സത്യത്തിൽ ഗവർണറേക്കൊണ്ട് സംസ്ഥാനത്തിന് എന്തു പ്രയോജനം?
സത്യത്തിൽ ഗവർണറേക്കൊണ്ട് സംസ്ഥാനത്തിന് എന്തു പ്രയോജനം?
തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ പിരിച്ചുവിടുക, സഭയിൽ ഭൂരിപക്ഷമുള്ള കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാതിരിക്കുക തുടങ്ങി ഗവർണർമാർ ജനാധിപത്യ തത്വങ്ങൾ ലംഘിച്ചതിന്‍റെ നിരവധി അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്.
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കേരള സർക്കാരുമായി വളർന്നു വരുന്ന സംഘർഷങ്ങളുടെ സാഹചര്യത്തിൽ ഗവർണർ പദവിയുടെ പ്രസക്തി ചർച്ച ചെയ്യപ്പെടേണ്ടതാണ്. നമ്മുടെ ഭരണഘടനാ വിധാതാക്കൾ വിഭാവനം ചെയ്തിട്ടുള്ള നിരവധി സംസ്ഥാനങ്ങൾ ചേർന്ന ഫെഡറൽ പാർലമെന്‍ററി ജനാധിപത്യ സംവിധാനമാണ് രാജ്യത്ത് നടപ്പിലാക്കിയിട്ടുള്ളത്. കേന്ദ്രസർക്കാരിന്‍റെ ഇംഗിതത്തിന് വഴങ്ങി ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ ഭരണപരവും രാഷ്ടീയവുമായ അവകാശങ്ങളിൽ ഇടപെടാനുള്ള പഴുതുകൾ ഗവർണർമാർക്ക് നൽകിയിട്ടുള്ള അധികാരത്തിലുണ്ടെന്ന് നിരവധി തവണ തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഡോ. ബി ഇക്ബാൽ
തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ പിരിച്ചുവിടുക, സഭയിൽ ഭൂരിപക്ഷമുള്ള കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാതിരിക്കുക തുടങ്ങി ഗവർണർമാർ ജനാധിപത്യ തത്വങ്ങൾ ലംഘിച്ചതിന്‍റെ നിരവധി അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. ഫെഡറൽ തത്വങ്ങൾക്കെതിരായ അധികാരങ്ങൾ നിക്ഷിപ്തമായ ഗവർണർ പദവി റദ്ദു ചെയ്യേണ്ടതാണെന്ന് പല ഭരണഘടനാ വിദഗ്ദരും രാഷ്ടീയനേതാക്കളും മുൻകാലങ്ങളിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ സംസ്ഥാന സർക്കാരുകൾ അധികാരമേൽക്കുമ്പോൾ ചീഫ് ജസ്റ്റിസിന് മുന്നിൽ മന്ത്രിമാർക്ക് സത്യപ്രതിജ്ഞ എടുക്കാവുന്നതാണ്. അസംബ്ലി ചേരുമ്പോഴുള്ള നയപ്രഖ്യാപനം ഗവർണർക്ക് പകരം മുഖ്യമന്ത്രി നടത്തിയാൽ മതിയാവും.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ ശേഷമുള്ള ആദ്യനാളുകളിൽ സംസ്ഥാന സർക്കാരുകളിൽ ഭൂരിഭാഗവും കോൺഗ്രസ് സർക്കാരുകളായിരുന്നത് കൊണ്ട് ഗവർണർമാരും സംസ്ഥാന സർക്കാരുകളും തമ്മിൽ വലിയ അഭിപ്രായ ഭിന്നതകൾക്ക് സാധ്യതകളില്ലായിരുന്നു. കേന്ദ്രസർക്കാരിൽ നിന്നും വ്യത്യസ്തമായ മറ്റ് ദേശീയ പാർട്ടികളുടെയും പ്രാദേശിക പാർട്ടികളുടെയും നേതൃത്വത്തിലുള്ള സർക്കാരുകൾ നിരവധി സംസ്ഥാനങ്ങളിൽ അധികാരത്തിലെത്തിയതിനെ തുടർന്നാണ് ഗവർണർ പദവി വിമർശന വിധേയമായത്. മാത്രമല്ല ആദ്യമൊക്കെ പൊതുവേ സാമൂഹ്യ അംഗീകാരമുള്ളവരെയും സജീവ രാഷ്ടീയ പ്രവർത്തനം നടത്താത്ത പ്രഗത്ഭമതികളെയുമായിരുന്നു ഗവർണർമാരായി നിയമിച്ചിരുന്നത്. ഇപ്പോഴാവട്ടെ ആരീഫ് മുഹമ്മദ് ഖാന്‍റെ കാര്യത്തിലെന്ന പോലെ സജീവരാഷ്ടീയ പ്രവർത്തനം നടത്തുകയും ഭരണകക്ഷിയോട് കൂറു പുലർത്തുകയും മന്ത്രിസ്ഥാനം വരെ വഹിക്കുകയും ചെയ്തവരെയാണ് ഗവർണർമാരായി നിയമിച്ച് വരുന്നത്. അവരിൽ പലരും തങ്ങളുടെ കക്ഷി രാഷ്ടീയ പ്രവർത്തനത്തിന്‍റെ തുടർച്ചയായി കേന്ദ്രമന്ത്രിസഭയിലെ സംസ്ഥാന ചുമതലയുള്ള കേന്ദ്രമന്ത്രിമാർ എന്ന മട്ടിലാണ് പെരുമാറിവരുന്നത്.
ഇന്ത്യൻ ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായ ഗവർണർ തസ്തിക അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ സർക്കാരുകൾ കൂട്ടായി ആവശ്യപ്പെടുന്ന കാര്യം ഗൌരവമായി പരിഗണിക്കേണ്ടതാണ്.
(അഭിപ്രായം വ്യക്തിപരം)
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.