തിരുവനന്തപുരം: നെടുമങ്ങാട് രണ്ടു മന്ത്രിമാർ പങ്കെടുക്കുന്ന പാലം ഉദ്ഘാടനത്തിനു വന്നില്ലെങ്കിൽ നൂറു രൂപ പിഴ ഈടാക്കുമെന്നു കുടുംബശ്രീ അംഗങ്ങളോട് പഞ്ചായത്തംഗത്തിന്റെ ശബ്ദ സന്ദേശം വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി പഞ്ചായത്തംഗം ഷീജ. പാലം ഉദ്ഘാടനത്തിന് എത്തിയില്ലെങ്കിൽ കുടുംബശ്രീ അംഗങ്ങൾ 100 രൂപ ഫൈൻ നൽകണമെന്ന് പറഞ്ഞത് തമാശയാണെന്ന് ഷീജ പറഞ്ഞു.
”20 വർഷം കുടുംബശ്രീയിൽ പ്രവർത്തിച്ച ഒരു വ്യക്തിയാണ് ഞാൻ. എന്റെ ഒരു സൗഹൃദ ഗ്രൂപ്പിൽ ഞാനൊരു മെസേജിട്ടു. എല്ലാ ആൾക്കാരും പങ്കെടുക്കണം. വോയ്സ് കേൾക്കുന്ന എല്ലാവർക്കും മനസ്സിലാകും. അവസാനം കളി രൂപേണ ചിരിച്ചു കൊണ്ടാണ് ഫൈൻ എന്ന കാര്യം പറഞ്ഞു പോയത്. അതിന് മറ്റൊരു അർത്ഥമില്ല. എനിക്ക് സ്വന്തമായി പൈസ എടുക്കാനല്ല. കളി രൂപേണ പറഞ്ഞ കാര്യമാണ്. ഇത്രയേറെ വിവാദത്തിൽ ചെന്നെത്തിയിരിക്കുന്നത്.” എന്ന് ആനാട് പഞ്ചായത്ത് അംഗം ഷീജ പറഞ്ഞു.
ഞായറാഴ്ച വൈകിട്ട് നടക്കുന്ന പഴകുറ്റി പാലം ഉദ്ഘാടന ചെയ്യാനായി മന്ത്രി മുഹമ്മദ് റിയാസും മന്ത്രി ജി.ആർ.അനിലും എത്തുന്നതിന്റെ ഭാഗമായാണ് ശബ്ദസന്ദേശം. ഈ ചടങ്ങിൽ എല്ലാ കുടുംബശ്രീ അംഗങ്ങളും പങ്കെടുക്കണമെന്നു നിർദേശിച്ചു കൊണ്ട് വാട്സാപ് ഗ്രൂപ്പിലാണ് ഷീജ ശബ്ദസന്ദേശം പങ്കുവച്ചത്. മന്ത്രി ജി.ആർ.അനിലിന്റെ മണ്ഡലത്തിലാണു ചടങ്ങ്. പിഴ ഈടാക്കുമെന്ന് കാര്യമായി പറഞ്ഞതല്ല, അംഗങ്ങളോടുള്ള അടുത്ത ബന്ധത്തിന്റെ പേരിൽ വെറുതെ പറഞ്ഞതാണ് എന്നായിരുന്നു ഷീജയുടെ ആദ്യ വിശദീകരണം. കാലങ്ങളായി കാത്തിരുന്ന ചടങ്ങ് യാഥാർത്ഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് എല്ലാ കുടുംബശ്രീ അംഗങ്ങളോടും നിർബന്ധമായും എത്താൻ പറഞ്ഞതെന്നും ഷീജ വിശദീകരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.