നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കേന്ദ്ര ബജറ്റിന് കൊച്ചിയിലെ റോഡുമായി എന്ത് ബന്ധം?

  കേന്ദ്ര ബജറ്റിന് കൊച്ചിയിലെ റോഡുമായി എന്ത് ബന്ധം?

  ഷണ്മുഖം ചെട്ടി അവതരിപ്പിച്ച ആദ്യ ബജറ്റിന് പൂർണ്ണ രൂപമോ ഘടനയോ ഇല്ലായിരുന്നു.

  ഷൺമുഖം ചെട്ടി

  ഷൺമുഖം ചെട്ടി

  • Share this:
  കൊച്ചി: രാജ്യത്തെ തൊണ്ണൂറ്റിയൊന്നാമത്തെ ബജറ്റാണ് തിങ്കളാഴ്ച്ച നിർമലാ സീതാരാമൻ അവതരിപ്പിക്കുന്നത്. എന്നാൽ ഒന്നാമത്തെ ബജറ്റ് അവതരിപ്പിച്ചത് ഒരു പാതി കൊച്ചിക്കാരനാണ്. കോയമ്പത്തൂരിൽ ജനിച്ച് കൊച്ചിയുടെ ദിവാനായിരുന്ന സർ ആർ.കെ. ഷണ്മുഖം ചെട്ടിയാർ. ആദ്യ കേന്ദ്ര ധനമന്ത്രിയെന്ന നിലയിലാണ് ഷണ്മുഖം ചെട്ടിയാർ ഒന്നാമത്തെ ബജറ്റ് അവതരിപ്പിച്ചത്. കൊച്ചി പോർട്ട് സ്ഥാപിച്ചതും എറണാകുളം മാർക്കറ്റിന് തുടക്കമിട്ടതും ഷണ്മുഖം ചെട്ടിയാർ ദിവാനായിരുന്ന കാലത്താണ്. അദ്ദേഹത്തിൻ്റെ പേരിൽ കൊച്ചിയിലുള്ള ഏക സ്മാരകം മറൈൻ ഡ്രൈവിന് മുന്നിലൂടെയുള്ള ഷണ്മുഖം റോഡ് മാത്രമാണ്.

  ഷണ്മുഖം ചെട്ടി അവതരിപ്പിച്ച ആദ്യ ബജറ്റിന് പൂർണ്ണ രൂപമോ ഘടനയോ ഇല്ലായിരുന്നു.  രാജ്യത്തെ വികസനം സംബന്ധിച്ചു ധനമന്ത്രാലയം തയാറാക്കുന്ന വാർഷിക സാമ്പത്തിക സർവേ ഇപ്പോൾ ബജറ്റിനു തലേന്നു പാർലമെന്റിൽ അവതരിപ്പിക്കാറുണ്ട്. അതേ മാതൃകയിൽ തയാറാക്കിയ സാമ്പത്തിക അവലോകനമായിരുന്നു ആ ബജറ്റ് . അതിൽ നികുതി നിർദേശങ്ങളോ നയപ്രഖ്യാപനങ്ങളോ ഒന്നും ഇല്ലായിരുന്നു.
  അത്ഭുതങ്ങളൊന്നും അവതരിപ്പിക്കാനില്ലെന്ന് ആമുഖത്തിൽ വ്യക്‌തമാക്കാനും ഷണ്മുഖം ചെട്ടി മറന്നില്ല.

  ഷൺമുഖം ചെട്ടി


  Also Read ഇനി അച്ചടിച്ച ബജറ്റ് ഇല്ല; കേന്ദ്ര സർക്കാർ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി

  നികുതി നിർദേശങ്ങൾക്കും മറ്റും ഷണ്മുഖം ചെട്ടിക്ക് അവസരം ലഭിക്കാതെപോയതിനു രണ്ട് കാരണങ്ങളുണ്ട്. ഇന്ത്യയുടെ വിഭജനം നടന്നിട്ട് ഏതാനും ആഴ്‌ചകൾ മാത്രമാണു പിന്നിട്ടിരുന്നത്. പല സ്‌ഥലങ്ങളിലും അസ്വസ്‌ഥതകൾ അടങ്ങിയിരുന്നില്ല. നികുതി നിർദേശങ്ങൾക്കുള്ള അവസരം ഇല്ലാതാക്കിയ മറ്റൊരു കാരണം അടുത്ത സാമ്പത്തിക വർഷം ആരംഭിക്കാൻ നൂറു ദിവസം പോലും ബാക്കിയുണ്ടായിരുന്നില്ല എന്നതാണ്.

