• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'തുമ്പികളുടെ തണ്ണീർത്തടം'; ടെക്‌നോപാർക്ക് വികസനത്തിന് വിലങ്ങുതടിയായി കൃഷി വകുപ്പിന്റെ റിപ്പോർട്ട്

'തുമ്പികളുടെ തണ്ണീർത്തടം'; ടെക്‌നോപാർക്ക് വികസനത്തിന് വിലങ്ങുതടിയായി കൃഷി വകുപ്പിന്റെ റിപ്പോർട്ട്

ഐടി പാർക്കിൽ സ്ഥലം ആവശ്യപ്പെട്ട് നാനൂറിലധികം കമ്പനികൾ കാത്തിരിക്കുന്ന സാഹചര്യത്തിൽ പോലും കഴിഞ്ഞ മൂന്ന് വർഷമായി നിർമാണം നടത്താൻ ടെക്‌നോപാർക്ക് അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ട്.

  • Share this:

    വികസന കാഴ്ചപ്പാടിൽ ഉണ്ടായ ആശയകുഴപ്പമോ അതോ തീരുമാനങ്ങളിൽ സംഭവിച്ച വീഴ്ചയോ? എന്താണ് ടെക്‌നോപാർക്കിന്റെ തുടർവികസനത്തിന് വിലങ്ങ് തടിയാകുന്നത് ? തലസ്ഥാന ജില്ലയുടെ വികസന ചരിത്രത്തിൽ തന്നെ നാഴികകല്ലായി മാറിയ ടെക്‌നോപാർക്കിന്റെ മൂന്നാം ഘട്ട വികസനത്തിനായി 2007ൽ ഏറ്റെടുത്ത 61 ഏക്കറോളം ഭൂമി ഉപയോഗശൂന്യമായി കിടക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. അത് തുമ്പികളുടെ ആവാസവ്യവസ്ഥ ഉൾകൊള്ളുന്ന തണ്ണീർത്തടമാണെന്ന് കാണിച്ച് കൃഷി വകുപ്പ് നേരത്തെ റവന്യൂ വകുപ്പിന് നൽകിയ ഒരു റിപ്പോർട്ട് ആണ് തടസമായിരിക്കുന്നത്.

    ഐടി പാർക്കിൽ സ്ഥലം ആവശ്യപ്പെട്ട് നാനൂറിലധികം കമ്പനികൾ കാത്തിരിക്കുന്ന സാഹചര്യത്തിൽ പോലും കഴിഞ്ഞ മൂന്ന് വർഷമായി നിർമാണം നടത്താൻ ടെക്‌നോപാർക്ക് അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ട്. അതേസമയം കൃഷി വകുപ്പിന്റെ റിപ്പോർട്ട് അവഗണിച്ച് കെട്ടിടങ്ങൾ അനുവദിക്കണമോയെന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ ഉടൻ തന്നെ തീരുമാനമെടുത്തേക്കും.

    കോവിഡ് മഹാമാരി പടരുന്നതിന് മുമ്പ് 2019 ലാണ് കൃഷിവകുപ്പ് ഈ റിപ്പോർട്ട് സമർപ്പിച്ചതെന്നും അതിനുശേഷം സർക്കാരിൽ നിന്ന് തീരുമാനമൊന്നും ഉണ്ടായിട്ടില്ലെന്നും ടെക്നോപാർക്ക് വൃത്തങ്ങൾ പറയുന്നു.

    Also read-കള്ളു ഷാപ്പുകൾക്ക് സ്റ്റാർ പദവി; ബാറുകളിലെ പോലെ ക്ലാസിഫിക്കേഷൻ നല്‍കും

    സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗംഗ, യമുന കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയായതിന് ശേഷം ഈ പ്രത്യേക ഭൂമി നേരത്തെ തന്നെ ചതുരാകൃതിയിലുള്ള പ്ലോട്ടുകളായി വിഭജിച്ചിരുന്നു. 2018ലെ വെള്ളപ്പൊക്കത്തിൽ ഈ പ്ലോട്ടുകൾ വെള്ളം കൊണ്ട് നിറഞ്ഞു. കാഴ്ച്ചയിൽ ഒരു സ്വാഭാവിക കുളത്തോട് സാമ്യമുള്ളതായി തോന്നും. ആ സമയത്താണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചത്. അന്നവിടെ ധാരാളം തുമ്പികളെയും കണ്ടിരുന്നു. മഴവെള്ളം കെട്ടിനിന്ന കൃത്രിമക്കുളത്തെ ‘ജലാശയം’ എന്ന് അവർ തെറ്റായി വ്യാഖ്യാനിച്ച് സർക്കാരിന് റിപ്പോർട്ട് നൽക്കുകയാണ് ഉണ്ടായത്. മാത്രമല്ല ചില സ്ഥാപനങ്ങൾക്ക് ഭൂമി അവരുടെ പേരിലേക്ക് മാറ്റുന്നതിന് ആവശ്യമായ അനുമതികൾക്കായി കോടതികളെ വരെ സമീപിക്കേണ്ടി വന്നിരുന്നു.

    2007 ഫെബ്രുവരി ആറിന് ഭൂമി ഏറ്റെടുക്കൽ നടപടിക്രമങ്ങൾക്കിടെ സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ചില ഭാഗങ്ങൾ നെൽവയലുകൾ നികത്തിയതായി അതിൽ വ്യക്തമായി പറഞ്ഞിരുന്നു. എന്നിരുന്നാലും അതിൽ തണ്ണീർത്തടത്തെക്കുറിച്ച് പരാമർശമില്ല. 2008-ലെ നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം അനുസരിച്ച് നെൽപ്പാടം മറ്റാവശ്യങ്ങൾക്കായി മാറ്റുന്നതിനുള്ള വ്യവസ്ഥകളുണ്ട്.

    Also read-‘കേരളം സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പുലർത്താത്ത സംസ്ഥാനം’: മുഖ്യമന്ത്രി

    മൂന്നാംഘട്ട കാമ്പസുമായി ബന്ധപ്പെട്ട അന്തിമ ഡാറ്റാ ബാങ്കിലെ പിഴവുകൾ പരിഹരിക്കണമെന്നും വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ട് മുൻ കേരള ഐടി പാർക്ക് സിഇഒ ജോൺ എം തോമസ് സർക്കാരിനെ സമീപിച്ചിരുന്നു. 2022 ഓഗസ്റ്റ് ഒന്നിന് റവന്യൂ ഡിവിഷണൽ ഓഫീസർക്ക് അയച്ച കത്തിൽ തണ്ണീർത്തടമായും നെൽപ്പാടമായും വിജ്ഞാപനം ചെയ്ത ഭൂമിയുടെ പട്ടികയിൽ നിരവധി പിഴവുകളുണ്ടെന്ന് ജോൺ ചൂണ്ടിക്കാട്ടുന്നു.

    ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാരുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ടെക്‌നോപാർക്ക് സിഇഒ സഞ്ജീവ് നായർ പറഞ്ഞു. “ഈ പ്രശ്നം ഞങ്ങളുടെ ഏറ്റവും മുൻ‌ഗണനയിലുള്ള പ്രശ്നമാണ്. നാലാംഘട്ട വികസനത്തിനും മുൻഗണന നൽകിയിട്ടുണ്ട്. ഈ വിഷയം ഞങ്ങൾ സർക്കാരിന് മുന്നിൽ ഉന്നയിച്ചിട്ടുണ്ട്. അതിനാൽ പ്ലോട്ടിൽ നിർമ്മാണം ഉറപ്പാക്കുന്നതിനുള്ള തടസം ഉടൻ പരിഹരിക്കും”അദ്ദേഹം പറഞ്ഞു.

    Published by:Sarika KP
    First published: