• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'സങ്കൽപത്തിൽ ശത്രുവിനെ ഉണ്ടാക്കി അതിനോട് പോരാടുന്നതല്ല യുദ്ധം'; കെ.എം ഷാജിക്ക് മറുപടിയുമായി പിഎംഎ സലാം

'സങ്കൽപത്തിൽ ശത്രുവിനെ ഉണ്ടാക്കി അതിനോട് പോരാടുന്നതല്ല യുദ്ധം'; കെ.എം ഷാജിക്ക് മറുപടിയുമായി പിഎംഎ സലാം

ഇടതുപക്ഷത്തോട് പോരാടിയാണ് ഇതുവരെയൊക്കെ എത്തിയതെന്നും ഒത്തുതീര്‍പ്പുകള്‍ ആവശ്യമായിടത്ത് അതു ചെയ്യേണ്ടിവരുമെന്നും കുഞ്ഞാലിക്കുട്ടി 

 • Last Updated :
 • Share this:
  വിവാദപ്രസംഗങ്ങളില്‍ കെ എം ഷാജിക്ക് മുസ്‌ലിം ലീഗ് സംസ്ഥാന ആക്റ്റിംഗ് ജനറൽ സെക്രട്ടറി പി എം എ സലാമിന്‍റെ മറുപടി. സങ്കൽപത്തിൽ ശത്രുവിനെ ഉണ്ടാക്കി അതിനോട് പോരാടുന്നതല്ല യുദ്ധമെന്നും ആ പോരാട്ടത്തിൽ മരിച്ചു വീണാൽ ഷഹീദിന്റെ (രക്തസാക്ഷി) കൂലി (പുണ്യം) കിട്ടുമെന്ന് കരുതണ്ടെന്നും പി എം എ സലാം പറഞ്ഞു. കഴിഞ്ഞ ദിവസം മുസ്ളീം യൂത്ത് ലീഗ് കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിലാണ് കെ എം ഷാജിക്കെതിരെ പി എം എ സലാം പരോക്ഷവിമര്‍ശനം ഉന്നയിച്ചത്. പോരാളിയുടെ സമരവും ജീവിതവും യുദ്ധഭൂമിയിൽ തന്നെയായിരിക്കുമെന്നും ശത്രുവിന്റെ പാളയത്തിൽ അടയിരുന്ന് ആനുകൂല്യം പറ്റുന്നവരുടെ കൂട്ടത്തിൽ താനുണ്ടാവില്ലെന്നുമായിരുന്നു ഷാജിയുടെ പ്രസംഗം.

  മുസ്‌ലിം ലീഗ് സംസ്ഥാന ആക്റ്റിംഗ് ജനറൽ സെക്രട്ടറി പി എം എ സലാമിന്‍റെ വാക്കുകള്‍ ഇങ്ങനെ. 'കോവിഡ് കാലത്തും പ്രളയ കാലത്തും മുസ്ലിം ലീഗ് നടത്തിയ പോരാട്ടം എല്ലാവര്‍ക്കും അറിയാം. ജനങ്ങളെ സഹായിക്കാനും സേവിക്കാനും മുസ്ലിം ലീഗ് പോരാട്ടം നടത്തിയിട്ടുണ്ട്. അതാണ് യുദ്ധം. തെരഞ്ഞെടുപ്പുകളിലും നയപരമായ കാര്യങ്ങളിലും ലീഗ് പോരാട്ടം നടത്തിയിട്ടുണ്ട്. അറബി ഭാഷാ സമരത്തില്‍ മൂന്ന് സഹോദരന്‍മാര്‍ രക്തസാക്ഷികളായിട്ടുണ്ട്. അതിന്‍റെ ഗുണം സമുദായത്തിനും സമൂഹത്തിനും കിട്ടി. പിറ്റേന്ന് തന്നെ നിയമം പിന്‍വലിച്ചു. അതല്ലാതെ സങ്കൽപത്തിൽ ശത്രുവിനെ ഉണ്ടാക്കി അതിനോട് പോരാടുന്നതല്ല യുദ്ധം. ആ പോരാട്ടത്തിൽ മരിച്ചു വീണാൽ ഷഹീദിന്റെ കൂലി കിട്ടുമെന്ന് കരുതേണ്ട, അങ്ങനെ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വർഗത്തിലാണ്'- പി എം എ സലാം പറഞ്ഞു. ഇടതുപക്ഷത്തോട് പോരാടിയാണ് ഇതുവരെയൊക്കെ എത്തിയതെന്നും ഒത്തുതീര്‍പ്പുകള്‍ വേണ്ടിടത്ത് അതു ചെയ്യേണ്ടിവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പി കെ കുഞ്ഞാലിക്കുട്ടി എല്‍ ഡി എഫ് സര്‍ക്കാരിനോടും സി പി എമ്മിനോടും മൃദുസമീപനം സ്വീകരിക്കുന്നെന്ന കെ എം ഷാജിയുടെ നിരന്തരവിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായിരുന്നു ഇരുനേതാക്കളുടെയും വാക്കുകള്‍.

  കെ എം ഷാജി നിരന്തരം അച്ചടക്കലംഘനം നടത്തുന്നുവെന്നും നടപടി വേണമെന്ന് മലപ്പുറത്തെ പ്രവര്‍ത്തകസമിതി യോഗത്തില്‍ കുഞ്ഞാലിക്കുട്ടി പക്ഷത്തെ നേതാക്കള്‍ ആവശ്യം ഉന്നയിച്ചതിന് പിന്നാലെ ഷാജി മറുപടിയുമായി എത്തിയിരുന്നു. ശത്രുവിന്റെ കൂടാരത്തിന്‍റെ ചായ്പ്പിൽ പോവില്ലെന്നും പോരാളിയുടെ സമരവും ജീവിതവും യുദ്ധഭൂമിയിൽ തന്നെയായിരിക്കുമെന്നായിരുന്നു കെ എം ഷാജിയുടെ പ്രസംഗം. കമ്മിറ്റി ഒന്നാകെ വിമർശിച്ചാലും മനംനൊന്ത് ശത്രുപാളയത്തിൽ അഭയം തേടില്ലെന്നും പാർട്ടി തിരുത്തിയാൽ ശത്രുപാളയത്തിൽ അഭയം പ്രാപിക്കില്ലെന്നും ഷാജി പറഞ്ഞു. പോരാളിയുടെ സമരവും ജീവിതവും യുദ്ധഭൂമിയിൽ തന്നെയായിരിക്കും. ശത്രുവിന്റെ കൂടാരത്തിന്റെ ചായ്പ്പിൽ പോവില്ല. ശത്രുവിന്റെ പാളയത്തിൽ അടയിരുന്ന് ആനുകൂല്യം പറ്റുന്നവരുടെ കൂട്ടത്തിൽ താനുണ്ടാവില്ലെന്നും കെ എം സി സി സംഘടിപ്പിച്ച യോഗത്തില്‍ കെ എം ഷാജി വ്യക്തമാക്കി. ഇത് വിവാദമായതിന് പിന്നാലെ ഷാജിയില്‍ നിന്ന് വിശദീകരണം തേടുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞിരുന്നു.

  കെ എം ഷാജി വിദേശത്ത് നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. നാദാപുരത്തെ വിവാഹ വീട്ടിൽ വെച്ചായിരുന്നു ഇരുവരും കണ്ടത്. എന്നാല്‍ ഈ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയവിഷയങ്ങള്‍ ചര്‍ച്ചയായില്ലെന്നാണ് സൂചന. വിവാദങ്ങളുമായി ബന്ധപ്പെട്ട് തന്‍റെ ഭാഗം വിശദീകരിക്കാന്‍ കെ എം ഷാജി അടുത്തദിവസം പാണക്കാട്ടെത്തി സാദിഖലി തങ്ങളെ കണ്ടേക്കും.

  അച്ചടക്കലംഘനത്തിന്റെ പേരിൽ നടപടി വേണമെന്ന ആവശ്യമുയര്‍ന്നതോടെ ഷാജിക്ക് പിന്തുണ പ്രഖ്യാപിക്കുന്ന ക്യാമ്പയിനും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. പൊതുവേദിയിലുള്ള വിമര്‍ശനം തുടര്‍ന്നാല്‍ നടപടിയുണ്ടാവുമെന്നുള്ള സാദിഖലി തങ്ങളുടെ താക്കീതിന് ശേഷം ജനറല്‍ സെക്രട്ടറി തന്നെ വിമര്‍ശനവുമായി എത്തിയത് അച്ചടക്കലംഘനമല്ലേയെന്ന ചോദ്യം ഷാജിയെ പിന്തുണക്കുന്നവര്‍ ഉയര്‍ത്തുന്നു. പ്രാദേശിക നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പ്രതികരണങ്ങളില്‍ നേതൃത്വത്തിനെതിരായ വിമര്‍ശനവുമുണ്ട്.

  Published by:Anuraj GR
  First published: