തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകൾ ഇനി വാട്ടർ അതോറിറ്റി (Kerala Water Authority) തോന്നുന്ന പോലെ കുത്തി പൊളിക്കില്ല. ടാർ ചെയ്ത റോഡ് അശാസ്ത്രീയമായി ഉടൻ പൊളിക്കുന്നത് തടയാൻ നടപടിയുമായി സർക്കാർ. ഇതിനായി പൊതുമരാമത്ത് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി നിരീക്ഷണ സമിതി രൂപീകരിച്ചു.
റോഡുകൾ നിർമ്മിച്ചതിന് പിന്നാലെ ജലസേചനത്തിനായി കുത്തിപ്പൊളിക്കുന്നത് സ്ഥിരം കാഴ്ചയായിരുന്നു. വിമർശനങ്ങൾ തുടർന്നതോടെയാണ് ഇരു വകുപ്പുകളുടെയും മന്ത്രിമാർ യോഗം ചേർന്നത്. വകുപ്പുകളുടെ ഏകോപനത്തിനായി ഇരു വകുപ്പുകളുടെയും ഉദ്യോഗസ്ഥരെ ഉൾപെടുത്തി സമിതി രൂപീകരിച്ചു. റോഡുകൾ പൊളിക്കേണ്ടതുണ്ടെങ്കിൽ സംസ്ഥാന ജില്ല സമിതികളാകും തീരുമാനിക്കുക.
റോഡുകളുടെ നിർമ്മാണത്തിൽ വാട്ടർ അതോറിറ്റി പ്രവർത്തനങ്ങൾ കാരണം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഗൗരവമായി കാണുന്നതായി മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. വാട്ടർ അതോറിറ്റി നിർമ്മാണങ്ങളും കൂട്ടിയിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ രണ്ട് വകപ്പുകളും തമ്മിൽ ആലോചിച്ച് നടത്തും. ഭാവിയിലെ പ്രവർത്തനങ്ങളുടെ പ്ലാനിംഗും രണ്ട് വകുപ്പും ആലോചിക്കും. ഇരു വകുപ്പുകളുടെയും പ്രവർത്തനങ്ങൾ ഒരുമിച്ച് വരാതിരിക്കാൻ സമയ ക്രമം നിശ്ചയിക്കുന്നതും പരിഗണനയിലാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
Also Read-Bharatmala | തിരുവനന്തപുരത്ത് നിന്ന് അങ്കമാലിയിലേക്ക് പുതിയ മലയോരപാത വരുന്നു
വകുപ്പുകളുടെ ഏകോപനമാണ് പ്രധാന ആവശ്യമെന്നും, സങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി പ്രശ്നങ്ങൾ പരിഹരിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. നടക്കുന്ന റോഡ്- പൈപ്പ് പ്രവർത്തനങ്ങളും, ഭാവി പരിപാടികളും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പരിഹാരം കാണുന്നതിന് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കും.
Also Read-'മിന്നൽ മുരളി' പഠിച്ച സ്കൂൾ വൈറലാകുന്നു; രണ്ടാം നിലയിലെ ക്ലാസിലെത്താൻ പറക്കണം
സംസ്ഥാന അടിസ്ഥാനത്തിൽ പുതിയ കമ്മിറ്റി മാസം 15 ന് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകി. ജില്ല അടിസ്ഥാനത്തിൽ രണ്ട് വകുപ്പുകളുടെയും കമ്മിറ്റി അതിന് ശേഷം രൂപീകരിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വകുപ്പുകളുടെ ഏകോപനം സാധ്യമാകുന്നത്തോടെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് വലിയ പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.
ടാർ ചെയ്ത റോഡുകൾ ഉടൻ കുത്തിപ്പൊളിക്കുന്നതിനെതിരെ ജല വിഭാവ വകുപ്പിനെതിരെ മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിൽ സാങ്കേതിക പ്രശ്നങ്ങളും വെല്ലുവിളിയാണെന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റിന്റെ വിശദീകരണം. ഇതിന് പിന്നാലെയാണ് ഇരു വകുപ്പുകളും മന്ത്രി തല ചർച്ച നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala roads, Kerala water authority, Minister Muhammed Riyas, Roshi Augustine