാണണമെന്ന ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല.

Also Read- സമരത്തിനില്ലെന്ന് വ്യാപാരികൾ; കടകൾ തുറക്കുന്നത് മുഖ്യമന്ത്രി പ്രഖ്യാപിക്കും

ഒന്നാംഘട്ട കോവിഡ് കഴിഞ്ഞ് ജനുവരി മുതൽ കച്ചവടം നന്നായി വരുമ്പോൾ രണ്ടാംഘട്ടം വന്നു. അതു തീരാറാകുമ്പോൾ മൂന്നാംവട്ടവും വരാൻ പോകുന്നു. അതെങ്ങനെ വരും എന്ന് അറിയില്ല. ഈ അനിശ്ചിതത്വത്തിന് ഒരു പരിസമാപ്തി വേണം. അതെവിടെ എന്നുപോലും ഞങ്ങൾക്കും സർക്കാരിനും അറിയില്ല. സ്വതന്ത്രമായി കച്ചവടം ചെയ്ത് കുടുംബം പോറ്റാനുള്ള സംവിധാനം വേണമെന്ന ആവശ്യമാണ് ഞങ്ങൾക്ക്. ഞങ്ങളുടെ നിർദ്ദേശങ്ങൾ സർക്കാർ കേട്ട് ഒരു തീരുമാനം എടുക്കണം. ഉദ്യോഗസ്ഥ ബുദ്ധിജീവികൾ എന്ന് പറയുന്നവരുടെ കാര്യം മാത്രം കേട്ടാൽ പോരാ. അതുകേട്ട് എന്നും കച്ചവടക്കാരെ അടിമകൾ ആക്കാം എന്ന വിചാരം വേണ്ട. 10,000 പേർക്ക് തൊഴിൽ കൊടുക്കുന്ന കിറ്റെക്സ് ഇവിടെ നിന്ന് പോകുന്നു എന്ന് പറഞ്ഞപ്പോൾ  എല്ലാ മന്ത്രിമാരും അവരുടെ പുറകെ പോയി.  ഒരു കോടി ജനങ്ങൾക്ക് തൊഴിൽ കൊടുക്കുന്ന പ്രസ്ഥാനം പട്ടിണി കിടന്നു മരിക്കുന്നു എന്ന് പറയുമ്പോൾ ചോദിക്കാനും പറയാനും ആരും ഉണ്ടായില്ല. ഇപ്പോൾ ജനങ്ങൾക്ക് കാര്യം മനസ്സിലായി ജനങ്ങളുടെ സഹകരണത്തോടെയാണ് ഞങ്ങൾ സമരം ചെയ്യുന്നത്.
Published by: Rajesh V
First published: July 16, 2021, 6:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories