• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ശബരിമലയിൽ നടന്നത് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തത്; എനിക്ക് വല്ലാതെ വിഷമമുണ്ടാക്കി': ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ

'ശബരിമലയിൽ നടന്നത് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തത്; എനിക്ക് വല്ലാതെ വിഷമമുണ്ടാക്കി': ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ

''2018ലെ സംഭവം നമ്മെയെല്ലാം വേദനിപ്പിച്ച സംഭവം. ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സംഭവം. എല്ലാവർക്കും വിഷമുണ്ടാക്കി. എനിക്കും വല്ലാതെ വിഷമുണ്ടാക്കി''- കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ

മന്ത്രി കടകംപള്ളി സുരേന്ദ്രൻ

  • Share this:
    തിരുവനന്തപുരം: ശബരിമലയിൽ നടന്നത് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ''2018ലെ സംഭവം നമ്മെയെല്ലാം വേദനിപ്പിച്ച സംഭവം. ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സംഭവം. എല്ലാവർക്കും വിഷമുണ്ടാക്കി. എനിക്കും വല്ലാതെ വിഷമുണ്ടാക്കി''- കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ശബരിമല വിഷയം അടഞ്ഞ അധ്യായമാണ്. അന്നത്തെ സംഭവത്തിനുശേഷം നിരവധി ഉത്സവങ്ങൾ നടന്നു. നേരത്തെ ഉള്ളതിനെക്കാൾ മനോഹരമായി തന്നെ ഉത്സവം നടത്തി. വിശാല ബെഞ്ചിന്റെ വിധി എന്തായാലും ഭക്തജനങ്ങളുമായും വിശ്വാസ സമൂഹവുമായും രാഷ്ട്രീയ പാർട്ടികളുമായും കൂടിയാലോചിച്ചു കൊണ്ടേ തീരുമാനത്തിലെത്തൂവെന്നും കഴക്കൂട്ടം മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി കൂടിയായ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

    സി പി എം സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് ശബരിമലയില്‍ യുവതിപ്രവേശന വിഷയത്തിൽ വിഷമമുണ്ടായെന്ന് സ്ഥാനാര്‍ഥി കൂടിയായ ദേവസ്വം മന്ത്രി തുറന്നു സമ്മതിച്ചിരിക്കുന്നത്. ശബരിമല വിഷയം ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് നേരത്തെ പാർട്ടി വിലയിരുത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും ശബരിമല ചര്‍ച്ചാ വിഷയമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ദേവസ്വം മന്ത്രിയുടെ ഏറ്റുപറച്ചിലെന്നാണ് വിലയിരുത്തപ്പെടുന്നത്. ശബരിമല യുവതിപ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശബരിമല ആക്ടിവിസം കാണിക്കേണ്ട സ്ഥലമല്ലെന്ന് ദേവസ്വം മന്ത്രി മുൻപ് പ്രതികരിച്ചിരുന്നു. എന്നാല്‍ പിന്നീട് പാര്‍ട്ടി നിലപാടിനെ ന്യായീകരിക്കേണ്ടതായും വന്നിരുന്നു.

    Also Read- 'സിപിഎം പ്രവർത്തകരുടെ പ്രതിഷേധം ഫലിച്ചു?' കുറ്റ്യാടിയിൽ കേരളാ കോണ്‍ഗ്രസ് കീഴടങ്ങി; സീറ്റ് ഉപേക്ഷിക്കും

    ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിരുന്നു. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ എടുത്ത കേസുകളും പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം സംബന്ധിച്ച കേസുകളുമാണ് പിൻവലിക്കുക. ഗുരുതര ക്രിമിനല്‍ സ്വഭാവം ഇല്ലാത്ത കേസുകൾ പിൻവലിക്കാനാണ് തീരുമാനം. ശബരിമല സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍.എസ്.എസ് അടക്കമുള്ള സംഘടനകളും കോൺഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ തീരുമാനം.

