തൊഴിയൂരിൽ എന്തു നടന്നു ?1994 ഡിസംബർ നാലിനാണ‌് കുന്നംകുളത്തിനടുത്ത് തൊഴിയൂരിൽ ബിജെപി അനുഭാവിയായ ആർ എസ് എസ് പ്രവർത്തകൻ സുനിൽ കൊല്ലപ്പെടുകയും സഹോദരൻ സുബ്രഹ്മണ്യന്റെ കൈ വെട്ടിമാറ്റുകയും ചെയ്തത്. ഡിവൈഎഫ‌്ഐ‐സിപിഎം പ്രവർത്തകരാണ‌് പ്രതികളെന്നാരോപിച്ച‌് പൊലീസ‌് കേസെടുക്കുകയും തൃശൂർ സെഷൻസ‌് കോടതി ഇവർക്ക‌് ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ‌്തിരുന്നു. പ്രതികൾ ശിക്ഷയനുഭവിച്ച് ജയിലിൽ കഴിയുന്നതിനിടെ, ചേകന്നൂർ മൗലവി തിരോധാനക്കേസിൽ അന്വേഷണം നടത്താൻ എസ‌്പിയുടെ നേതൃത്വത്തിൽ രഹസ്യാന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘത്തിന്റെ അന്വേഷണത്തിലാണ് മധ്യകേരളത്തിൽ നടന്ന എട്ട‌് കൊലപാതകങ്ങളിൽ കൃത്യം നടത്തിയത‌് ‘ജം ഇയത്തുൽ ഹിസാനിയ’ എന്ന പ്രത്യേക സംഘമാണെന്ന‌് കണ്ടെത്തിയത്.
സിഗരറ്റ് ബോംബും തീയേറ്ററും1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർത്തത്തിനു പിന്നാലെ അതിതീവ്രമായ മതചിന്തകളുള്ള ചില സംഘങ്ങൾ സംസ്ഥാനത്ത് ഉടലെടുത്തു. ഇതിൽ മുഖ്യമായ ഒന്നായിരുന്നു സുന്നി ടൈഗർ ഫോഴ്സ്. ഒരു പ്രമുഖ മത സംഘടനയുടെ ആശീർവാദത്തോടെ പ്രവർത്തിച്ച ഈ സംഘത്തിൽ അമ്പതോളം പേരാണ് ഉണ്ടായിരുന്നത്. തിയറ്ററുകൾക്ക് തീയിടുക, മതവിരുദ്ധമായി ജീവിക്കുന്നവരെ ആക്രമിക്കുക, സദാചാര പൊലീസ് ചമയുക എന്നിവയായിരുന്നു സംഘത്തിന്റെ പ്രധാന ഉദ്ദേശം. മലപ്പുറം ജില്ലയിൽ മാത്രം ഒരു ഡസനിലേറെ തീയറ്ററുകൾ ഇത്തരത്തിൽ അഗ്നിക്കിരയായി എന്നാണ് കരുതപ്പെടുന്നത്. രാത്രിയിലെ അവസാനത്തെ ഷോയ്ക്കു ശേഷമാണ് അഗ്നിബാധ. അതു കൊണ്ട് തന്നെ ആളപായം ഒന്നും രേഖപ്പെടുത്തിയിട്ടില്ല.സിഗററ്റുകളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ചുണ്ടാക്കിയ സിഗരറ്റു ബോംബ് ഉപയോഗിച്ചായിരുന്നു ആക്രമണം എന്നാണ് വിലയിരുത്തൽ. മതപണ്ഡിതനായ ചേകന്നൂർ മൗലവിയെ 1993 ജൂലായിൽ തട്ടിക്കൊണ്ടു പോയതിനു പിന്നിൽ ഈ സംഘം ആണെന്നാണ് പൊലീസ് നിഗമനം. എന്നാൽ മാതൃ സംഘടന ഇവർ മുന്നോട്ടുവെച്ച ആശയങ്ങളിൽ നിന്നും പിന്നാക്കം പോയതിനാൽ ഈ സംഘം താമസിയാതെ ശോഷിച്ചു. അവശേഷിച്ചവർ 'ഇയത്തുൽ ഹിസാനിയ’ എന്ന സംഘമായി മാറി.
പൊലീസിന്റെ കണ്ണിൽ പൊടിയിട്ട സംഘം1994 മുതൽ 1998 വരെ സജീവമായിരുന്ന ‘ജം ഇയത്തുൽ ഹിസാനിയ’ എന്ന സംഘത്തിൽ ഏതാണ്ട് മുപ്പതോളം പേരാണ് ഉണ്ടായിരുന്നത്. മികവിനും അധികാരത്തിനും വേണ്ടിയുള്ള സംഘടന എന്നാണ് ഏകദേശ വിവർത്തനം. തീവ്ര മത ആശയങ്ങളിൽ വിശ്വസിച്ച ഇവർ അന്യ മതസംഘടനകളിൽ പെട്ടവരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു എന്നാണ് സൂചന. തെളിവില്ലാതെ കൊലപാതകം നടത്താൻ പ്രത്യേക പരിശീലനം ലഭിച്ച ഇവർ പൊലീസിനെ വിദഗ്ധമായി കബളിപ്പിക്കുകയും ചെയ്തിരുന്നു എന്നു വേണം കരുതാൻ.
ചത്തത് കീചകനെങ്കിൽപ്രത്യക്ഷ രാഷ്ട്രീയ വൈരാഗ്യങ്ങൾ കൊലപാതകങ്ങളിലേക്ക് നീങ്ങി എന്ന സാമാന്യ യുക്തിയിൽ പൊലീസ് എത്തിച്ചേർന്നു. അങ്ങനെയാണ് സംഘ പരിവാർ - സിപിഎം സംഘർഷം നിലനിൽക്കുന്ന സ്ഥലങ്ങളിൽ കൊല്ലപ്പെട്ടവരുടെ എതിർ സംഘടനകളിൽ പെട്ടവരിലേക്ക് പൊലീസ് എത്തിയത്. അതായത് ഇര സംഘ പരിവാർ സംഘടനകളിൽ പെട്ടവരെങ്കിൽ പ്രതി സ്ഥാനത്ത് സിപിഎം സംഘടനകളിൽ പെട്ടവരും ഇര സിപിഎം സംഘടനകളിൽ പെട്ടവരാണ് എങ്കിൽ പ്രതിസ്ഥാനത്ത് സംഘ പരിവാർ സംഘടനകളിൽ പെട്ടവരും. സിപിഎം- സിപിഐ രാഷ്ട്രീയ ഭിന്നതകൾ ഉള്ള ഇടത്ത് ഈ സംഘടനകളിലേക്കും പരസ്പരം സംശയം ഉണ്ടായി. മധ്യകേരളത്തിൽ ഉണ്ടായ എട്ടു കൊലപാതകങ്ങൾ ഇത്തരത്തിൽ ആയിരുന്നു എന്നും അതിൽ ‘ജം ഇയത്തുൽ ഹിസാനിയ’ എന്ന സംഘത്തിന് പങ്കുണ്ടായിരുന്നു എന്നുമാണ് പ്രത്യേക അന്വേഷണ സംഘം അനുമാനിക്കുന്നത്.
തലവൻ വിദേശത്ത്കുറച്ചുപേരിൽ മാത്രം ഒതുങ്ങി നിന്ന സംഘം താമസിയാതെ ചിതറിപ്പോയി എന്നും ഇതിന്റെ തലവൻ എന്നു കരുതപ്പെടുന്ന മലപ്പുറം സ്വദേശിയായ സൈതലവി അൻവരി ഇപ്പോൾ മധ്യ പൂർവ ദേശത്തുണ്ട് എന്നും ഉന്നത പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
Also Read-
ആർഎസ്എസ് പ്രവർത്തകൻ സുനിലിനെ കൊലപ്പെടുത്തിയ കേസ്: യഥാർത്ഥ പ്രതി 25 വർഷത്തിനുശേഷം പിടിയിൽ ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.