• HOME
  • »
  • NEWS
  • »
  • kerala
  • »
  • മതവേഷം ധരിച്ച് ഡ്രൈവർ ഡ്യൂട്ടി ചെയ്തോ? വിവാദത്തിൽ വിശദീകരണവുമായി KSRTC

മതവേഷം ധരിച്ച് ഡ്രൈവർ ഡ്യൂട്ടി ചെയ്തോ? വിവാദത്തിൽ വിശദീകരണവുമായി KSRTC

യൂണിഫോം ധരിക്കാതെ മതവേഷത്തിൽ ഡ്രൈവർ കെഎസ്ആർടിസി ബസ് ഓടിക്കുന്നു എന്ന തരത്തിൽ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് കെഎസ്ആർടിസി വിശദീകരണവുമായി എത്തിയത്.

  • Share this:
    യൂണിഫോം ധരിക്കാതെ മതവേഷം ധരിച്ച് ഡ്രൈവർ ഡ്യൂട്ടിക്കെത്തിയെന്ന പ്രചാരണം തെറ്റെന്ന് കെഎസ്ആർടിസി (KSRTC). ‌യൂണിഫോം ധരിക്കാതെ മതവേഷത്തിൽ ഡ്രൈവർ കെഎസ്ആർടിസി ബസ് ഓടിക്കുന്നു എന്ന തരത്തിൽ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിട്ടതിന് പിന്നാലെയാണ് കെഎസ്ആർടിസി വിശദീകരണവുമായി എത്തിയത്. തിരുവനന്തപുരം തമ്പാനൂരിൽനിന്നു മാവേലിക്കരയിലേക്ക് പോകുന്ന ബസിൽ നിന്നെടുത്ത ചിത്രമാണിതെന്നാണ് അവകാശവാദത്തോടെയാണ് പ്രചാരണം. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ പ്രചാരണം ഏറ്റെടുത്തിരുന്നു.

    ഡ്രൈവർ ഇസ്ലാം മതവിശ്വാസികൾ ധരിക്കുന്ന തൊപ്പി ധരിച്ചാണ് വാഹനമോടിച്ചത്. പുറമെ ഇയാൾ ധരിച്ച യൂണിഫോം വെള്ളനിറമാണെന്നും ഫോട്ടോയിൽ തോന്നും. ചിത്രത്തിൽ കാണുന്ന ഡ്രൈവർ മവേലിക്കര ഡിപ്പോയിൽ ജോലി ചെയ്യുന്ന പി എച്ച് അഷറഫാണ്.

    കെഎസ്ആർടിസിയുടെ വിശദീകരണം-

    കെ.എസ്. ആർ. ടി. സി ബസ്സിൽ യൂണിഫോം ധരിക്കാതെ ഡ്രൈവർ ജീവനക്കാരൻ ഡ്യൂട്ടി നിർവ്വഹിക്കുന്നു എന്ന് തെറ്റിധാരണ പരത്തുന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധാരണ പരത്തുന്നതെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരം ഒരു ചിത്രം പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ കെ.എസ്.ആർ ടി സി വിജിലൻസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ കെ.എസ്.ആർ ടി സി മാവേലിക്കര യൂണിറ്റിലെ ഡ്രൈവർ പി.എച്ച് അഷറഫ് , എ.റ്റി. കെ 181 ആം നമ്പർ ബസ്സിൽ മേയ് 24ന് തിരുവനന്തപുരം - മാവേലിക്കര സർവ്വീസിൽ ഡ്യൂട്ടി നിർവ്വഹിക്കുന്നതിനിടെയാണ് തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ ചിലർ ചിത്രമെടുത്ത് പ്രചരിപ്പിച്ചതായി കണ്ടെത്തിയത്.

    കെ.എസ്.ആർ.ടി.സി. വിജിലൻസിന്റെ അന്വേഷണത്തിൽ ഡ്രൈവർ പി. എച്ച് അഷറഫ് കൃത്യമായി യൂണിഫോം തന്നെ ധരിച്ച് ജോലി ചെയ്തതായി കണ്ടെത്തി. ജോലി ചെയ്യവെ യൂണിഫോം പാന്റിന് മുകളിലായി അഴുക്ക് പറ്റാതിരിക്കുവാൻ മടിയിൽ വലിയ ഒരു തോർത്ത് വിരിച്ചിരുന്നത് പ്രത്യേക ആംഗിളിൽ ഫോട്ടോ എടുത്ത് തെറ്റിധാരണ ഉണ്ടാക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ് ചെയ്തത് എന്നും വ്യക്തമായിട്ടുണ്ട്.
    അനുവദനീയമായ രീതിയിൽ യൂണിഫോം ധരിച്ച് കൃത്യനിഷ്ഠയോടെ ജോലി ചെയ്യുന്ന ജീവനക്കാരനെ തെറ്റിധാരണ പരത്തുന്ന രീതിയിൽ ചിത്രമെടുത്ത് ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുകയാണ് ഉണ്ടായത് എന്നും അന്വേഷണത്തിൽ വെളിവായിട്ടുണ്ട്.

    Also Read- PC George| പി സി ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തി; രക്തസമ്മർദത്തിൽ വ്യത്യാസം; ഒരു മണിക്കൂർ നിരീക്ഷണത്തിൽ

    പ്രചരിപ്പിച്ചിരിക്കുന്ന ചിത്രം സൂം ചെയ്ത് നോക്കിയാൽ അഷറഫ് നിഷ്കർഷിച്ചിരിക്കുന്ന സ്കൈ ബ്ലു ഷർട്ടും, നേവി ബ്ലു പാന്റും തന്നെയാണ് ധരിച്ചിരിക്കുന്നത് എന്നും വ്യക്തമാകുന്നതാണ്.
    Published by:Rajesh V
    First published: