വാളയാറിൽ മരണപ്പെട്ട സഹോദരിമാർക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യവുമായി കേരള സൈബർ വാരിയേഴ്സ്. വാളയാറിൽ കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി നിയമവകുപ്പിന്റെ വെബ്സൈറ്റ് സംഘം ഹാക്ക് ചെയ്തു. 'ജസ്റ്റിസ് ഫോർ ഔർ സിസ്റ്റേഴ്സ്' എന്ന കുറിപ്പോടെയാണ് സൈറ്റ് ഹാക്ക് ചെയ്തത്. നിയമവകുപ്പിന്റെ keralalawsect.org എന്ന വെബ്സൈറ്റ് തുറന്നാൽ കേരള സൈബർ വാരിയേഴ്സിന്റെ സന്ദേശം മാത്രമേ ലഭ്യമാകൂ.
സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പുവരുത്തുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടുവെന്നും സൈബർ വാരിയേഴ്സ് ആരോപിക്കുന്നു. സർക്കാർ പദവികളിൽ ഇരിക്കുന്നവർ അധികാരദുര്‍വിനിയോഗം നടത്തി പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതായും കുറിപ്പിൽ പറയുന്നു. വാളയാർ കേസിൽ പുനരന്വേഷണം ആവശ്യമാണ്. ശബ്ദമില്ലാത്തവരുടെ ശബ്ദവും കണ്ണില്ലാത്തവരുടെ കാഴ്ചയുമാണ് തങ്ങളെന്ന അവകാശവാദവുമായാണ് കേരള സൈബർ വാരിയേഴ്സ് പ്രതിഷേധം രേഖപ്പെടുത്തുന്നത്.
ആരാണ് കേരള സൈബർ വാരിയേഴ്സ് ?
വിദ്യാർഥികൾ മുതൽ സൈബർ സെക്യൂരിറ്റിയിലെ അനലിസ്റ്റ് വരെയുള്ളവർ അടങ്ങിയ ഒരു മലയാളി ഹാക്കിങ്ങ് ഗ്രൂപ്പാണ് കേരള സൈബർ വാരിയേഴ്സ്. ഇന്ത്യയിൽ ആക്ടീവ് ആയിട്ടുള്ള നമ്പർ വൺ ഹാക്കിങ്ങ് ഗ്രൂപ്പ് ആയ ഇവർ പാകിസ്ഥാൻ ആസ്ഥാനമായിട്ടുള്ള ആയിരത്തിൽ അധികം സൈറ്റുകൾ നേരത്തെ തകർത്തിട്ടുണ്ട്.
പ്രതിഷേധ ഹാക്കിങ് മുൻപും
കേരളം നടുങ്ങിയ തൊടുപുഴയിലെ ഏഴുവയസുകാരന്റെ ക്രൂരകൊലപാതക സമയത്തും സമാനമായ പ്രതിഷേധവുമായി ഇവർ രംഗത്തെത്തിയിരുന്നു. പ്രതികളെ രക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്നാരോപിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍, സംസ്ഥാന നിയമ വകുപ്പ് എന്നിവരുടെ വെബ്സൈറ്റുകൾ സൈബർ വാരിയേഴ്സ് ഹാക്ക് ചെയ്തിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.