    നിരപരാധികളായ ആളുകള്‍ക്കെതിരായി എടുത്തിരുന്ന കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് സ്വാഗതാര്‍ഹമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രതികരിച്ചിരുന്നു. ഇപ്പോഴെങ്കിലും സര്‍ക്കാര്‍ ഔചിത്യപൂര്‍വം പെരുമാറി എന്നാണ് കരുതുന്നത്. ഇതുകൊണ്ട് ശബരിമല വിഷയം തീരുമെന്ന് കരുതേണ്ടതില്ല. ശബരിമല വിഷയത്തില്‍ ഇടതുപക്ഷത്തിന്റെ നിലപാടില്‍ മാറ്റമെന്തെങ്കിലും ഉണ്ടായി എന്ന് ഇതുകൊണ്ട് കരുതേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ ഭക്തജനങ്ങൾക്ക് അനുകൂലമായ നടപടി ഏത് രാഷ്ട്രീയ പാർട്ടി സ്വീകരിച്ചാലും സ്വാഗതം ചെയ്യുമെന്ന് തന്ത്രി കുടുംബവും പ്രതികരിച്ചിരുന്നു. ശബരിമല പ്രക്ഷോഭ കേസുകൾ പിൻവലിച്ച നടപടി സ്വാഗതാർഹം. ശബരിമല വിഷയത്തിൽ രാഷ്ട്രീയ വ്യത്യാസമില്ല, ആരു സഹായിച്ചാലും സ്വീകരിക്കുമെന്നും തന്ത്രി കണ്ഠരര് രാജീവരര് പറഞ്ഞു.

    Also Read- 'പാർട്ടിയെ ജനം തിരുത്തും' എന്ന മുദ്രാവാക്യവുമായി കുറ്റ്യാടിയിൽ സിപിഎം പ്രവർത്തകരുടെ പരസ്യ പ്രതിഷേധം

    അധികാരത്തില്‍വന്നാല്‍ ശബരിമല പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കുമെന്ന് നേരത്തെ യു ഡി എഫ് വ്യക്തമാക്കിയിരുന്നു. ശബരിമല കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം സ്വഗതാര്‍ഹമാണെന്ന് ബി ജെ പിയും പ്രതികരിച്ചു. രാഷ്ട്രീയ പക്ഷപാതിത്വം വെച്ചുകൊണ്ടാണ് കേസുകള്‍ എടുത്തതെന്നും ഇതുമൂലം നിരവധി യുവാക്കള്‍ക്ക് ജോലിസാധ്യതകള്‍ ഇല്ലാതായിരുന്നെന്നും ബി ജെ പി ചൂണ്ടിക്കാട്ടിയിരുന്നു.

    2018ൽ ശബരിമല സ്ത്രീ പ്രവേശന വിധിക്ക് പിന്നാലെ ക്ഷേത്രം തുറന്നപ്പോൾ ഉണ്ടായ സംഘർഷങ്ങളുടെ പേരിൽ മാത്രം 543 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതു കൂടാതെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രതിഷേധങ്ങളുടെ പേരിൽ കേസെടുത്തത്. തുലാമാസ പൂജയ്ക്ക് ക്ഷേത്രം തുറന്നപ്പോഴുണ്ടായ അക്രമങ്ങളുടെ പേരിൽ നാലായിരത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹര്‍ത്താല്‍, വഴി തടയല്‍, സംഘര്‍ഷം, കലാപമുണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലായവര്‍ക്ക് മേൽ ചുമത്തിയത്. ശബരിമല പ്രതിഷേധ സമരങ്ങളുടെ പേരിലെടുത്ത കേസുകൾ പിൻവലിക്കണമെന്ന് വിവിധ ഹൈന്ദവ സംഘടനകൾ ആവശ്യപ്പെട്ട് വരികയായിരുന്നു.
    Published by:Rajesh V
    First published: