ഉച്ചഭക്ഷണം പാഴാക്കുന്ന ജീവനക്കാരില്‍ നിന്ന് 100 രൂപ പിഴ ഈടാക്കാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ നിന്ന് വ്യാപക വിമര്‍ശനം നേരിട്ട സംഭവത്തില്‍ പ്രതികരണവുമായി വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി കെ.കെ മനോജ്. നമ്മൾ പാഴാക്കുന്ന ഓരോ അരിമണിക്കും ചുരുങ്ങിയത് 120 ദിവസത്തെ അധ്വാനത്തിന്റെ കണക്കുണ്ട്. ഒരുവറ്റ് ചോറ് കളയുമ്പോൾ അവിടെ നഷ്ടപ്പെടുന്നത് 120 ദിവസത്തെ അധ്വാനത്തിന്റെ മഹത്വമാണ്. ന്യൂജൻ എന്ന് അവകാശപ്പെടുന്ന എന്തിലും വൈബ് കാണുന്ന ഈ ഒരു തലമുറയ്ക്ക് ഈ കണക്ക് അവിശ്വസനീയവും അതേസമയം കളിയാക്കി പരിഹരിച്ച് ട്രോൾ ആക്കി മാറ്റാൻ ഉള്ളതായിരിക്കാം , പക്ഷേ ഒരു വറ്റ് ചോറ് എന്നതിൻറെ പിന്നിലെ വികാരം ഇന്നുള്ള കാലത്തിന് അറിയാൻ കഴിയാതെ പോയത് ഒരു കുറ്റമല്ല എന്നു മാത്രമേ പറയാനുള്ളൂ എന്ന് കെ.കെ മനോജ് ഫേസ്ബുക്കില്‍ കുറിച്ചു.
ഭക്ഷണം അമൂല്യമാണ്. ഇനി അത് സമ്പാദിച്ചത് ആരായാൽ പോലും . വച്ചുണ്ടാക്കിയ ഭക്ഷ്യയോഗ്യമായ ഭക്ഷണം കഴിക്കുക എന്നതാണ് ഒരു പരിഷ്കൃത സമൂഹത്തിൻറെ പ്രധാന ചുമതല. പകരം അതൊക്കെ തന്നെ പൊതിഞ്ഞ് കവറിൽ ആക്കി കളയുന്ന പിതൃശൂന്യമായ പ്രവർത്തിയെ അംഗീകരിക്കാൻ ആർക്കും കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അതെ ….ഇത് ഞാൻ തന്നെയാണ്.കെ.കെ. മനോജ് എന്ന വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറി . കഴിഞ്ഞ രണ്ടു ദിവസമായി ഞാൻ പുറപ്പെടുവിച്ച ഒരു ഉത്തരവ് ആകെ വൈറൽ ആയി മാറിയിരിക്കുകയാണ്. ആദ്യമേ തന്നെ പറയട്ടെ.. എന്താണോ ഈ ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ എനിക്കുണ്ടായിരുന്ന ചേതോവികാരം അത് പൂർത്തീകരിച്ചു എന്നതാണ് ഇപ്പോൾ എനിക്ക് സന്തോഷം നൽകുന്നത്. ഭക്ഷണം വേസ്റ്റ് ആക്കാനുള്ളതല്ല.അത് കഴിക്കാനുള്ളതാണ്.
നമ്മൾ മലയാളികളുടെ പ്രധാന ഭക്ഷണം അരിയാണല്ലോ.നെല്ല് വിതയ്ക്കും മുൻപ് മണ്ണൊരുക്കി തയ്യാറാക്കി ഞാറ്റടി ഉണ്ടാക്കി ഞാറ് നട്ട് വെള്ളം നൽകി വളം നൽകി കള പറിച്ചു നെല്ല് മൂത്ത് കൊയ്ത് കറ്റയാക്കി കൊണ്ടുപോയി മെതിച്ച് നെല്ലെടുത്ത് പുഴുങ്ങി കുത്തി അരിയാക്കി മാറ്റുന്ന പ്രോസസ് നടത്താൻ ചുരുങ്ങിയത് 120 ദിവസം വേണ്ടിവരുന്നു. അതിന് വേറെ ഒരു അർത്ഥം കൂടിയുണ്ട്. നമ്മൾ പാഴാക്കുന്ന ഓരോ അരിമണിക്കും ചുരുങ്ങിയത് 120 ദിവസത്തെ അധ്വാനത്തിന്റെ കണക്കുണ്ട്.
ഒരുവറ്റ് ചോറ് കളയുമ്പോൾ അവിടെ നഷ്ടപ്പെടുന്നത് 120 ദിവസത്തെ അധ്വാനത്തിന്റെ മഹത്വമാണ്. ന്യൂജൻ എന്ന് അവകാശപ്പെടുന്ന എന്തിലും വൈബ് കാണുന്ന ഈ ഒരു തലമുറയ്ക്ക് ഈ കണക്ക് അവിശ്വസനീയവും അതേസമയം കളിയാക്കി പരിഹരിച്ച് ട്രോൾ ആക്കി മാറ്റാൻ ഉള്ളതായിരിക്കാം , പക്ഷേ ഒരു വറ്റ് ചോറ് എന്നതിൻറെ പിന്നിലെ വികാരം ഇന്നുള്ള കാലത്തിന് അറിയാൻ കഴിയാതെ പോയത് ഒരു കുറ്റമല്ല എന്നു മാത്രമേ പറയാനുള്ളൂ.
ഞങ്ങൾ അധ്വാനിച്ച് കാശുകൊണ്ട് വാങ്ങിയ ഭക്ഷണത്തെ ഞങ്ങടെ ഇഷ്ടം പോലെ ഉപയോഗിച്ചു കൂടെ?
പിന്നെ ഉപയോഗിക്കാം. പക്ഷേ ഈ സമൂഹത്തോട് കൂടി നിങ്ങൾ കണക്ക് പറയേണ്ടിവരും. നിങ്ങളാരും തന്നെ തനിയെ ഉണ്ടാക്കിയതല്ല ഇന്നത്തെ നിങ്ങൾ അനുഭവിക്കുന്ന ജീവിത നിലവാരം .ഈ വിഷയത്തിൽ കൂടുതൽ അഭിപ്രായം ഞാൻ പറയുന്നില്ല. ഞാൻ നഗരസഭാ സെക്രട്ടറിയായി ആദ്യം ചുമതല ഏൽക്കുന്നത് ചിറ്റൂർ – തത്തമംഗലം നഗരസഭയിലാണ്.
ചിറ്റൂർ – തത്തമംഗലം നഗരസഭയിൽ മാലിന്യ സംസ്കരണ പ്ലാൻറ് പ്രവർത്തിപ്പിക്കൽ ആയിരുന്നു എൻറെ ആദ്യത്തെ ടാസ്ക് .
അത് ഭംഗിയായി തന്നെ നിർവഹിച്ചു.
തുടർന്ന് കോട്ടക്കൽ നഗരസഭയിലേക്ക് എത്തിയപ്പോൾ ഏറ്റെടുത്ത ഒരുപാട് പരിപാടികൾ ഭംഗിയായി നടത്തുകയുണ്ടായി. കേരളത്തിലെ ആദ്യത്തെ ഓപ്പൺ ഡെഫിക്കേഷന് ഫ്രീ നഗരസഭയായി കോട്ടക്കൽ നഗരസഭയെ മാറ്റാൻ കഴിഞ്ഞു എന്നത് ഒരു സന്തോഷമാണ്. അങ്ങനെയിരിക്കെയാണ് പൊന്നാനി നഗരസഭയിലേക്ക് സ്ഥലം മാറ്റപ്പെടുന്നത്.
അന്നത്തെ പൊന്നാനി ചെയർമാൻ ശ്രീ.സി പി.മുഹമ്മദ് കുഞ്ഞി എൻറെ അധ്യാപകൻ കൂടിയായിരുന്നു. ആ ഗുരുശിഷ്യ ബന്ധത്തിൻറെ അടിസ്ഥാനത്തിൽ ഒരുപാട് മാലിന്യ സംസ്കരണ പരിപാടികൾ ഒത്തൊരുമിച്ച് നടത്താൻ കഴിഞ്ഞു.അതിനിടയിലാണ് കുന്നംകുളം നഗരസഭ സെക്രട്ടറി ആയി എന്നെ സ്ഥലം മാറ്റിയത്.
