രാജു ഗുരുവായൂർ
തൃശൂർ: പുതൂർ സുവോളജിക്കൽ പാർക്കിൽ ആദ്യ അതിഥിയായി എത്തിയ പെൺകടുവയായ വൈഗ തുറന്ന കൂട്ടിലേക്ക്. നീരീക്ഷണ കേന്ദ്രത്തിലെ നിലവിലെ കൂടിനോട് ചേർന്നുള്ള തുറന്ന കൂട്ടിലേക്കാണ് വൈഗയെ കഴിഞ്ഞ ദിവസം മുതൽ തുറന്ന് വിട്ട് തുടങ്ങിയത്.
ദിവസവും രാവിലെ 10 മുതൽ വൈകീട്ട് 4 വരെയാണ് തുറന്ന കൂട്ടിലേക്ക് വിടുന്നത്. പാർക്കിലെ ജീവനക്കാരുമായി ഇണങ്ങി തുടങ്ങിയ വൈഗ പേര് എടുത്ത് വിളിച്ചാൽ പ്രതികരിച്ച് തുടങ്ങി. ഓപ്പൺ ഏരിയയിലേക്ക് തുറന്ന് വിട്ട വൈഗ കൂടിനുള്ളിൽ ഓടി നടന്നു. വെള്ളം ഇടവിട്ട് സമയങ്ങളിൽ കുടിക്കുന്ന വൈഗ വൈകുന്നേരങ്ങളിൽ ആണ് തീറ്റ കഴിക്കുന്നത്. രാത്രി 10 മണിയോടെ ഉറക്കത്തിലേക്ക് വീഴുന്ന വൈഗ വെളുപ്പിന് മൂന്ന് മണിയോടെ ഉണരുന്നത് ശീലമാണ്.
അറുപത് ദിവസത്തിന് ശേഷം പാർക്കിൽ കടുവകൾക്കായി നിശ്ചിയിച്ചിട്ടുള്ള ആവാസ കേന്ദ്രത്തിലേക്ക് മാറ്റാനാണ് അധികൃതരുടെ നീക്കം. ഇതിന് മുന്നോടിയായി നെയ്യാറിൽ വൈഗക്കൊപ്പം ഉണ്ടായ ദുർഗയെ സുവോളജിക്കൽ പാർക്കിൽ എത്തിക്കും.
ഏപ്രിൽ 22 നാണ് വൈഗയെ സുവോളജിക്കൽ പാർക്കിൽ എത്തിച്ചത്. വൈഗക്ക് നിലവിൽ വി.ഐ.പി പരിഗണനയാണ് നൽകുന്നത്. കിടക്കാനായി ചടച്ചി മരം കൊണ്ടുള്ള കട്ടിൽ, ഐസ് നിറച്ചിട്ടിരിക്കുന്ന ജലാശയം, എയർ കൂളർ, ആഴ്ചയിൽ ആറ് ദിവസം ഏഴ് കിലോ പോത്തിറച്ചി എന്നിവയാണ് നൽകുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.