• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'വാളയാറിൽ പുനരന്വേഷണം പറ്റില്ല, അപ്പീലിൽ കാര്യമില്ല തുടങ്ങിയ നിങ്ങളുടെ കോപ്പിലെ നിയമവിജ്ഞാനം കയ്യിൽ വച്ചാൽ മതി': വി ടി ബൽറാം

'വാളയാറിൽ പുനരന്വേഷണം പറ്റില്ല, അപ്പീലിൽ കാര്യമില്ല തുടങ്ങിയ നിങ്ങളുടെ കോപ്പിലെ നിയമവിജ്ഞാനം കയ്യിൽ വച്ചാൽ മതി': വി ടി ബൽറാം

'പെൺകുഞ്ഞുങ്ങളുടേയും രക്ഷിതാക്കളുടേയും നീറുന്ന ആശങ്കകൾക്ക് ഉത്തരം കിട്ടുന്നത് വരെ പ്രതികരണങ്ങൾ അൽപ്പം വികാരപരം തന്നെയായിരിക്കും'

വി.ടി ബൽറാം

വി.ടി ബൽറാം

  • Share this:
    വാളയാർ കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ സംഭവത്തിൽ പ്രതികരണവുമായി തൃത്താല എംഎൽഎ വി ടി ബൽറാം. ഇത്തരമൊരവസ്ഥ സൃഷ്ടിച്ചത് ആരെന്നാണ് ജനങ്ങൾക്കറിയേണ്ടതെന്നും ബൽറാം പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനെതിരെയും സിപിഎം നിലപാടിനെതിരെയും രൂക്ഷ വിമർശനമാണ് ബൽറാം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലുള്ളത്. ഇതിനൊപ്പം ഇനി അപ്പീൽ കൊണ്ടുകാര്യമില്ല, പുനരന്വേഷണം പറ്റില്ല എന്ന് വാദിക്കുന്നവരെയും ബൽറാം വിമർശിക്കുന്നു.

    Also Read- വാളയാറിലെ സഹോദരിമാർക്ക് സംഭവിച്ചതെന്ത്? പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നതാര്?

    ബൽറാമിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

    വാളയാർ പെൺകുഞ്ഞുങ്ങളുടെ ഇരട്ടക്കൊല/ ഇരട്ട ആത്മഹത്യക്കേസിൽ "വൈകാരിക പ്രതികരണങ്ങൾ കൊണ്ട് കാര്യമില്ല" എന്നാണ് പല പ്രമുഖരുടേയും തിട്ടൂരം. അല്ലെങ്കിലും എവിടെയൊക്കെ വൈകാരികമായി പ്രതികരിക്കാം, എവിടൊക്കെ പാടില്ല എന്നതൊക്കെ ഇവരാണല്ലോ കുറേക്കാലമായി തീരുമാനിച്ചുകൊണ്ടിരിക്കുന്നത്.

    അല്ലയോ ബുദ്ധിജീവി സിംഹങ്ങളേ, താത്വിക ന്യായീകരണ പടുക്കളേ, ഇന്നാട്ടിലെ സാധാരണ ജനങ്ങളുടെ വൈകാരികതയുടെ സ്വിച്ച് നിങ്ങളുടെ കയ്യിലാണെന്ന് തെറ്റിദ്ധരിച്ച് കളയരുത്. നിങ്ങളേപ്പോലെ എന്തുവിധേനയും ഭരണപ്രമുഖനെ വിമർശനങ്ങളിൽ നിന്ന് രക്ഷിച്ചെടുക്കാൻ വേണ്ടിയുള്ള ബുദ്ധിപൂർവ്വ വിമർശനം നടത്തുന്ന അടിമമനസ്ക്കരെ ഒഴിച്ചുനിർത്തിയാൽ ബാക്കിയുള്ള മുഴുവൻ മനുഷ്യരും ഈ ക്രൂരമായ നീതിനിഷേധത്തിൽ വൈകാരികമായിത്തന്നെ പ്രതികരിക്കും.
    മനസ്സാക്ഷിയുള്ള മുഴുവൻ മനുഷ്യരുടേയും ഈ വിഷയത്തിലെ പ്രതികരണങ്ങളിൽ പ്രതിഷേധവും വേദനയും അമർഷവും നിരാശയും ആശങ്കയുമൊക്കെച്ചേർന്ന വൈകാരികതക്ക് തന്നെയായിരിക്കും പ്രാമുഖ്യം.

    വന്നത് വന്നു, ഇനി അനുഭവിക്കുക തന്നെ എന്ന് നെടുവീർപ്പിടേണ്ടവർ മാത്രമല്ല ഇന്നാട്ടിലെ ജനങ്ങൾ. അതുകൊണ്ടുതന്നെ ട്രയൽ കഴിഞ്ഞു, ഇനി പുനരന്വേഷണം പറ്റില്ല, അപ്പീലിൽ കാര്യമില്ല എന്ന് തുടങ്ങിയ നിങ്ങളുടെ കോപ്പിലെ നിയമവിജ്ഞാനം തൽക്കാലത്തേക്ക് കയ്യിൽ വച്ചാൽ മതി. ആവശ്യം വരുമ്പോൾ നിങ്ങളേക്കാൾ വിവരവും പരിചയവുമുള്ള നിയമവിദഗ്ദ്ധന്മാരിൽ നിന്ന് അത് വാങ്ങിക്കേണ്ടവർ വാങ്ങിച്ചോളും.

    ഇവിടെ ഇപ്പോൾ ജനങ്ങൾക്കറിയേണ്ടത് ആരാണ് ഇത്തരമൊരവസ്ഥ സൃഷ്ടിച്ചത് എന്നത് തന്നെയാണ്.
    *പെൺകുഞ്ഞുങ്ങൾ കൊല ചെയ്യപ്പെട്ടതാകാം എന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചനകളെക്കുറിച്ച് ഒരന്വേഷണം പോലും നടത്താൻ പോലീസ് തയ്യാറായില്ല എന്ന മാധ്യമ വാർത്തകൾ ശരിയാണെങ്കിൽ അതിനുത്തരവാദിയായ അന്വേഷണ ഉദ്യോഗസ്ഥൻ ആര്? അയാളെ നിയന്ത്രിച്ച ശക്തി ഏത്?
    *എവിടെയുമെത്താതെ പോയ കലാഭവൻ മണിയുടെ മരണക്കേസും അന്വേഷിച്ചവസാനിപ്പിച്ചത് ഇതേ ഉദ്യോഗസ്ഥൻ തന്നെയായിരുന്നു എന്ന പശ്ചാത്തലം പരിഗണിക്കപ്പെട്ടിരുന്നോ?
    *ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാകാം അവിടെ നടന്നത് എന്ന് ഒരു ചാനൽ ചർച്ചയിൽ സൂചിപ്പിക്കുന്ന ഉദ്യോഗസ്ഥൻ അന്വേഷണ ടീമിൽ തുടർന്നത് എന്ത് സാഹചര്യത്തിലാണ്?
    *നാല്പതോളം പോക്സോ കേസുകളിൽ പ്രതികൾക്ക് വേണ്ടി വാദിച്ച ഒരു സിപിഎം നേതാവിനെത്തന്നെ പാലക്കാട് ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ തലപ്പത്തേക്ക് കൊണ്ടുവരാൻ പ്രത്യേക താത്പര്യം കാട്ടിയത് ആര്?
    *സിപിഎം സർക്കാർ അധികാരത്തിൽ വന്ന് രണ്ട് മാസത്തിനുള്ളിൽ, മറ്റ് നിയമനങ്ങൾക്കൊന്നും കാത്തുനിൽക്കാതെ പോക്സോ കോടതിയിൽ ഇപ്പോഴത്തെ ഈ പ്രോസിക്യൂട്ടറെ നിയമിച്ചതിന്റെ പിറകിലെ താത്പര്യമെന്ത്?
    *മൂന്ന് വർഷ കാലാവധി കഴിഞ്ഞപ്പോൾ ഇവർക്ക് വീണ്ടും പുനർനിയമനം നൽകിയത് ആർക്ക് വേണ്ടി?
    *സർവ്വോപരി, ഈ പെൺകുട്ടികൾക്ക് നീതി ലഭിക്കുമെന്ന് ഫേസ്ബുക്കിൽ വാഗ്ദാനം നൽകിയ മുഖ്യമന്ത്രി അതുറപ്പുവരുത്താൻ നാളിതുവരെ നടത്തിയ ഇടപെടലുകൾ എന്തൊക്കെ?
    * വീഴ്ച പറ്റി, വീഴ്ച പറ്റി എന്ന് നൂറ്റൊന്ന് തവണ ആവർത്തിച്ചവർ അത്തരം വീഴ്ചകൾ പരിഹരിക്കുന്നതിനും ആവർത്തിക്കാതിരിക്കുന്നതിനും സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ്?
    * "മാനവ സ്നേഹത്തിന്റെ വെളിച്ചം നാടാകെ പരത്താൻ ദീപാവലി ആഘോഷങ്ങൾക്ക് സാധിക്കട്ടെ" എന്ന് ഇന്നൊരു ആശംസ പോസ്റ്റിട്ടതല്ലാതെ പോലീസ് വകുപ്പ് നേരിട്ട് ഭരിക്കുന്ന കേരളത്തിന്റെ മുഖ്യമന്ത്രി ഈ അതീവ ഗുരുതര വിഷയത്തിൽ ഈ നിമിഷം വരെ ക മാന്ന് പ്രതികരിക്കാൻ തയ്യാറാവാത്തതെന്തേ?

    ഇനിയുമേറെയുണ്ട്, ഇന്നാട്ടിലെ പെൺകുഞ്ഞുങ്ങളുടേയും രക്ഷിതാക്കളുടേയും നീറുന്ന ആശങ്കകൾ. അവയ്ക്കുത്തരം കിട്ടുന്നത് വരെ പ്രതികരണങ്ങൾ അൽപ്പം വികാരപരം തന്നെയായിരിക്കും. ദയവായി ക്ഷമിച്ച് തരണം.



    First published: