തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി മികച്ച വിജയമാണ് നേടിയതെന്ന് സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ഒരു കോർപറേഷൻ ഡിവിഷൻ, ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ, 14 മുനിസിപ്പൽ വാർഡുകൾ, 49 ഗ്രാമ പഞ്ചായത്ത് വാർഡുകൾ അടക്കം 65 സീറ്റുകളിലാണ് പാർട്ടി വിജയം നേടിയത്. വെൽഫെയർ പാർട്ടി ഉയർത്തിപ്പിടിക്കുന്ന ജനപക്ഷ രാഷ്ട്രീയ നിലപാടുകളുടെ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ അപകടകമായ സമൂഹ്യ ധ്രുവീകരണം നടത്തുംവിധം സിപിഎം നേതാക്കൾ നടത്തിയ കടുത്ത വർഗീയ പ്രചാരണങ്ങളെ മറികടന്നാണ് ഈ വിജയം പാർട്ടി സ്വന്തമാക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അൻപതിലധികം പഞ്ചായത്തുകളിൽ ഇടതുപക്ഷവുമായി
വെൽഫെയർ പാർട്ടിക്ക് ധാരണയുണ്ടായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ്. അഴിമതിയിലും സംഘ്പരിവാർ അനുകൂല പൊലീസ് നയത്തിനാലും മുഖം നഷ്ടപ്പെട്ട് നിൽക്കുന്ന ഇടതുമുന്നണി ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാതിരിക്കാൻ കടുത്ത വംശീയ വിദ്വേഷ പ്രചരണങ്ങളാണ് അഴിച്ചുവിട്ടത്. ഇതുവഴി താല്‍ക്കാലികമായി ചില നേട്ടങ്ങൾ ഇടതുപക്ഷത്തിനുണ്ടാക്കാനായെങ്കിലും കേരളത്തിൽ കൃത്യമായ കമ്യൂണൽ ഡിവിഷൻ ഉണ്ടാക്കാനിടവരുത്തും. ആത്യന്തികമായി സംഘ്പരിവാർ ശക്തികൾക്കാണ് ഇതിന്റെ ഗുണഫലമുണ്ടാകുക.
ALSO READ:കൊല്ലത്ത് ആർഎസ്എസ് നേതാവിന്റെ വീടിന് നേരെ ആക്രമണം; വീടിന്റെ ചുറ്റുമതിലും ഗേറ്റും വാഹനമിടിച്ച് തകർത്തു [NEWS]തദ്ദേശ തെരഞ്ഞെടുപ്പ്: പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന്; അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് 28നും 30നും[NEWS]വീണ്ടും 100 ദിന കര്‍മ്മ പരിപാടികളുമായി LDF സർക്കാർ; സൂചന നൽകി മുഖ്യമന്ത്രി [NEWS]വെൽഫെയർ പാർട്ടിയുമായുള്ള നീക്കുപോക്കിന്‍റെ ഫലമായി നിരവധി തദ്ദേശ സ്ഥാപനങ്ങളിൽ നിലവിലുള്ള ഇടതു ഭരണത്തിൽ നിന്ന് പിടിച്ചെടുക്കാൻ യുഡിഎഫിനായിട്ടുണ്ട്. പക്ഷേ ഇടതു സർക്കാരിന്റെ ഭരണ പരാജയങ്ങളും വർഗീയ നിലപാടും ഏക സ്വരത്തിൽ പ്രചരണം നടത്താന്‍ കഴിയാതിരുന്നത് യുഡിഎഫിന് പ്രതീക്ഷിച്ചത്ര വിജയം ലഭിക്കാതിരിക്കാനുള്ള കാരണമായിട്ടുണ്ട്. പ്രാദേശിക തലങ്ങളിൽ മികച്ച സംഘടനാ ബലമുള്ള എൽഡിഎഫ് ഈ ദൗർബല്യം മുതലെടുക്കുകയും ചെയ്തു. എൽഡിഎഫ് ജോസ് കെ മാണി വിഭാഗത്തെ കൂടെ നിർത്തിയതും കോട്ടയം ജില്ലയടക്കം പരമ്പരാഗത യുഡിഎഫ് കേന്ദ്രങ്ങളിൽ തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്. എൽഡിഎഫ് സർക്കാർ നടപ്പാക്കിയ സവർണ സംവരണത്തെ യുഡിഎഫ് നേതൃത്വം നൽകുന്ന കോൺഗ്രസ് പിന്തുണച്ചത് ലഭിക്കാവുന്ന പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് അവർക്ക് നഷ്ടമാക്കാനുമിടയാക്കി.
ഇടതുപക്ഷം സൃഷ്ടിച്ച ഇസ്‍ലാമോഫോബിയയും വർഗീയ ധ്രുവീകരണാന്തരീക്ഷവും മുതലെടുത്താണ് ബിജെപിക്ക് ചിലയിടങ്ങളിൽ നേട്ടമുണ്ടാക്കാനായത്. കേരളത്തിന്റെ മതേതര സ്വഭാവത്തിന് ഇത് പരിക്കേൽപ്പിക്കും. താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിനായി ഇടതുപക്ഷം തുടരുന്ന ഈ വർഗീയ ധ്രുവീകരണ നീക്കം അവർ അവസാനിപ്പിച്ചില്ലെങ്കിൽ അധികം വൈകാതെ അവർക്ക് തന്നെ അത് തിരിച്ചടിയായി മാറും. വിജയിച്ചയിടങ്ങളിൽ പാർട്ടി ജനപ്രതിനിധികൾ അതാത് വാർഡുകളെ സുതാര്യവും പരിസ്ഥിതി സൗഹൃദവുമായ ജനപക്ഷ വികസന നിലപാടുയർത്തിപ്പിടിച്ച് ക്ഷേമ വാർഡുകളാക്കിമാറ്റുമെന്നും നേതാക്കൾ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ കരിപ്പുഴ, സംസ്ഥാന സെക്രട്ടറിമാരായ ജോസഫ് ജോണ്‍ എം, സജീദ് ഖാലിദ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.