തിരുവനന്തപുരം: എയ്ഡഡ് സ്കൂള്‍ നിയമനങ്ങള്‍ പി.എസ്.സിക്ക്(PSC) വിടണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി(Welfare Party) സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം(Hameed Vaniyambalam). ഇത് സംബന്ധിച്ച് തൊട്ടടുത്ത നിയമസഭാ സമ്മേളനത്തില്‍ തന്നെ നിയമം കൊണ്ടുവരണം. തങ്ങളുടെ കീഴിലുള്ള എയ്ഡഡ് സ്കൂളുകളിലെ നിയമനം സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കാലങ്ങളായി മാനേജ്മെന്റുകള്‍ നിയമിക്കുകയും സര്‍ക്കാര്‍ ശമ്പളം നല്‍കുകയും ചെയ്യുന്ന രീതിയാണ് എയ്ഡഡ് സ്കൂളുകളില്‍ തുടരുന്നത്. സംവരണ തത്വം പാലിക്കാറില്ല എന്നു മാത്രമല്ല നാമമാത്രമായ പ്രാതിനിധ്യം പോലും പട്ടികജാതി - പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് നിയമനത്തില്‍ ലഭ്യമാകാറില്ലെന്ന് ഹമീദ് വാണിയമ്പലം പറഞ്ഞു.
വലിയ സംഖ്യ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് കോഴ വാങ്ങിയാണ് ഒട്ടുമിക്ക എയ്ഡഡ് സ്ഥാപനങ്ങളിലും നിയമനം നടക്കാറുള്ളത്. ഈ സമ്പ്രദായം മാറുകയും സംവരണ തത്വമടക്കം പാലിച്ച് യോഗ്യതയുള്ളവരെ നിയമിക്കുന്ന തരത്തില്‍ നിയമനം പി.എസ്.സിക്ക് വിടുകയും ചെയ്യണം.
എസ്.എന്‍.ഡി.പി യോഗം ശക്തമായ ബഹുജന സമ്മര്‍ദ്ദം സര്‍ക്കാരില്‍ ചെലുത്തണമെന്നും മറ്റ് എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകളും വിദ്യാലയങ്ങള്‍ നടത്തുന്ന മത-സാമുദായിക സംഘടനകളും ഈ നിലപാടിനൊപ്പം അണിനിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.