HOME » NEWS » Kerala » WEB PORTAL SYSTEM TO KNOW IF THE DAM WILL OPEN AND WATER LEVEL IN PATHANAMTHITTA 1

ഡാം തുറക്കുമോ? ആശങ്ക വേണ്ട; കാര്യം അറിയാൻ ഒരു വെബ് പോർട്ടൽ

പത്തനംതിട്ട ജില്ലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ തന്നെയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. വാട്ടർ ലെവൽ എന്ന തലക്കെട്ടോടെയാണ് ജലനിരപ്പ്, ഡാം തുറക്കുന്നത് എന്നിവ സംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്

News18 Malayalam | news18-malayalam
Updated: June 13, 2021, 3:12 PM IST
ഡാം തുറക്കുമോ? ആശങ്ക വേണ്ട; കാര്യം അറിയാൻ ഒരു വെബ് പോർട്ടൽ
Rain
  • Share this:
പത്തനംതിട്ട: മഴക്കാലമായതോടെ പ്രളയ ഭീതിയിലാണ് പത്തനംതിട്ടയിലെ നദീതീരങ്ങളിൽ താമസിക്കുന്നവർ. ജലനിരപ്പുയരുന്നതും ഡാം തുറന്നുവിടുന്നതുമൊക്കെ അവരുടെ ആധി വർദ്ധിപ്പിക്കുന്നു. ഏതായാലും ഇത്തവണ ജലനിരപ്പ് ഉയരുന്നതും, ഡാം തുറക്കുന്നതുമൊക്കെ നാട്ടുകാരെ അറിയിക്കാൻ വെബ് പോർട്ടൽ സംവിധാനം ഒരുക്കിയിരിക്കുകയാണ് ദുരന്ത നിവാരണ വിഭാഗം. പത്തനംതിട്ട ജില്ലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ തന്നെയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. വാട്ടർ ലെവൽ എന്ന തലക്കെട്ടോടെയാണ് ജലനിരപ്പ്, ഡാം തുറക്കുന്നത് എന്നിവ സംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. https://pathanamthitta.nic.in/water-level എന്ന വെബ് പേജ് വഴി അതത് ദിവസത്തെയും തലേദിവസത്തെയും വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കും.

ജില്ലയിലെ പ്രധാന അണക്കെട്ടുകളായ കക്കി-ആനത്തോട്, പമ്പ, മണിയാർ, മൂഴിയാർ എന്നീ ഡാമുകളിലെ ജലനിരപ്പ് അതത് ദിവസം അപ്ഡേറ്റ് ചെയ്യും. തലേദിവസത്തെ വിവരം കൂടി ലഭ്യമാക്കും. ഓരോ ഡാമിലെയും ജലനിരപ്പ് നിശ്ചിത പരിധി കടക്കുന്നതോടെ വിവിധ അലർട്ടുകൾ വെബ് പേജിൽ പ്രത്യക്ഷപ്പെടും. ഉദാഹരണത്തിന് കക്കി ഡാമിൽ ജലനിരപ്പ് 980 മീറ്റർ കടന്നാൽ ഓറഞ്ച് അലർട്ടും 980.50 മീറ്റർ കടന്നാൽ റെഡ് അലർട്ടും നൽകും.

അണക്കെട്ടിലെ വിവരങ്ങൾ മാത്രമല്ല, നദികളിലെ ജലനിരപ്പ്, മഴയുടെ അളവ് എന്നിവയും ഈ വെബ് പേജ് വഴി ലഭ്യമാകും. പമ്പാ നിദിയിലെ വിവിധ പ്രദേശങ്ങളിലെ ജലനിരപ്പ് പ്രത്യേകമായി രേഖപ്പെടുത്തും. കുരുടാമണ്ണിൽ, മാരാമൺ, ആറൻമുള, മാലക്കര എന്നിവിടങ്ങളിലെ നിരീക്ഷണ സൂചകങ്ങൾ വഴിയാണ് ജലനിരപ്പ് രേഖപ്പെടുത്തുന്നത്. അച്ചൻകോവിൽ ആറ്റിൽ കോന്നി, കല്ലേലി, പന്തളം, തുമ്പമൺ എന്നിവിടങ്ങളിലെ ജലനിരപ്പ് സംബന്ധിച്ച വിവരങ്ങൾ വെബ് പേജിൽ ഉണ്ടാകും. മണിമലയാറ്റിൽ കല്ലുപ്പാറ, വള്ളംകുളം എന്നിവിടങ്ങളിലാണ് ജലനിരപ്പ് രേഖപ്പെടുത്തുന്ന സൂചകങ്ങളുള്ളത്. ഇതു കൂടാതെ മഴ സംബന്ധിച്ച വിശദ വിവരങ്ങളും പേജിൽ ലഭ്യമാകും. വിവിധ നദികളിലെ വൃഷ്ടിപ്രദേശങ്ങളിലെ മഴയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇവിടെ ലഭ്യമാക്കുന്നത്. ഇത് ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് മുൻകൂർ മനസിലാക്കാൻ സഹായിക്കും.

പ്രളയ സാധ്യതയുണ്ടായാൽ ആളുകൾക്ക് ആവശ്യമായ മുന്നൊരുക്കം നടത്താൻ ഈ വെബ് പേജ് സഹായിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. അണക്കെട്ട് തുറക്കുന്നതും, നദികളിലെ ജലനിരപ്പും, മഴയുടെ വിവരങ്ങളും കൃത്യമായി ജനങ്ങളിലെത്തിക്കാനായാൽ, പ്രളയസാധ്യത അവർക്ക് തന്നെ മുൻകൂട്ടി വിലയിരുത്താനും ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താനും സാധിക്കും. 2018-ലെ പ്രളയത്തിൽ ഏറ്റവുമധികം രൂക്ഷത അനുഭവിച്ച ജില്ലയാണ് പത്തനംതിട്ട. പമ്പ, അച്ചൻകോവിൽ, മണിമല തുടങ്ങിയ ജില്ലയിലെ നദികളെല്ലാം അന്ന് കരകവിഞ്ഞു ഒഴുകിയിരുന്നു. നിരവധിയാളുകളെയാണ് പ്രളയം സാരമായി ബാധിച്ചത്.
Published by: Anuraj GR
First published: June 13, 2021, 2:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories