നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Mullaperiyar | ജലനിരപ്പ് താഴ്ന്നു; മുല്ലപ്പെരിയാറിലെ തുറന്ന എല്ലാ സ്പിൽവേ ഷട്ടറുകളും അടച്ചു

    Mullaperiyar | ജലനിരപ്പ് താഴ്ന്നു; മുല്ലപ്പെരിയാറിലെ തുറന്ന എല്ലാ സ്പിൽവേ ഷട്ടറുകളും അടച്ചു

    നിലവില്‍  138.50 അടിയാണ് ഡാമിലെ നിലവിലെ ജലനിരപ്പ്

    • Share this:
      മുല്ലപ്പെരിയാര്‍ (Mullaperiyar)ഡാമിലെ ജലനിരപ്പ് താഴ്ന്ന സാഹചര്യത്തില്‍ തുറന്ന എല്ലാ സ്പില്‍വേ ഷട്ടറുകളും തമിഴ്‌നാട് അടച്ചു. നിലവില്‍  138.50 അടിയാണ് ഡാമിലെ നിലവിലെ ജലനിരപ്പ്.

      ഇന്ന് 11 മണിക്കാണ് അവസാന ഷട്ടറും അടച്ചത്. ഡാമിലെക്കുള്ള നിരൊഴുക്കും ഒപ്പം മഴയും കുറഞ്ഞ് സാഹചര്യം അനുകൂലമായ സാഹചര്യത്തിലാണ് ഷട്ടറുകള്‍ പൂര്‍ണമായി അടച്ചത്.

      അതേ സമയം അറബിക്കടലില്‍ ലക്ഷദ്വീപിനു സമീപം സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദം വീണ്ടും ശക്തിപ്പെട്ട് തീവ്രന്യൂനമര്‍ദമാകും. നിലവിലെ അന്തരീക്ഷസ്ഥിതി അവലോകന പ്രകാരം ഇത് ചുഴലിക്കാറ്റാകാന്‍ സാധ്യതയില്ല. ഇന്ത്യന്‍ തീരത്ത് നിന്ന് വളരെ അകലെയാണ് സഞ്ചാരപാതയെന്നതിനാല്‍ കഴിഞ്ഞ ദിവസത്തെ അവലോകന റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചതുപോലെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കില്ല. മധ്യകിഴക്കന്‍ അറബിക്കടല്‍ വഴിയാണ് ഈ ന്യൂനമര്‍ദം സഞ്ചരിക്കുക. കര കയറാതെ കടലില്‍ തന്നെ ദുര്‍ബലമാകാനാണ് സാധ്യത.

      ദക്ഷിണേന്ത്യയില്‍ ഒറ്റപ്പെട്ട മഴ

      ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലം ദക്ഷിണേന്ത്യയില്‍ ഒറ്റപ്പെട്ട മഴക്ക് കാരണമാകും. കേരളത്തില്‍ കിഴക്കന്‍ മേഖല കേന്ദ്രീകരിച്ച് ഒറ്റപ്പെട്ട ശക്തമായ മഴ അടുത്ത അഞ്ചു ദിവസവും പ്രതീക്ഷിക്കാം. ചില പ്രദേശങ്ങളില്‍ അതിശക്തമായ മഴക്കും സാധ്യതയുള്ളതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത പ്രാദേശികാടിസ്ഥാനത്തില്‍ നിലനില്‍ക്കുന്നു.

      കോട്ടയം ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ ഇന്നലെ കനത്ത മഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. വനത്തില്‍ ഉരുള്‍പൊട്ടിയതായാണ് സംശയം. ഈയിടെ ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കല്‍ ഇളംകാട് ഭാഗത്താണ് ഉരുള്‍പൊട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂപ്പന്‍മല, മ്ലാക്കര മേഖലകളില്‍ മലവെള്ളപ്പാച്ചിലുണ്ടായി. മണിമലയാറ്റിലേക്ക് പ്രവേശിക്കുന്ന പുല്ലകയാില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇത്തരം മഴ അടുത്ത ദിവസങ്ങളിലും കേരളത്തില്‍ വിവിധ കിഴക്കന്‍ മലയോരങ്ങളില്‍ പ്രതീക്ഷിക്കാമെന്ന് ഞങ്ങളുടെ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. മലയോര മേഖലയിലുള്ളവര്‍ വൈകിട്ടും രാത്രിയും ശക്തമായ മഴയുണ്ടെങ്കില്‍ ജാഗ്രത പാലിക്കണം.

      സംസ്ഥാനത്ത് ആറ് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പൊന്മുടി, കുണ്ടള, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍ (ഇടുക്കി), പെരിങ്ങല്‍കുത്ത് (തൃശൂര്‍), മൂഴിയാര്‍ (പത്തനംതിട്ട) എന്നീ അണക്കെട്ടുകളിലാണ് റെഡ് അലര്‍ട്ട്. ഇടുക്കി, മാട്ടുപ്പെട്ടി, ആനയിറങ്ങല്‍ (ഇടുക്കി), കക്കി ആനത്തോട് (പത്തനംതിട്ട), ഷോളയാര്‍ (തൃശൂര്‍) ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഇടുക്കി കല്ലാര്‍കുട്ടി ഡാമില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

      കേരള തീരത്ത് മത്സ്യബന്ധന വിലക്ക്

      കേരള-ലക്ഷദ്വീപ് തീരത്ത് ഇന്നും നാളെയും, കർണാടക തീരത്ത് ഇന്ന് മുതൽ ഞായറാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്.

      തുലാവർഷം അവസാനിക്കുന്നത് വരെ കേരളത്തിൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി. ഒറ്റപ്പെട്ടതാണെങ്കിലും കനത്ത മഴയ്ക്ക് സാധ്യതയേറെയാണ്. പലയിടങ്ങളിലും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഒറ്റപ്പെട്ടതാണെങ്കിലും കനത്ത മഴയിൽ ജാഗ്രത അനിവാര്യമാണ്.

      തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലും സമീപത്തുള്ള സുമാത്ര തീരത്തുമായി ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. നവംബർ ഒമ്പതിന് ഇത് തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് കൂടുതൽ ശക്തിപ്രാപിച്ച് വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തമിഴ്നാടിന്റെ വടക്കൻ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
      Published by:Jayashankar AV
      First published:
      )}