കുന്നംകുളം എൻറെ സ്വന്തം നാടാണ്.
ഞാൻ എന്ന വ്യക്തി ജനിച്ച് വളർന്ന് പഠിച്ച് എൻറെ രാഷ്ട്രീയവും എന്റെ സംസ്കാരവും രൂപപ്പെടുത്തിയ സ്വന്തം ഭൂമിക. നഗരസഭാ സെക്രട്ടറിയായി സേവനമേറ്റെടുക്കുമ്പോൾ ബഹുമാനപ്പെട്ട ശ്രീ. എ സി മൊയ്തീൻ അവർകളാണ് അന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി . അദ്ദേഹത്തിൻറെ നിർദ്ദേശങ്ങളാൽ , ഉപദേശങ്ങളാൽ , അതോടൊപ്പം എന്നെ വളർത്തിയ പ്രസ്ഥാനത്തിൻറെ നേർവഴികളാൽ രണ്ടര വർഷക്കാലം വളരെ സന്തോഷത്തോടെ ഞാൻ അവിടെ സെക്രട്ടറിയായി ജോലി ചെയ്തു. ഒരുപാട് പരിപാടികൾ, മാലിന്യ സംസ്കരണ പദ്ധതികൾ,
ഹരിത കർമ്മ സേനയുടെ ഇടപെടലുകൾ,
റോഡ് അരികിൽ വേസ്റ്റ് വലിച്ചെറിഞ്ഞ ആളുകളെ പിടികൂടി ഫൈൻ ഈടാക്കി ഏകദേശം 4.5 ലക്ഷം രൂപ നഗരസഭാ ഫണ്ടിൽ അടപ്പിച്ച പ്രവർത്തനം . അതിനിടയിൽ കോവിഡ് വ്യാപനം,
കുന്നംകുളത്തു നിന്നും ആലപ്പുഴയിലേക്ക് സ്ഥലംമാറ്റം,
കോവിഡ് വ്യാപന കാലത്ത് ആലപ്പുഴയിലെ പ്രവർത്തനം, തുടർന്ന് ഇപ്പോൾ വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറിയായി എത്തി നിൽക്കുകയാണ്.
പ്രിയമുള്ളവരെ , നിങ്ങൾക്കറിയാമോ, എന്തുമാത്രം ജൈവ മാലിന്യമാണ് നമ്മുടെ കേരളത്തിന്റെ തെരുവുകളിൽ വലിച്ചെറിയപ്പെടുന്നത് ? എന്തുമാത്രം ജൈവ മാലിന്യമാണ് നമ്മുടെ കേരളത്തിൻറെ ജലാശയങ്ങളിൽ വലിച്ചെറിയപ്പെടുന്നത് ?
ഇതിനൊക്കെ ഒരു അറുതി വേണ്ടേ ? തദ്ദേശസ്ഥാപനം മാത്രം ഇതിനായി ശ്രമിച്ചാൽ മതിയോ ? നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ.
നമ്മുടെ വീട്ടിലെ ഓരോ അംഗവും എത്രമാത്രം ഭക്ഷണം കഴിക്കും?
അതിനനുസരിച്ചുള്ള ഭക്ഷണം മാത്രം ഉണ്ടാക്കിയാൽ പോരേ ?
ഇനി തികയാതെ വന്നാലും മറ്റെന്തെങ്കിലും വെച്ച് അഡ്ജസ്റ്റ് ചെയ്യാവുന്നതല്ലേ ?
നമ്മളീ കേരളീയർ അത്ര വലിയ പട്ടിണിക്കാരൊന്നുമല്ലല്ലോ?
അപ്പോ നമുക്ക് ആവശ്യമുള്ള ഭക്ഷണം ഉണ്ടാക്കുക – അത് മുഴുവനായി കഴിക്കുക. അതിൽ പിന്നെ എവിടെയാണ് വേസ്റ്റ്?
ഇങ്ങനെ ചെയ്യുന്നതിൽ ഏതു നിയമമാണ് ലംഘിക്കപ്പെടുന്നത് ?
ഉണ്ടാക്കുന്ന ഭക്ഷണം ഭക്ഷ്യയോഗ്യമായ ഭക്ഷണം അത് മുഴുവനായി തന്നെ കഴിച്ചു തീർക്കുക എന്നതാണ് സാമൂഹ്യമായ ഉത്തരവാദിത്വം .
അല്ലാതെ എന്റെ കയ്യിലെ കാശുകൊണ്ട് ഞാൻ വാങ്ങിയ ഭക്ഷണം എൻറെ സൗകര്യം പോലെ ഉപയോഗിക്കാം എന്നത് അല്ലെങ്കിൽ അങ്ങനെ പറയുന്നത് ഈ സമൂഹത്തോടുള്ള ഒരു വെല്ലുവിളി മാത്രമാണ്. ഞാൻ നഗരസഭാ സെക്രട്ടറിയായിരിക്കെ ഒരുപാട് കേന്ദ്രങ്ങളിൽ മാലിന്യമെറിഞ്ഞ ആളുകളെ പിടികൂടിയിട്ടുണ്ട് – അതിൽ 80 ശതമാനം പേരും ഇന്ന് നമ്മുടെ സമൂഹത്തിൽ വളരെ വലിയ ചുമതലയിൽ ഉള്ള ആളുകളാണ്. ഡോക്ടർമാർ , മറ്റ് പ്രൊഫഷണൽസ്, ഒരു സബ് ഇൻസ്പെക്ടർ , തുടങ്ങി വക്കീലന്മാർ വരെ ഈ നഗരസഭാ പരിധിയിൽ വേസ്റ്റ് വലിച്ചെറിഞ്ഞ കാര്യത്തിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
അപ്പോൾ നിയമത്തിൽ അല്ല കാര്യം, പ്രയോഗത്തിലാണ്.
നിങ്ങൾക്കറിയാമോ, ഈ നഗരസഭ പദ്ധതിയിൽ പൊതു കിണറിൽ മാലിന്യം വലിച്ചെറിഞ്ഞ വകയിൽ ശിക്ഷിക്കപ്പെട്ടത് ഒരു സർക്കാർ ജീവനക്കാരനാണ്. അയാൾ മാലിന്യം വലിച്ചെറിഞ്ഞ കിണർ അയാളെ കൊണ്ട് തന്നെ വൃത്തിയാക്കി ഗ്രിൽ ഇട്ട് അവസാനം 5000 രൂപ ഫൈൻ അടപ്പിച്ചാണ് നടപടി അവസാനിപ്പിച്ചത്.
ബ്രഹ്മപുരം കത്തിയപ്പോൾ ശ്വാസം മുട്ടി എന്നു പറഞ്ഞവരുടെ വേസ്റ്റ് കൂടി ആ കത്തിയ കൂട്ടത്തിൽ ഉണ്ടായിരുന്നു . അപ്പോ യാഥാർത്ഥ്യം ഇതൊന്നുമല്ല.
ഇനി ഇതൊന്നുമല്ല കാര്യം ! വേസ്റ്റ് ഇട്ട ആൾക്ക് ഏത് അടിസ്ഥാനത്തിലാണ് ഫൈൻ ഈടാക്കുക ? ഈ ഫൈൻ ഇട്ട സെക്രട്ടറി ഏത് രാജ കിങ്കരനാണ് ? ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പൊട്ടൻ സെക്രട്ടറി ഫൈൻ ഈടാക്കുന്നത് ? എന്ന് തുടങ്ങി ഏതൊക്കെയോ കാർട്ടൂൺ കഥാപാത്രങ്ങളെ പോലെ ഈ ഉത്തരവിട്ട സെക്രട്ടറിയെ മോശപ്പെട്ട വ്യക്തിയായി അല്ലെങ്കിൽ നിയമത്തെ വളച്ചൊടിച്ച വ്യക്തിയായി കാണിച്ച ഒരുപാട് പേരുടെ പോസ്റ്റുകൾ സാമൂഹ്യ മാധ്യമങ്ങളിൽ കണ്ടു. ഞാനതിൽ തൃപ്തിപ്പെട്ടു.
പറഞ്ഞ് അവസാനിപ്പിക്കട്ടെ,ഭക്ഷണം അമൂല്യമാണ്. ഇനി അത് സമ്പാദിച്ചത് ആരായാൽ പോലും . വച്ചുണ്ടാക്കിയ ഭക്ഷ്യയോഗ്യമായ ഭക്ഷണം കഴിക്കുക എന്നതാണ് ഒരു പരിഷ്കൃത സമൂഹത്തിൻറെ പ്രധാന ചുമതല. പകരം അതൊക്കെ തന്നെ പൊതിഞ്ഞ് കവറിൽ ആക്കി കളയുന്ന പിതൃശൂന്യമായ പ്രവർത്തിയെ അംഗീകരിക്കാൻ ആർക്കും കഴിയില്ല. ഞാൻ ഈ ഉത്തരവ് പുറപ്പെടുവിച്ചപ്പോഴൊക്കെ തന്നെ അതുകൊണ്ട് എഫ്ബിയിൽ പോസ്റ്റ് ചെയ്തു എന്നെ കാലേൽ വാരി ചുമരിൽ അടിച്ച് പോസ്റ്റ് ആക്കിയ പ്രിയപ്പെട്ട നിയമപാലന കിങ്കരന്മാരെ , ഈ രാജ്യത്ത് നടക്കുന്ന നിയമ ലംഘനങ്ങളെ നിങ്ങൾ ആദ്യം കണ്ടു ലംഘനം നടത്താതിരിക്കാൻ ശ്രമിക്കുക.
അല്ലാതെ സ്വന്തം വീട്ടിൽ അച്ഛനായാലും അമ്മയായാലും സഹോദരി ആയാലും ഭാര്യയായാലും ഇനി അവനവൻ തന്നെയായാലും വച്ചുണ്ടാക്കിയ ഭക്ഷണത്തെ കഴിക്കാതെ വലിച്ചെറിയുന്നത് ആണ് ഏറ്റവും മോശപ്പെട്ട പ്രവർത്തി .
എത്ര സർക്കാർ ഓഫീസുകൾ ഇതുപോലെ മാലിന്യം കുറയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്.
നമുക്ക് വേണ്ടത് കുറഞ്ഞ മാലിന്യമുള്ള ഒരവസ്ഥയാണ്.
ഈ ഉത്തരവിനെ വിമർശിച്ച , സ്റ്റാഫ് മീറ്റിങ്ങിൽ പറഞ്ഞാൽ മതി എന്നു നിർദേശിച്ച എത്ര ഉദ്യോഗസ്ഥ പുംഗവന്മാർ ഇത് നടപ്പാക്കി ?
ഇങ്ങനെ ഓരോ വീട്ടിൽ നിന്നും ഉണ്ടാക്കുന്ന വേസ്റ്റ് സംസ്കരിക്കാൻ ഒരു നഗരസഭ പെടാപ്പാട് പെടുമ്പോഴാണ് നിങ്ങളൊക്കെ തന്നെ ശ്വാസം മുട്ടുന്നു എന്ന് പോസ്റ്റിട്ട ഇന്നലെ വരെ ഉണ്ടായ മാലിന്യ സംസ്കരണത്തിന്റെ മികച്ച മാതൃകകളെ ഇല്ലാതാക്കി ഈ കേരളം മൊത്തം പരാജയമാണ് എന്ന അർത്ഥത്തിലേക്ക് കൊണ്ടുവരുന്നതിന് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഇതൊന്നും നടക്കില്ല. ഇത് ഏറെക്കാലമായി അധ്വാനിക്കുന്ന ഒരു വിഭാഗത്തിൻറെ പിന്തുണയുള്ള സർക്കാരാണ്. കൂടുതൽ പറയേണ്ടതില്ല. ഏതൊരു മാലിന്യവും സംസ്കരിക്കാനുള്ള ശേഷി ഇന്ന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുമുണ്ട്. അത് നടപ്പാവും . അല്ലാതെ എങ്ങിനെ? ഇനി ഉത്തരവിട്ട ഞാൻ വ്യാഖ്യാനം നൽകണമെങ്കിൽ നിങ്ങളടക്കമുള്ള ബൗദ്ധിക സമൂഹം പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞ മാലിന്യത്തിന് കൂടി ഉത്തരവാദിത്വം പറയൂ !