  കൊച്ചി പോർട്ട്


  അടുത്ത ബജറ്റ് അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നതിനു മുമ്പു ഷണ്മുഖം ചെട്ടിക്കു മന്ത്രിസ്‌ഥാനം നഷ്‌ടമായതും ചരിത്രം. പ്രധാനമന്ത്രിയായിരുന്ന നെഹ്‌റുവുമായുള്ള അഭിപ്രായഭിന്നത മൂലം രാജിവച്ചതാണെന്നും അതല്ല രാജിവയ്‌പിച്ചതാണെന്നും ചരിത്രകാരന്മാർക്കിടയിൽ ഭിന്നാഭിപ്രായം നിലനിൽക്കുന്നു. ഷണ്മുഖം ചെട്ടിയെ ധനമന്ത്രിയായി നെഹ്‌റു നിയമിച്ചതുതന്നെ അർധമനസ്സോടെയായിരുന്നുവെന്നും പറയപ്പെടുന്നു. ബ്രിട്ടീഷ് അനുഭാവ പാർട്ടിയായിരുന്ന 'ജസ്‌റ്റിസ് ' പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന ഷണ്മുഖം ചെട്ടിയെ ചില സമ്മർദ്ദങ്ങളുടെ പേരിലാണ് മന്ത്രി സഭയിൽ എടുത്തത്.

  ഷൺമുഖം റോഡ്


  ഷണ്മുഖം ചെട്ടിക്കു മന്ത്രിസ്‌ഥാനം നഷ്‌ടമായപ്പോൾ പകരം കെ.സി. നിയോഗിയാണ് ധനമന്ത്രിയായി നിയമിക്കപ്പെട്ടത്. നിയോഗിയുടെ ഔദ്യോഗിക കാലാവധി 35 ദിവസത്തേക്കു മാത്രമായിരുന്നതുകൊണ്ടു അദ്ദേഹത്തിനും ബജറ്റ് അവതരിപ്പിക്കാൻ അവസരം ലഭിച്ചതേയില്ല. 1949ല്‍ ജോൺ മത്തായി അടുത്ത ധനമന്ത്രിയായി. 1950 ജനുവരി 26ന് ഇന്ത്യ റിപ്പബ്ളിക്കായ ശേഷം ധനമന്ത്രിയാകുന്ന ആദ്യ വ്യക്തിയും ജോൺ മത്തായിയാണ്. റിപ്പബ്ളിക്കായ ഇന്ത്യയുടെ ആദ്യ ബജറ്റ്  ഫെബ്രുവരി 28ന്  മത്തായി അവതരിപ്പിച്ചു. ജോൺ മത്തായി ബജറ്റ് പ്രസംഗം വായിച്ചില്ല. പകരം അംഗങ്ങൾക്ക് എല്ലാ വിവരങ്ങളും അടങ്ങുന്ന ധവളപത്രം നൽകി.

  ‍ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളായ ആസുത്രണ കമ്മിഷന് രൂപം നൽകുന്നതും പഞ്ചവത്സര പദ്ധതികളുടെ തുടക്കവും മാത്രം പ്രസംഗത്തിൽ പരാമർശിച്ചു. ബജറ്റ് പ്രസംഗത്തിന് പകരം സാമ്പത്തിക നയത്തെക്കുറിച്ച് വിശദമായി പ്രസംഗിച്ചു. അങ്ങനെ മത്തായിയും  ചരിത്രത്തിലിടംപിടിച്ചു.
  Published by:Aneesh Anirudhan
  First published:
  )}