HOME /NEWS /Kerala / എംഎല്‍എമാര്‍ക്ക് 'സെന്‍ഷ്വര്‍' ചട്ടലംഘനത്തിനുള്ള ശിക്ഷകള്‍ എന്തൊക്കെ?

എംഎല്‍എമാര്‍ക്ക് 'സെന്‍ഷ്വര്‍' ചട്ടലംഘനത്തിനുള്ള ശിക്ഷകള്‍ എന്തൊക്കെ?

GREEN ASSEMBLY

GREEN ASSEMBLY

എന്തൊക്കെയാണ് സഭാ ചട്ടപ്രകാരമുള്ള ശിക്ഷകളെന്നും എങ്ങനെയാണ് അവ നടപ്പാക്കേണ്ടതെന്നും നോക്കാം.

  • Share this:

    തിരുവനന്തപുരം: ഡയസില്‍ കയറിയ എംഎല്‍എമാര്‍ക്കെതിരേ സ്പീക്കര്‍ എടുത്ത നടപടി സംബന്ധിച്ച് വലിയ വിവാദമാണ് ഉയരുന്നത്. സ്പീക്കറുടേത് ചട്ടലംഘനമെന്നും ചട്ടം ലംഘിച്ച് ഒന്നും ചെയ്തിട്ടില്ലെന്ന് സ്പീക്കറും വ്യക്തമാക്കുന്നു. എന്തൊക്കെയാണ് സഭാ ചട്ടപ്രകാരമുള്ള ശിക്ഷകളെന്നും എങ്ങനെയാണ് അവ നടപ്പാക്കേണ്ടതെന്നും നോക്കാം.

    കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വഹണവും സംബന്ധിച്ച ചട്ടങ്ങള്‍ പ്രകാരമാണ് പെരുമാറ്റ ചട്ടലംഘനങ്ങള്‍ക്കുള്ള ശിക്ഷ തീരുമാനിക്കുന്നത്. നിയമസഭാ നടപടിക്രമങ്ങളിലെ ചട്ടം 53 പ്രകാരമാണ് അംഗങ്ങള്‍ക്കെതിരേയുള്ള ശിക്ഷ തീരുമാനിക്കുന്നത്. ആറുതരത്തിലുള്ള ശിക്ഷാ നടപടികളാണ് നിയമസഭാ ചട്ടം പറയുന്നത്. ഏറ്റവും കൂടിയ ശിക്ഷ എന്തെന്ന് ചട്ടത്തില്‍ പറയുന്നില്ല. ചട്ടം 53ലെ ഉപചട്ടം 'എഫ്' ഈ ശിക്ഷയെ നിര്‍വചിക്കുന്നത് ഇപ്രകാരമാണ്. 'സഭ ഉചിതമെന്ന് കരുതുന്ന മറ്റെന്തെങ്കിലും ശിക്ഷാ നടപടി'. അതായത് ചട്ടലംഘനം അതീവ ഗുരുതമാണെങ്കില്‍ എന്തു നപപടി വേണമെങ്കിലും സഭയ്ക്ക് തീരുമാനിക്കാം.

    അതിനു തൊട്ടുതാഴെയുള്ള നടപടിയാണ് സഭയുടെ സേവനത്തില്‍ നിന്ന് ഒരു നിര്‍ദിഷ്ട കാലയളവിലേക്കുള്ള സസ്‌പെന്‍ഷന്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്പീക്കറുടെ കസേര തള്ളിയിട്ടതിനും നിയമസഭയിലെ കൈയാങ്കളിക്കും ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍, വി. ശിവന്‍കുട്ടി, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ സദാശിവൻ എന്നീ അഞ്ച് എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ക്കു നേരെ ക്രിമിനല്‍ കേസും രജിസ്റ്റര്‍ ചെയ്തു.

    സാമാജികനെ സഭയില്‍ നിന്ന് പിന്‍വലിക്കല്‍ എന്നതും പെരുമാറ്റച്ചട്ടലംഘനത്തിനുള്ള ശിക്ഷയാണ്. ഏറ്റവും കുറഞ്ഞ ശിക്ഷ താക്കീതും അതിനും മുകളില്‍ ശാസനയും അതിലും ഗൗരവതരമായ കുറ്റത്തിന് സെന്‍ഷ്വറുമാണ് നിയമസഭാ ചട്ടം അനുശാസിക്കുന്നത്. സ്പീക്കറുടെ ഡയസില്‍ കയറിയ പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് 'സെന്‍ഷ്വര്‍' ആണ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നല്‍കിയ ശിക്ഷ.

    ഇത് ചട്ടപ്രകാരമല്ലെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തിയിട്ടുണ്ട്. കൂടിയാലോചനയില്ലാതെ നടപടി എടുത്തു എന്നാണ് പ്രതിപക്ഷത്തിന്റെ പരാതി. കക്ഷി നേതാക്കളുടെ യോഗം വിളിച്ച് നടപടി തീരുമാനിച്ച ശേഷം സഭാനേതാവായ മുഖ്യമന്ത്രി അത് പ്രമേയമായി അവതരിപ്പിക്കുകയും സഭ അംഗീകരിക്കുകയും ചെയ്യുന്നതാണ് കീഴ് വഴക്കമെന്ന് മുന്‍ സ്പീക്കര്‍ വി.എം.സുധീരനും പറഞ്ഞു. എന്നാല്‍ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനം സംബന്ധിച്ച പരാതി കൈകാര്യം ചെയ്യുന്നതിനുള്ള നടപടിക്രമത്തില്‍ പറയുന്നത് ഇപ്രകാരമാണ്. 'സഭയില്‍ സംഭവിച്ചിട്ടുള്ള പെരുമാറ്റച്ചട്ട ലംഘന സംഗതികള്‍ സ്പീക്കര്‍ക്ക് സ്വമേധയാ പരിഗണനയ്‌ക്കെടുക്കാവുന്നതാണ്.' മറ്റു സംഗതികളില്‍ സ്പീക്കര്‍ പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരിശോധനയ്ക്കും അതിന്മേലുള്ള റിപ്പോര്‍ട്ടിനും വേണ്ടി പ്രവിലേജസും എത്തിക്‌സും സംബന്ധിച്ച കമ്മിറ്റിക്ക് റഫര്‍ ചെയ്യാവുന്നതാണ്.

    First published:

    Tags: Disciplinary actions in kerala assembly, Kerala assembly, Ldf, Speaker P Sreeramakrishnan, Udf