പി.ജെ. ജോസഫ് ഇനി എങ്ങോട്ട്?

ജോസഫ് ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഉറ്റുനോക്കുകയാണ് കേരള രാഷ്ട്രീയം

news18
Updated: March 11, 2019, 7:58 PM IST
പി.ജെ. ജോസഫ് ഇനി എങ്ങോട്ട്?
പി ജെ ജോസഫ്
  • News18
  • Last Updated: March 11, 2019, 7:58 PM IST IST
  • Share this:
പി.ജെ. ജോസഫിന് സീറ്റ് നല്‍കേണ്ടതില്ലെന്ന തീരുമാനത്തോടെ കേരള കോണ്‍ഗ്രസ് മറ്റൊരു പിളര്‍പ്പിലേക്ക് പോകുകയാണോ? ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് പി.ജെ ജോസഫിന് സീറ്റ് നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് കേരള കോണ്‍ഗ്രസ് എത്തിയത്. ഇതോടെ ജോസഫ് ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഉറ്റുനോക്കുകയാണ് കേരള രാഷ്ട്രീയം.

പിളര്‍പ്പ് സാധ്യമോ?

കൂറുമാറ്റ പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ മറ്റൊരു പിളര്‍പ്പിന് സാധ്യത കുറവാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ആറ് എംഎല്‍എമാരുള്ള കേരള കോണ്‍ഗ്രസില്‍ പകുതിയിലേറെ എംഎല്‍എമാരുടെ പിന്തുണയില്ലാത്ത പി.ജെ ജോസഫ് തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി വിടുന്നത് കൂറുമാറ്റ നിയമപ്രകാരം അപ്രായോഗികമായിരിക്കും. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിക്കൊപ്പം നാല് എം.എല്‍.എമാര്‍ ഉണ്ട്. എന്നാല്‍ പി.ജെ ജോസഫിനൊപ്പം മോന്‍സ് ജോസഫ് മാത്രമാണുള്ളത്. ഈ സാഹചര്യത്തില്‍ എം.എല്‍.എ സ്ഥാനം നിലനിര്‍ത്തിക്കൊണ്ട് പാര്‍ട്ടി വിടുക പി.ജെ ജോസഫിന് അസാധ്യമായിരിക്കും.

കോണ്‍ഗ്രസ് സഹായിക്കുമോ?

സീറ്റ് നിഷേധിക്കപ്പെട്ടത് പി.ജെ ജോസഫിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായ പരാജയമാണ്. ഈ ഘട്ടത്തില്‍ പി.ജെ ജോസഫിനെ കോണ്‍ഗ്രസ് സഹായിക്കുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. മുമ്പ് കെ.എം മാണി യുഡിഎഫ് വിട്ട് ഇടതുമുന്നണിയില്‍ ചേരുമായിരുന്ന സാഹചര്യത്തില്‍ അതിന് തടയിട്ട് യുഡിഎഫില്‍ ഉറപ്പിച്ച് നിര്‍ത്തിയത് തന്റെ ഇടപെടലാണെന്നും, അതിനാല്‍ തനിക്ക് സീറ്റ് ഉറപ്പാക്കാന്‍ ഇടപെടണമെന്നും കോണ്‍ഗ്രസ് നേതാക്കളോട് പി.ജെ ജോസഫ് അഭ്യര്‍ത്ഥിച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പി.ജെ ജോസഫ് കടുത്ത നിലപാട് സ്വീകരിക്കുന്നതിന് മുമ്പ് അവരുമായി ആശയവിനിമയം നടത്തിയേക്കുമെന്നാണ് സൂചന.

ജോസഫിന് സീറ്റില്ല; കോട്ടയം സീറ്റ് മാണി വിഭാഗത്തിന്ജോസഫിനെ തള്ളിയതാര്?

വിവിധ മണ്ഡലം കമ്മിറ്റികളുടെ വികാരം പരിഗണിച്ചാണ് പി.ജെ ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം തള്ളിയതെന്ന് കേരള കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ കനത്ത തര്‍ക്കമാണ് ഉണ്ടായത്. ഇതേത്തുടര്‍ന്ന് അന്തിമ തീരുമാനമെടുക്കാന്‍ കെ.എം മാണിയെ ചുമതലപ്പെടുത്തുകയായിരുന്നു. പാര്‍ട്ടി നേതാക്കളെ കണ്ടശേഷമാണ് മാണി തീരുമാനം അറിയിച്ചത്. പാര്‍ട്ടി നേതൃത്വത്തിലെ ഒരു വിഭാഗം ജോസഫിനെ തള്ളുകയായിരുന്നു. ജോസഫ് പാര്‍ട്ടി വിട്ടാല്‍പ്പോലും ഒരു നഷ്ടവും സംഭവിക്കില്ലെന്ന നിലപാടാണ് ഈ വിഭാഗം സ്വീകരിച്ചത്.

ഭിന്നത രാജ്യസഭാ തെരഞ്ഞെടുപ്പ് മുതല്‍

കോട്ടയം ലോക്‌സഭാ അംഗമായിരുന്ന ജോസ് കെ മാണി, 2018 ജൂണില്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കേരള കോണ്‍ഗ്രസില്‍ ഭിന്നത ശക്തമായത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന നിലപാട് അന്നുമുതലേ പാര്‍ട്ടിക്കുള്ളില്‍ പി.ജെ ജോസഫ് സ്വീകരിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ സീറ്റ് വേണമെന്ന ആവശ്യം പി.ജെ ജോസഫ് ശക്തമാക്കി. ഇതേത്തുടര്‍ന്ന് പാര്‍ട്ടിയിലെ ഭിന്നത പരസ്യമായിരുന്നു. ജോസ് കെ മാണി നയിച്ച കേരളയാത്രയുടെ സമാപനത്തില്‍ ഉള്‍പ്പടെ പി.ജെ ജോസഫിന്റെ അസാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. പി.ജെ ജോസഫ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രാര്‍ത്ഥനായജ്ഞത്തില്‍നിന്ന് സ്ഥലത്ത് ഉണ്ടായിരുന്നിട്ടും കെ.എം മാണി ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തിരുന്നില്ല.

'ജോസഫിനോട് കൊടും ക്രൂരത'; മാണിയുടെ ശ്രമം വാസവനെ വിജയിപ്പിക്കാനെന്ന് പി സി ജോർജ്

കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അതികായരില്‍ ഒരാള്‍

പി.ഒ ജോസഫിന്റെയും അന്നമ്മ ജോസഫിന്റെയും മകനായി 1942 ജൂണ്‍ പത്തിനാണ് പി.ജെ ജോസഫ് ജനിച്ചത്. മലയോര കര്‍ഷകരെ സംഘടിപ്പിച്ചും അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടുമാണ് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യകാലം മുതല്‍ കേരള കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന ജോസഫ്. 1970, 1977, 1980, 1982, 1987, 1996, 2006, 2011, 2016 വര്‍ഷങ്ങളില്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എ.കെ ആന്റണി, കെ. കരുണാകരന്‍, ഇ.കെ. നായനാര്‍, വി.എസ് അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി എന്നിവരുടെ മന്ത്രിസഭകളില്‍ പി.ജെ ജോസഫ് അംഗമായിരുന്നു. ആഭ്യന്തരം, റവന്യൂ, വിദ്യാഭ്യാസം, പൊതുമരാമത്ത് തുടങ്ങിയ സുപ്രധാന വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. ശാന്തമ്മ ജോസഫാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 11, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading