വാളയാര്‍ കേസിൽ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ക്കെതിരെ പബ്ലിക് പ്രോസിക്യൂട്ടര്‍ രംഗത്ത്. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ മൂകസാക്ഷിയായാല്‍ പ്രതിയെ വിട്ടയയ്ക്കും. കേസ് തോറ്റ ശേഷം പ്രതിഭാഗം വക്കീലിനെ പഴിച്ചിട്ട് കാര്യമില്ലെന്നും വിമര്‍ശനം. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ലതാ ജയരാജിനെതിരെയാണ് പബ്ലിക് പ്രോസിക്യൂട്ടറായ വിനോദ് കയനാട്ട് വിമർശനവുമായി ഫേസ്ബുക്ക് പോസ്റ്റിട്ടത്.
പ്രോസിക്യൂട്ടർ എങ്ങനെ കേസ് നടത്തണം എന്നത് അറിയണമെങ്കിൽ ആദ്യം നല്ലൊരു വക്കീൽ ആവണമെന്നും വിനോദ് കയനാട്ട് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ''ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ പ്രതി കുറ്റം ചെയ്തെന്ന് സംശയാതീതമായി തെളിയിക്കേണ്ട ബാധ്യത പ്രോസിക്യൂഷനാണ്. ഇത്തരം പ്രമാദമായ കേസ് നടത്തുന്ന പ്രോസിക്യൂട്ടർമാർ കേസ് നന്നായി പഠിക്കുകയും ആയത് അന്വേഷിച്ച ഉദ്യോഗസ്ഥരുടെ സഹായം തേടുകയും അന്വേഷണത്തിനുള്ള പോരായ്മ പരിഹരിക്കാൻ ആവലശ്യമായ ഹർജികൾ നൽകുകയും കൂടുതൽ സാക്ഷികളെ വേണ്ടിവന്നാൽ വിസ്തകിക്കുകയും നിയമം പഠിക്കുകയും വേണം. അല്ലാതെ പ്രോസിക്യൂട്ടർ കോടതിയിൽ മൂകസാക്ഷിയായാൽ സംശയത്തിന്റെ ആനുകൂല്യം പ്രതിക്ക് നൽകി പ്രതിയെ വിട്ടയ്ക്കും, പിന്നെ പ്രതിഭാഗം വക്കീലിനെ പഴിച്ചിട്ടെന്ത് കാര്യം''- വിനോദ് കയനാട്ട് കുറിച്ചു.
അതേസമയം, പൊലീസ് അന്വേഷണത്തിലെ വീഴ്ചയും തെളിവുകളുടെ അഭാവവും പ്രതികള്‍ക്ക് രക്ഷപെടാന്‍ വഴിയൊരുക്കിയെന്ന വിമര്‍ശനം ശക്തമായതോടെ കേസില്‍ അപ്പീല്‍ പോകാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അഞ്ചുപേര്‍ പ്രതികളായ കേസില്‍ നാലുപേരെയും പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടിരുന്നു. 2017 ജനുവരിയിലും മാര്‍ച്ചിലുമാണ് പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ലൈംഗീകചൂഷണത്തിനിരയായിരുന്നുവെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരമായിരുന്നു പൊലീസ് അന്വേഷണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.