• HOME
 • »
 • NEWS
 • »
 • kerala
 • »
 • 2015ലെ സംഭവം എല്ലാ കാലത്തും ഉയർത്തി കാണിക്കുന്നത് നിർത്തണമെന്ന് സ്പീക്കർ; അന്ന് എന്താണ് സംഭവിച്ചത്?

2015ലെ സംഭവം എല്ലാ കാലത്തും ഉയർത്തി കാണിക്കുന്നത് നിർത്തണമെന്ന് സ്പീക്കർ; അന്ന് എന്താണ് സംഭവിച്ചത്?

ഇന്നത്തെ സ്പീക്കർ ഉൾപ്പടെയുള്ള പ്രതിപക്ഷ എംഎൽഎമാർ അന്ന് വാച്ച് ആന്‍ഡ് വാര്‍ഡിനെ തള്ളിമാറ്റി സ്പീക്കറുടെ ഡയസിലെത്തി കസേര മറിച്ചിട്ടു. മൈക്കും കംപ്യൂട്ടറും നശിപ്പിച്ചു.

kerala assembly 2015

kerala assembly 2015

 • Last Updated :
 • Share this:
  തിരുവനന്തപുരം: ഷാഫി പറമ്പിൽ എംഎൽഎയ്ക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച നാല് എംഎൽഎമാരെ ശാസിക്കാനുള്ള തീരുമാനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പ്രഖ്യാപിച്ചു. സ്പീക്കറുടേത് പ്രതികാരനടപടിയാണെന്നായിരുന്നു പ്രതിപക്ഷനേതാവിന്‍റെ ആരോപണം. എന്നാൽ ദൗർഭാഗ്യകരവും വില കുറഞ്ഞതുമായ പ്രസ്താവനയാണ് പ്രതിപക്ഷ നേതാവിന്റേത് എന്ന് സ്പീക്കർ പറഞ്ഞു. സെൻഷ്വർ ചെയ്തത് പ്രതികാര നടപടിയല്ല
  . സഭയിലെ നടപടി ക്രമം. 2015 ൽ അസാധാരണവും നിർഭാഗ്യകരവുമായ സംഭവമുണ്ടായി. അന്നും എം എൽ എ മാരെ സസ്പെന്റ് ചെയ്തിരുന്നു
  . അന്ന് സ്പീക്കറെ ബൈപാസ് ചെയ്ത് ക്രിമിനൽ കേസ് എടുത്തു
  . 2015 ലെ സംഭവം എല്ലാ കാലത്തും ഉയർത്തി കാണിക്കുന്നത് നിർത്തണമെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ആവശ്യപ്പെട്ടു.

  എന്താണ് 2015ൽ കേരള നിയമസഭയിൽ നടന്നത്?

  കഴിഞ്ഞ ദിവസം സംഭവിച്ചതിന് സമാനമായ രംഗങ്ങളാണ് അന്ന് ഉണ്ടായത്. 2015 മാര്‍ച്ച് 13. കെ.എം.മാണിയുടെ പതിമൂന്നാം ബജറ്റ് ദിനം. ബാര്‍ കോഴ ആരോപണ വിധേയനായ മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കില്ലെന്നു പ്രഖ്യാപിച്ച് പ്രതിപക്ഷം. തുടക്കംമുതൽ പ്രതിഷേധവും മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം സഭാ നടപടികൾ തടസപ്പെടുത്തി. സിപിഎം അംഗങ്ങളും ഇന്നത്തെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.ടി ജലീൽ, വി. ശിവൻകുട്ടി, സി.കെ സദാശിവൻ, കെ കുഞ്ഞഹമ്മദ് മാസ്റ്റർ, സിപിഐ അംഗം അജിത്ത് തുടങ്ങിയവർ വാച്ച് ആന്‍ഡ് വാര്‍ഡിനെ തള്ളിമാറ്റി സ്പീക്കറുടെ ഡയസിലെത്തി കസേര മറിച്ചിട്ടു. മൈക്കും കംപ്യൂട്ടറും നശിപ്പിച്ചു. വാച്ച് ആൻഡ് വാർഡ് പിടിച്ചുതള്ളിയെന്ന ആരോപണവുമായി തോമസ് ഐസകും ശിവദാസൻ നായർ ആക്രമിച്ചുവെന്ന് ആരോപിച്ച് ജമീല പ്രകാശവും രംഗത്തെത്തി. ബി.എസ് ബിജുമോൾ എംഎൽഎയെ ഷിബു ബേബിജോൺ തടഞ്ഞതും വിവാദമായിരുന്നു. കെ.കെ. ശൈലജയ്ക്കുനേരെ എം.എ വാഹിദ് രംഗത്തെത്തിയതോടെ പ്രതിപക്ഷ എംഎൽഎമാരും പാഞ്ഞടുത്തു.

  വാച്ച് ആൻഡ് വാർഡുമാരുടെ സഹായത്തോടെ ഡയസിലെത്തിയ സ്പീക്കർ എൻ. ശക്തൻ ബജറ്റ് അവതരണത്തിന് ആംഗ്യം കാണിച്ചു. മറുവശത്തെ വാതിലിലൂടെ ഉള്ളിലെത്തിയ കെ.എം. മാണി ഇതിനിടയിൽ ബജറ്റ് വായിച്ചുതുടങ്ങി. കുറച്ചുവരികൾ മാത്രം വായിച്ചശേഷം ബജറ്റ് അവതരിപ്പിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. ഇതോടെ ലഡു വിതരണം ചെയ്തും മാണിയെ ആശ്ലേഷിച്ചും ഭരണപക്ഷ എംഎൽഎമാർ രംഗത്തെത്തുകയായിരുന്നു.

  ചരിത്രത്തിലെ ഏറ്റവും സംഘർഷഭരിതമായ അന്തരീക്ഷത്തിലൂടെയായിരുന്നു അന്ന് നിയമസഭ കടന്നുപോയത്. അഞ്ച് എംഎല്‍എമാര്‍ക്കെതിരേ സസ്‌പെന്‍ഷനിലും ക്രമിനല്‍ കേസിലുമാണ് അന്നത്തെ പ്രതിഷേധം അവസാനിച്ചത്. വി ശിവൻകുട്ടി, ഇ.പി. ജയരാജൻ, സി.കെ സദാശിവൻ, കെ കുഞ്ഞഹമ്മദ് മാസ്റ്റർ, അജിത്ത് എന്നിവർക്കെതിരെയാണ് ക്രിമിനൽ കേസ് എടുത്തത്. പിന്നീട് വി ശിവൻകുട്ടിയുടെ അപേക്ഷ പരിഗണിച്ച് 2018 ഫെബ്രുവരിയിൽ ഈ കേസ് സർക്കാർ പിൻവലിക്കുകയായിരുന്നു.

  നിയമസഭയിലെ ലഡു വിതരണം തെറ്റായിപ്പോയെന്ന പ്രതികരണവുമായി സ്പീക്കർ പിന്നീട് രംഗത്തെത്തിയിരുന്നു. ലഡു വിതരണം നടക്കുമ്പോൾ താൻ സഭയിൽ ഇല്ലായിരുന്നുവെന്നും, അത് കണ്ടില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. സഭയ്ക്കുള്ളിൽ ഭക്ഷണസാധനങ്ങൾ കൊണ്ടുവരാൻ പാടില്ലെന്നാണ് ചട്ടം. അത് ഭരണപക്ഷ എംഎൽഎമാർ ലംഘിച്ചുവെന്നും സ്പീക്കർ സമ്മതിച്ചിരുന്നു.
  First published: