യുഡിഎഫ് ബന്ധം നയ വ്യതിയാനം; വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാറ്റിന്‍കര രാജിവച്ചു

പാലത്തായി കേസില്‍ വനിതാ വിഭാഗം നടത്തിയ കാമ്പയിനൊപ്പം നില്‍ക്കാതെ സ്വന്തം നിലയില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടുവെന്നാരോപിച്ച് ശ്രീജക്ക് പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

News18 Malayalam | news18-malayalam
Updated: June 23, 2020, 4:17 PM IST
യുഡിഎഫ് ബന്ധം നയ വ്യതിയാനം; വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാറ്റിന്‍കര രാജിവച്ചു
ശ്രീജ നെയ്യാറ്റിൻകര
  • Share this:
കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാറ്റിന്‍കര രാജിവെച്ചു. രാഷ്ട്രീയവും സംഘടനാപരവുമായ കാരണങ്ങളാലാണ് രാജിയെന്ന് ശ്രീജ ന്യൂസ് 18 നോടു പറഞ്ഞു. യു.ഡി.എഫുമായി സഹകരിക്കാനുള്ള വെല്‍ഫെയര്‍ പാര്‍ട്ടി തീരുമാനത്തില്‍ ശ്രീജ നെയ്യാറ്റിന്‍കര ഉള്‍പ്പെടെയുള്ള ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. പാലത്തായി വിഷയത്തിൽ ബി.ജെ.പിക്കെതിരെ സ്വന്തം നിലയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയെന്ന് കാണിച്ച് അടുത്തിടെ ശ്രീജക്കെതിരെ പാർട്ടി നടപടിയുണ്ടായിരുന്നു. ഇതും രാജിക്ക് കാരണമായി.

'യു.ഡി.എഫിനും എല്‍.ഡി.എഫിനും ബദലായ രാഷ്ട്രീയ മുന്നേറ്റമെന്നായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടി രൂപീകരണ ലക്ഷ്യം. എന്നാല്‍ ബദല്‍ രാഷ്ട്രീയമെന്ന മുദ്രാവാക്യത്തില്‍ നിന്ന് പാര്‍ട്ടി പിന്നോട്ടുപോയെന്നും ഇതാണ് രാജിക്ക് കാരണമെന്നും ശ്രീജ വ്യക്തമാക്കി. ബി.ജെ.പി നേതാവ് പ്രതിയായ പാലത്തായി പോക്‌സോ കേസില്‍ സോഷ്യല്‍ മീഡിയ ഇടപെടലിനെതിരെ പാര്‍ട്ടി നടപടി അംഗീകരിക്കാനാവാത്തതും പെട്ടെന്ന് രാജിക്ക് കാരണമായി'- ശ്രീജ വ്യക്തമാക്കി.

'വെല്‍ഫെയര്‍ പാര്‍ട്ടിയുടെ രൂപീകരണ കാലം മുതല്‍ കഴിഞ്ഞ ഒന്‍പതു വര്‍ഷത്തോളം ഞാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയോടൊപ്പം സഞ്ചരിച്ചത് നയപരമായ യോജിപ്പുകളുടേയും ജനാധിപത്യപരമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും വിയോജിക്കാനുള്ള അവകാശങ്ങളുടേയും അടിസ്ഥാനത്തിലായിരുന്നു. എന്നാലിപ്പോള്‍ പാര്‍ട്ടിയുടെ രാഷ്ട്രീയത്തോടും പ്രവര്‍ത്തന രീതിയോടും യോജിപ്പുകളേക്കാള്‍ വിയോജിപ്പുകളുള്ള ഈ രാഷ്ട്രീയ സാഹചര്യത്തില്‍ വേര്‍പിരിയുകയാണ് ഉചിതമെന്ന് കരുതുന്നു. അതുകൊണ്ടു തന്നെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചേര്‍ന്നുള്ള ഒരു രാഷ്ട്രീയ സഞ്ചാരം സാധ്യമല്ല എന്ന ബോധ്യത്തില്‍ പാര്‍ട്ടിയോട് വിട പറയേണ്ടതുണ്ട് എന്ന രാഷ്ട്രീയ തീരുമാനത്തില്‍ ഞാന്‍ എത്തിചേര്‍ന്നിരിക്കുന്നു.'- രാജിക്കത്തില്‍ ശ്രീജ നെയ്യാറ്റിന്‍കര വ്യക്തമാക്കുന്നു.
You may also like:'ക്ലിഫ് ഹൗസിലെ വിവാഹത്തിന് കോവിഡ് പ്രോട്ടോകോൾ ബാധകമല്ലേ? മുഖ്യമന്ത്രി സൈബർ ഗുണ്ടകളുടെ നിലവാരത്തിൽ': രമേശ് ചെന്നിത്തല [NEWS]'ആ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു'; മുല്ലപ്പള്ളി രാമചന്ദ്രനെ വിമർശിച്ച് മുസ്ലിം ലീഗ് [NEWS] എട്ടു സീറ്റ് കൂടി; രാജ്യസഭയിൽ ബി.ജെ.പിക്ക് കോൺഗ്രസിന്‍റെ ഇരട്ടിയിലധികം സീറ്റ് [NEWS]
പാലത്തായി കേസില്‍ വെല്‍ഫെയര്‍പാര്‍ട്ടി വനിതാ വിഭാഗത്തിന്റെ ഭാരവാഹി സ്ഥാനത്ത് നിന്നും ശ്രീജ നേരത്തെ രാജിവെച്ചിരുന്നു. പാലത്തായി കേസില്‍ വനിതാ വിഭാഗം നടത്തിയ കാമ്പയിനൊപ്പം നില്‍ക്കാതെ സ്വന്തം നിലയില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടുവെന്നാരോപിച്ച് ശ്രീജക്ക് പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ശ്രീജ കാര്യകാരണങ്ങള്‍ വിശദമാക്കി മറുപടി നല്‍കുകയും ചെയ്തു. മറുപടി തെറ്റിനെ ന്യായീകരിക്കുന്ന തരത്തിലാണെന്ന് ആരോപിച്ചാണ് ശ്രീജയെ മൂന്ന് മാസത്തേക്ക് സസ്‌പെന്റ് ചെയ്തത്. സസ്‌പെന്‍ഷന്‍ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലത്തിന് ശ്രീജ രാജിക്കത്ത് നല്‍കിയത്.

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വേദികളില്‍ സജീവസാന്നിധ്യമായിരുന്ന ശ്രീജ പ്രഭാഷക കൂടിയാണ്. രാഷ്ട്രീയ വിഷയങ്ങളില്‍ നിലപാടെടുത്തതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ ആക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. സോഷ്യല്‍മീഡിയ ആക്രമണത്തിനെതിരെ നിരവധി തവണ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിന് പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും യു.ഡി.എഫുമായി സഹകരിക്കാനാണ് നീക്കം. വെല്‍ഫെയര്‍പാര്‍ട്ടിയുമായി ചര്‍ച്ച നടക്കുകയാണെന്ന് കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയിരുന്നു. യു.ഡി.എഫ് ബന്ധത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. രാഷ്ട്രീയ സാമൂഹ്യവിഷയങ്ങളില്‍ മുന്നണി നോക്കാതെ പ്രതികരിക്കുന്ന നേതാവാണ് ശ്രീജ നെയ്യാറ്റിന്‍കര. എന്നാല്‍ യു.ഡി.എഫുമായി സഹകരിച്ച് നീങ്ങുമ്പോള്‍ ഇത്തരം വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്ക് തലവേദനയുണ്ടാക്കും. ഇക്കാര്യത്തില്‍ പാര്‍ട്ടിയും ശ്രീയും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ഇപ്പോള്‍ രാജിയില്‍ കലാശിച്ചത്.
First published: June 21, 2020, 7:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading