• HOME
 • »
 • NEWS
 • »
 • kerala
 • »
 • UAE മലയാളികൾ അറിഞ്ഞിരിക്കേണ്ട സോഷ്യൽമീഡിയ നിയമങ്ങൾ

UAE മലയാളികൾ അറിഞ്ഞിരിക്കേണ്ട സോഷ്യൽമീഡിയ നിയമങ്ങൾ

സൈബർ ക്രൈം

സൈബർ ക്രൈം

 • Last Updated :
 • Share this:
  #അഡ്വ. ഹാഷിക്ക് തായിക്കണ്ടി

  ദുബായ്: സോഷ്യല്‍മീഡിയ ദുരുപയോഗം - ഗള്‍ഫിലെ പ്രമുഖ ബിസിനസ് സ്ഥാപനത്തില്‍ നിന്നും മലയാളിയെ പിരിച്ചുവിട്ടു. പ്രമുഖ സ്വര്‍ണാഭരണശാലയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മലയാളിക്ക് ഭീമമായ തുക പിഴയും ജയില്‍ശിക്ഷയും നാടുകടത്തലും. പിഴസംഖ്യ അടക്കാനാവാതെ ഇയാള്‍ മാസങ്ങളോളം ജയിലില്‍ കഴിയുന്നു.

  അജ്മാനില്‍ ഭര്‍ത്താവിന്‍റെ വാട്സപ്പ് സന്ദേശം പരിശോധിക്കുകയും ചിത്രങ്ങള്‍ ഫോര്‍വേര്‍ഡ് ചെയ്തതിനും ഭാര്യക്ക് ജയില്‍ശിക്ഷയും നാടുകടത്തലും.
  തന്‍റെ സഹപ്രവര്‍ത്തകയെ അപമാനിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ സന്ദേശം ഇട്ടതിന് ഇന്ത്യന്‍ യുവാവിന് ഭീമമായ തുക പിഴയും ജയില്‍ശിക്ഷയും.

  ഇന്‍റര്‍നെറ്റിലൂടെ അശ്ലീലവീഡിയോ കണ്ടതിന് മധ്യവയസ്കനായ പ്രവാസി ജാമ്യമില്ലാതെ ജയിലില്‍. കമ്പനിയുടെ ഉപഭോക്താക്കളെക്കുറിച്ചും ബിസിനസ് രഹസ്യങ്ങളും സുഹൃത്തിന് കൈമാറിയതിന് സെയില്‍സ് മാനേജര്‍ അറസ്റ്റില്‍, തുടങ്ങി മതവികാരത്തെ വ്രണപ്പെടുത്തുന്ന സന്ദേശങ്ങളയച്ചതിനും മുഖ്യമന്ത്രിയേയും മന്ത്രിമാരേയും നേതാക്കളേയും ആക്ഷേപിച്ചതിനുള്ള കേസുകള്‍ തുടങ്ങിയവ നിത്യവാര്‍ത്തകള്‍ ആവുന്ന സാഹചര്യത്തില്‍ നവമാധ്യമങ്ങളുടെ ഉപയോഗം നിയമാനുസൃതമായി ചെയ്യേണ്ടതില്‍ നമ്മളോരോരുത്തരും അതീവശ്രദ്ധ കൊടുക്കേണ്ടതാണ്.

  വാട്സാപ്, ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നിങ്ങനെ വിവിധ മാര്‍ഗങ്ങളിലൂടേ പ്രായഭേദമന്യേ ദിവസത്തില്‍ ഏറിയ പങ്കും നവമാധ്യമങ്ങളില്‍ ചിലവഴിക്കുന്നവരായി ലോകം മാറിക്കഴിഞ്ഞതോടെ സോഷ്യല്‍മീഡിയ നിത്യജീവിതത്തിന്‍റെ ഭാഗമായി തന്നെ മാറിയിരിക്കുന്നു. ഇത്തരത്തില്‍ വാര്‍ത്തകളും സന്ദേശങ്ങളും സൗഹൃദങ്ങളുമൊക്കെ നവമാധ്യമങ്ങളിലൂടെ കൈമാറുന്ന നമുക്ക് അതാത് രാജ്യത്തെ സൈബര്‍ നിയമങ്ങള്‍ അറിഞ്ഞിരിക്കുന്നില്ലെങ്കില്‍ പല നിയമപരമായ പ്രശ്നങ്ങളും നേരിടേണ്ടി വരും.

  UAEയില്‍ താമസിക്കുന്ന നാം സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട നിയമങ്ങളും ചട്ടങ്ങളുമാണ് താഴെ,

  1) ആളുകളുടെ അനുവാദമില്ലാതെ അവരുടെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യരുത്

  പൊതുസ്ഥലങ്ങളില്‍ നിന്നോ മറ്റോ അപരിചിതരുടെ ചിത്രങ്ങള്‍ എടുക്കുന്നത് വലിയ കുറ്റമായി പല രാജ്യങ്ങളും കാണാറില്ലെങ്കിലും
  Article 21 of Federal law No.5 of 2015 (Cyber crime law) പ്രകാരം - 'photographing others' ചുരുങ്ങിയത് ആറുമാസം മുതല്‍, ഏറ്റവും കുറഞ്ഞത് AED 150,000 (ഒരു ലക്ഷത്തി അമ്പതിനായിരം) ദിര്‍ഹത്തോളം പിഴ ലഭിക്കുന്നതും  ജയില്‍ശിക്ഷ കൂടാതെ നാടുകടത്തല്‍ അടക്കമുള്ള ശിക്ഷ ലഭിക്കാവുന്നതുമായ കുറ്റമാണ്. 2018 ജൂണ്‍ മാസം മുതല്‍ Federal lawയില്‍ കുറ്റകൃത്യത്തിന്‍റെ സ്വഭാവത്തിനും അതിന്‍റെ വ്യാപ്തിക്കും അനുസരിച്ച് ഭീമമായ തുക പിഴയും ജയില്‍ശിക്ഷയുടെ കാലാവധിയും കൂട്ടിയിരിക്കുകയാണ്.

  2) ആളുകളുടെ സ്വകാര്യതയെയും രഹസ്യങ്ങളെയും മാനിക്കുക

  ഒരാളുടെ വ്യക്തിപരമായ കാര്യങ്ങള്‍ (private details) അവന്‍റെയോ അവളുടേയോ സമ്മതമില്ലാതെ കൈമാറുന്നതും പ്രചരിപ്പിക്കുന്നതും, രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ (confidential information) കമ്പനിയെക്കുറിച്ചോ തൊഴില്‍ ദാതാവിനെക്കുറിച്ചോ കൈമാറുന്നതും പ്രചരിപ്പിക്കുന്നതും cyber law Article 4 പ്രകാരം - ഏറ്റവും കുറഞ്ഞത് AED 250,000 മുതല്‍ AED 2 Million (രണ്ട് മില്ല്യണ്‍ ദിര്‍ഹം) വരെ പിഴയും ജയില്‍ശിക്ഷയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

  3) ഗോസിപ്പുകളും അപവാദങ്ങളും പ്രചരിപ്പിക്കരുത്

  വ്യക്തികളെക്കുറിച്ചോ സ്ഥാപനങ്ങളെക്കുറിച്ചോ ഗോസിപ്പുകളും അപവാദങ്ങളും പ്രചരിപ്പിക്കുന്നത് UAEയിലെ Cyber നിയമപ്രകാരവും UAE ക്രിമിനല്‍ നിയമപ്രകാരവും ഗുരുതരമായ കുറ്റകൃത്യമാണ്. ജയില്‍, പിഴ, നാടുകടത്തല്‍ എന്നിവക്ക് പുറമെ, ഇരയാക്കപ്പെട്ടവര്‍ക്ക് (victim) സിവില്‍ നടപടി പ്രകാരം നഷ്ടപരിഹാരത്തിനായി നിയമനടപടികള്‍ സ്വീകരിക്കാവുന്നതുമാണ്.

  4) നിയമവിരുദ്ധമായ ഓൺലൈൻ ചാനലുകൾ ഉപയോഗിക്കരുത്

  'Voice Over Internet Protocol' (VOIP) തുടങ്ങിയ Skype പോലുള്ള ഉപാധികള്‍. UAE cyber law Article 34 പ്രകാരം communicative service, audio or video എന്നിവ നിയമപരമല്ലാതെ (without legal right) ഉപയോഗിച്ചാല്‍ ചുരുങ്ങിയത് ഒരു വര്‍ഷം മുതല്‍ AED 2 Million പിഴ ശിക്ഷ അടക്കമുള്ള ശിക്ഷകള്‍ ലഭിക്കുന്ന കുറ്റകൃത്യമാണ്. ഉപയോക്താവിന്‍റെ IP അഡ്രസ് പയോഗിച്ച് ഏതുപകരണം മുഖേനയാണ് ഇത്തരത്തിലുള്ള ദുരുപയോഗം നടന്നതെന്ന് കണ്ടെത്താന്‍ സേവനദാതാവിന് ഒട്ടും ബുദ്ധിമുട്ടില്ല

  5) ഇസ്ലാമിക മൂല്യങ്ങളെയും ധാർമികതയെയും അവഹേളിക്കുന്ന തരത്തിൽ പോസ്റ്റുകൾ പങ്കുവെക്കരുത്

  ഇസ്ലാമികമായ മൂല്യങ്ങളെയോ വിശ്വാസത്തെയോ ഹനിക്കുന്ന രീതിയില്‍ social media ഉപയോഗിക്കുന്നതോ വീക്ഷിക്കുന്നതോ article 17 പ്രകാരം, ജയിലും AED 5 ലക്ഷം മുതല്‍ ഒരു മില്യണ്‍ ദിര്‍ഹം പിഴ ലഭിക്കാവുന്നതും, നാടുകടത്തല്‍ അടക്കമുള്ള ശിക്ഷ ലഭിക്കുന്നതുമായ കുറ്റകൃത്യമാണ്. നഗ്നചിത്രങ്ങള്‍, നീലചിത്രങ്ങള്‍, മദ്യപാനം തുടങ്ങിയവ പ്രചരിപ്പിക്കുന്നതും വീക്ഷിക്കുന്നതും ഗുരുതരമായ കുറ്റകൃത്യമായി കാണുകയും അത്തരത്തില്‍ നിരവധി കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്.

  6) മറ്റ് സൈബർ കുറ്റകൃത്യങ്ങളും അനന്തരഫലങ്ങളും

  ജാതിയുടെയോ മതത്തിന്‍റെയോ വര്‍ണത്തിന്‍റെയോ പേരില്‍ സമൂഹസുരക്ഷക്ക് കോട്ടം തട്ടുന്ന വിധത്തില്‍ കലാപങ്ങള്‍ ഉണ്ടാക്കുന്നതോ, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ കാര്യങ്ങള്‍ ചെയ്യുന്നത് ഗുരുതരമായ കുറ്റവും - ഏറ്റവും കുറഞ്ഞത് ഒരു മില്ല്യണ്‍ ദിര്‍ഹം വരെ പിഴയും ജയിലും നാടുകടത്തലും ലഭിക്കുന്നതുമായ കുറ്റകൃത്യമാണ്. വ്യഭിചാരം (prostitution), ചൂതാട്ടം എന്നിവക്കും സോഷ്യല്‍മീഡിയ ദുരുപയോഗം ചെയ്യരുത്.

  കുടാതെ നിയമപ്രകാരം അനുവാദമില്ലാതെ സംഭാവനകള്‍ സ്വീകരിക്കുന്നതും, ആവശ്യപ്പെടുന്നതും (collecting donation without license - article 27) അത് ഏതു കാരണത്താലായാലും, AED 2 ലക്ഷം മുതല്‍ ഒരു മില്യണ്‍ വരെ പിഴയും ജയില്‍ശിക്ഷയും ലഭ്യമാക്കുന്ന കുറ്റകൃത്യമാണ്. ഇതുകൂടാതെ, രാജ്യത്തെകുറിച്ചോ ഭരണകര്‍ത്താക്കളെകുറിച്ചോ, യശസ്സിന് കളങ്കപ്പെടുത്തുന്ന രീതിയിലുള്ള (damaging the reputation) കാര്യങ്ങള്‍ പറയുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് ഭീമമായ പിഴയും ജയില്‍ശിക്ഷയും ലഭിക്കുന്ന കുറ്റകൃത്യമാണ്.

  7) അപകടങ്ങളുടെ ചിത്രം പ്രദർശിപ്പിക്കുന്നത്

  യു എ ഇ ട്രാഫിക് ആക്സിഡൻസിലെ ദൃശ്യങ്ങള്‍ എടുക്കുന്നതും പ്രചരിപ്പിക്കുന്നതും AED 50,000 മുതല്‍ 3 മില്ല്യണ്‍ ദിര്‍ഹം പിഴയും, ജയില്‍ശിക്ഷയും, നാടുകടത്തലും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

  8) പങ്കാളിയുടെ ഫോൺ പരിശോധിക്കുന്നത്

  സൈബർ നിയമത്തിന്‍റെ നിര്‍വചനപ്രകാരം, ഭാര്യാഭര്‍ത്താക്കന്‍ തന്നെയാണെങ്കിലും, അനുവാദമില്ലാതെ മറ്റൊരു വ്യക്തിയുടെ phone, computer തുടങ്ങിയവ പരിശോധിക്കുന്നതും ചിത്രങ്ങളോ, മറ്റു രേഖകളോ എടുക്കുന്നതും AED ഒരു ലക്ഷം മുതല്‍ AED 3 ലക്ഷം വരെ പിഴയും, ജയിലും, നാടുകടത്തലും ലഭിക്കാവുന്ന ശിക്ഷയാണ് എന്നു പറയുമ്പോള്‍ ആശ്ചര്യപ്പെടുമെങ്കിലും, ഓരോ വ്യക്തികളുടെയും സ്വകാര്യതയെ അത്രമാത്രം ആദരിക്കുന്നതും ബഹുമാനിക്കുന്നതുമായ നിയമവ്യവസ്ഥയാണ് ഇവിടെയുള്ളത്. നിയമവിരുദ്ധമായി ഒരു വ്യക്തിക്കെതിരെയും അവരുടെ സ്വകാര്യതക്കെതിരായും ഒന്നും ചെയ്യരുതെന്ന് സാരം.

  ആധുനികകാലത്ത് ഏറ്റവും ഉപകാരപ്രദമായി ഉപയോഗിക്കുവാനും വാര്‍ത്തകളും സന്ദേശങ്ങളും സൗഹൃദങ്ങളും പങ്കിടാനും വ്യക്തികള്‍ തമ്മിലുള്ള ആശയവിനിമയം ലളിതമാക്കാനും ഉപകരിക്കുന്ന ഉപാധിയാണ് സോഷ്യല്‍മീഡിയ (നവമാധ്യമങ്ങള്‍) എന്നിരുന്നാലും അറിയാതെയെങ്കിലും അതിന്‍റെ ദുരുപയോഗം പല സാമൂഹ്യപ്രശ്നങ്ങളും സൃഷ്ടിക്കാറുണ്ട്. അതുകൊണ്ടു തന്നെ വളരെ ശ്രദ്ധാപൂര്‍വം ഉപയോഗിച്ച്, ഉപകാരപ്രദമായ രീതിയില്‍ വ്യക്തിജീവിതത്തിലും സമൂഹത്തിലും ഗുണപരമായ ഒന്നാക്കി മാറ്റാന്‍ നിയമപ്രകാരമായ മുന്‍കരുതലുകളിലൂടെ നമുക്ക് ശ്രമിക്കാം.

  (പ്രമുഖ അഭിഭാഷകനായ ലേഖകൻ യുഎഇയിൽ ലീഗൽ കൺസൾട്ടന്‍റ് ആണ്)
  First published: