തിരുവനന്തപുരം: പ്രവാചക നിന്ദക്കെതിരെ (Prophet remark row)രാജ്യത്ത് പ്രതിഷേധങ്ങൾ ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രതിരോധത്തെ അടിച്ചമർത്താനെന്ന പേരിൽ കലാപ അന്തരീക്ഷം സൃഷ്ടിച്ച് മുസ്ലിം വംശഹത്യയ്ക്കാണ് ഫാസിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് സുരേന്ദ്രൻ കരിപ്പുഴ പറഞ്ഞു. പ്രവാചക നിന്ദക്കെതിരെ രാജ്യത്ത് ഉയർന്ന പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിന്റെ അതിക്രമങ്ങളെ ചോദ്യം ചെയ്തുകൊണ്ട് രാജ്ഭവനിലേക്ക് വെൽഫെയർ പാർട്ടി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ജനാധിപത്യം കുഴിച്ചുമൂടാനും വംശീയ ഉന്മൂലന പദ്ധതി നടപ്പിലാക്കി പൗരന്മാരെ കൊന്നു തള്ളാനുമാണ് സംസ്ഥാന - കേന്ദ്ര സർക്കാറുകൾ ശ്രമിക്കുന്നത്. പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ച വെൽഫെയർ പാർട്ടി ദേശീയ പ്രവർത്തക സമിതി അംഗം ജാവേദ് മുഹമ്മദിന്റെയും മകൾ ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ സെക്രട്ടറി അഫ്രീൻ ഫാത്തിമയുടെയും വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്ത പ്രതികാര നടപടി തികഞ്ഞ ഏകാധിപത്യമാണ്.
Also Read-
പ്രവാചക നിന്ദാ വിവാദം: റാഞ്ചിയില്‍ സംഘര്‍ഷം, വെടിവെപ്പ്, രണ്ട് മരണം
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധവും വംശീയവുമായ നിയമങ്ങൾക്കെതിരെ പ്രതികരിച്ചതിന്റെ പേരിലാണ് ഇവർക്ക് നേരെ ബുൾഡോസർ രാജ് പ്രയോഗിച്ചത്. പ്രവാചക നിന്ദക്കെതിരെ ശബ്ദമുയർത്തിയതിന്റെ പേരിൽ ഇന്ത്യയിൽ ജനങ്ങളെ കൊന്നു തള്ളുന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം റാഞ്ചിയിൽ രണ്ടു ചെറുപ്പക്കാരെ പോലീസ് നിഷ്ഠുരമായ വെടിവെച്ചുകൊന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി യുപിയിലും മറ്റു സംസ്ഥാനങ്ങളുമായി 400 -ൽ പരം പ്രതിഷേധക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രവാചകനിന്ദ നടത്തിയ നുപുർ ശർമയെയും നവീൻ ജിൻഡാലിനെയും അറസ്റ്റ് ചെയ്യുന്നതിനു പകരം നീതി നിഷേധിക്കപ്പെട്ട പ്രതിഷേധക്കാരെ ആക്രമിക്കുന്നതിനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഭരണകൂടത്തിന്റെ ഏകാധിപത്യ ശ്രമങ്ങൾക്കെതിരെ നടക്കുന്ന ജനാധിപത്യപരമായ സമരങ്ങൾ പോലും അംഗീകരിക്കാൻ തയ്യാറാകാത്ത ഹിന്ദുത്വ സർക്കാർ പഴയകാല ബ്രിട്ടീഷ് അധിനിവേശത്തെക്കാൾ ക്രൂരമായ സമീപനമാണ് രാജ്യത്തെ പൗരൻമാരോട് സ്വീകരിക്കുന്നത്.
ഇതിനെതിരെ ഒറ്റക്കെട്ടായ പോരാട്ടം രൂപപ്പെട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരിപാടിയിൽ തീരഭൂ സംരക്ഷണ വേദി ചെയർപേഴ്സൺ മാഗ്ലിൻ ഫിലോമിന, എസ്ഡിപിഐ പ്രതിനിധി സലാഹുദ്ദീൻ, സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി അംഗം തൻസീർ ലത്തീഫ്, വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡണ്ട് മഹേഷ് തോന്നയ്ക്കൽ, വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന ട്രഷറർ മുംതാസ് ബീഗം, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് എൻ.എം അൻസാരി തുടങ്ങിയവർ സംസാരിച്ചു. രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് രാജ്ഭവന് മുന്നിൽ പോലീസ് തടഞ്ഞു. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.