• HOME
  • »
  • NEWS
  • »
  • kerala
  • »
  • തകർന്നത് യു.ഡി.എഫിന്റെ മധ്യകേരളത്തിലെ ഉറച്ച കോട്ടകൾ; ക്രൈസ്തവ വോട്ടുകളെ അകറ്റിയത് എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി ബന്ധമോ?

തകർന്നത് യു.ഡി.എഫിന്റെ മധ്യകേരളത്തിലെ ഉറച്ച കോട്ടകൾ; ക്രൈസ്തവ വോട്ടുകളെ അകറ്റിയത് എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി ബന്ധമോ?

കോട്ടയവും പത്തനംതിട്ടയും ഉൾപ്പെടെ യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളാണ് ഈ തെരഞ്ഞെടുപ്പിൽ മുന്നണിയെ കൈവിട്ടത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ ഒരു കാലത്തും തകരാത്ത കോട്ടകളിലും അടിതെറ്റി യു.ഡി.എഫ്. കോട്ടയവും പത്തനംതിട്ടയും ഉൾപ്പെടെ യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളാണ് ഈ തെരഞ്ഞെടുപ്പിൽ മുന്നണിയെ കൈവിട്ടത്. ക്രൈസ്തവ സമുദായാംഗങ്ങളാണ്  കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വോട്ടർമാരിലേറെയും. കാലങ്ങളായി യു.ഡി.എഫിനെ ഈ ജില്ലകളിൽ നിലനിർത്തുന്നതും ഇവരുടെ വോട്ടുകളാണെന്നതിലും സംശയമില്ല. എന്നാൽ മറ്റു തെരഞ്ഞെടുപ്പുകളിൽ നിന്നും വ്യത്യസ്തമായി എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി എന്നിവയുമായി യു.ഡി.എഫ് ഇത്തവണ പ്രാദേശിക തലത്തിൽ നീക്കുപോക്ക് നടത്തിയിരുന്നു. ഇതാണ് യു.ഡി.എഫിൻറെ പരമ്പരാഗത വോട്ടു ബാങ്കുകളായി അറിയപ്പെട്ടിരുന്ന ക്രൈസ്തവ വിശ്വാസികളെ അകറ്റാൻ കാരണമെന്നു വിലയിരുത്തപ്പെടുന്നത്.

    കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതു മുന്നണിയിലേക്ക് കളം മാറിയതും തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ ക്ഷീണിപ്പിച്ചു. ഇതിനു പിന്നാലെയാണ് എസ്.ഡി.പി.ഐ വെൽഫെയർ നീക്കു പോക്കും പരമ്പരാഗത വോട്ടു ബാങ്കിൽ വിള്ളൽ വീഴ്ത്തിയത്. നീക്കു പോക്ക് പ്രാദേശികമായിരുന്നെങ്കിലും സംസ്ഥാനതലത്തിൽ ഇത് വൻ ചർച്ചയായിരുന്നു.

    ഈ നീക്കു പോക്ക് ഏറ്റവുമധികം പ്രത്യാഘാതമുണ്ടാക്കിയത് പത്തനംതിട്ട ജില്ലയിലാണെന്നാണ് പ്രദേശിക നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ജോസ് കെ. മാണിക്ക് കാര്യമായ സ്വാധീനമില്ലാത്ത മേഖലയായിട്ടും പത്തനംതിട്ടയിൽ യു.ഡി.എഫിനെ അടിതെറ്റിച്ചത് തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്ന ‍ഇത്തരം സംഘടനകളുമായുള്ള നീക്കു പോക്കാണെന്നും ഇവർ പറയുന്നു.

    അതേസമയം യു.ഡി.എഫ് ബന്ധത്തിലൂടെ മികച്ച നേട്ടമാണ് എസ്.ഡി.പി.ഐയും വെൽഫെയർ പാർട്ടിയും ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയത്. ഏറ്റവും അവസാനം പുറത്തുവന്ന കണക്കനുസരിച്ച് 2015-ൽ 47 സീറ്റ് മാത്രം ഉണ്ടായിരുന്ന എസ്.ഡി.പി.ഐ ഇക്കുറി നൂറിലധികം സീറ്റുകളിലാണ് വിജയിച്ചത്.  ആലപ്പുഴ, പത്തനംതിട്ട, തിരുവല്ല, പെരുമ്പാവൂര്‍, ഈരാറ്റുപേട്ട, ഇരിട്ടി നഗരസഭകളിലും വന്‍ മുന്നേറ്റമാണ് അവർ നടത്തിയത്.

    Also Read ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് തോറ്റു; പരാജയം സിറ്റിങ് സീറ്റില്‍

    കൊച്ചി കോർപറേഷനിൽ യു.ഡി.എഫ് പിന്തുണയിൽ അക്കൗണ്ട് തുറക്കാനായതും വെൽഫെയർ പാർട്ടിക്ക് നേട്ടമാണ്. എറണാകുളം, കോട്ടയം, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, ജില്ലകളിലായി നാൽപ്പതിലധികം വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികളാണ് യു.ഡി.എഫ് പിന്തുണയിൽ വിജയിച്ചത്.

    വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രാദേശിക ധാരണ സംബന്ധിച്ച് യുഡിഎഫ് നേതാക്കള്‍ക്കിടയിലും അഭിപ്രായഭിന്നത പ്രകടമായിരുന്നു. മുൻ തെര‍ഞ്ഞെടുപ്പുമായി താരതമ്യം  ചെയ്യുമ്പോൾ വിജയിച്ച സീറ്റുകളുടെ എണ്ണത്തിൽ യു.ഡി.എഫിന് നഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്ന് വാദിക്കാമെങ്കിലും ഉറച്ച കോട്ടകളിൽ അടിതെറ്റിയത് നേതൃത്വത്തെ പോലും ഞെട്ടിച്ചിരിക്കുകയാണ്.
    Published by:Aneesh Anirudhan
    First published: