• HOME
  • »
  • NEWS
  • »
  • kerala
  • »
  • WHAT OCCURRED BETWEEN AV GOPINATH THE POPULAR FACE OF CONGRESS AND HIS PARTY KM TV

എവി ഗോപിനാഥ് കോൺഗ്രസിൻ്റെ ജനകീയ മുഖം, അകൽച്ച തുടങ്ങുന്നത് 2009 മുതൽ

കോണ്‍ഗ്രസിലെ പൊട്ടിത്തെറി പാലക്കാട് നിന്ന് തുടങ്ങുമെന്ന് വ്യക്തമാക്കി ഫെയ്‌സ്ബുക്കില്‍ എ കെ ബാലന്‍ പോസ്റ്റിട്ടത് ഇതിന്റെ തെളിവാണ്

AV-Gopinath

AV-Gopinath

  • Share this:
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്താണ് എവി ഗോപിനാഥ് കലാപക്കൊടി ഉയര്‍ത്തിയതെങ്കിലും 2009 മുതല്‍ ജില്ലാ നേതൃത്വവുമായി എവി ഗോപിനാഥ് അകന്നു കഴിയുകയായിരുന്നു എന്നതാണ് യഥാര്‍ത്ഥ്യം.

2007 മുതല്‍ 2009 വരെ പാലക്കാട് ഡി സി സി പ്രസിഡണ്ടായിരുന്ന അദ്ദേഹം, 2009 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ UDF സ്ഥാനാര്‍ത്ഥി സതീശന്‍ പാച്ചേനിയുടെ തോല്‍വിയുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡണ്ട് സ്ഥാനം രാജിവെയ്ക്കുകയായിരുന്നു. അന്നു മുതല്‍ ജില്ലയിലെ മറ്റു നേതാക്കളുമായി മാനസികമായി അടുപ്പത്തിലായിരുന്നില്ല എവി ഗോപിനാഥ്.

എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പാലക്കാട് ഡിസിസി പ്രസിഡണ്ട് സ്ഥാനത്തേയ്ക്ക് വീണ്ടും എവി ഗോപിനാഥിനെ പരിഗണിക്കുന്നതായി കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ തന്നെ ഇദ്ദേഹത്തോടു പറഞ്ഞിരുന്നു. പക്ഷേ ജില്ലാ നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഈ നീക്കത്തില്‍ നിന്നും സംസ്ഥാന നേതൃത്വം പിന്മാറി. ഇത് തന്നെ അപമാനിയ്ക്കുന്നതിന് തുല്യമാണെന്ന് എവി ഗോപിനാഥ് നേതൃത്വത്തെ അറിയിച്ചു.

ഇതിനിടെ ഗോപിനാഥിന്റെ അതൃപ്തി മനസ്സിലാക്കി, സി പി എം പാലക്കാട് സീറ്റ് വാഗ്ദാനം ചെയ്യുകയും എല്‍ ഡി എഫിലേക്ക് കൊണ്ടുവരാനുള്ള നീക്കം നടത്തുകയും ചെയ്തു. ഇതോടെ ഗോപിനാഥ് പരസ്യമായി കലാപത്തിനിറങ്ങി. തെരഞ്ഞെടുപ്പ് സമയത്ത് എവി ഗോപിനാഥ് പാര്‍ട്ടി വിട്ടാല്‍ പാലക്കാട്ടെ സിറ്റിംഗ് സീറ്റുള്‍പ്പടെ നഷ്ടമാവുന്ന സാഹചര്യമുണ്ടാവുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തി.

അങ്ങനെയാണ് ഉമ്മന്‍ചാണ്ടി, കെ. സുധാകരന്‍ തുടങ്ങിയ നേതാക്കള്‍ നേരിട്ടെത്തി അനുനയിപ്പിക്കുകയും പുന:സംഘടനയില്‍ പാലക്കാട് DCC പ്രസിഡണ്ടാക്കാമെന്നും ഉറപ്പു നല്‍കുകയും ചെയ്തു. എന്നാല്‍ DCC അധ്യക്ഷന്‍മാരുടെ പട്ടിക വന്നതോടെ എവി ഗോപിനാഥ് പുറത്തായി. എവിയെ നേതൃത്വം വഞ്ചിച്ചുവെന്നാണ് ഇദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്. ഈ വികാരം അനുകൂലികളായ പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപകമായതോടെ പാര്‍ട്ടി വിടാന്‍ ഗോപിനാഥ് തീരുമാനിച്ചു.

ഗോപിനാഥ് എവിടേയ്ക്ക്?

കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച എവി ഗോപിനാഥ് സിപിഎമ്മിലേക്ക് പോവാനുള്ള സാധ്യതയാണ് ഏറെയും. സി പി എം നേതാവ് എ കെ ബാലനുമായി വലിയ അടുപ്പമാണ് ഇദ്ദേഹത്തിനുള്ളത്. കോണ്‍ഗ്രസിലെ പൊട്ടിത്തെറി പാലക്കാട് നിന്ന് തുടങ്ങുമെന്ന് വ്യക്തമാക്കി ഫെയ്‌സ് ബുക്കില്‍ എ കെ ബാലന്‍ പോസ്റ്റിട്ടത് ഇതിന്റെ തെളിവാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഇദ്ദേഹത്തെ എല്‍ഡിഎഫിലേക്ക് കൊണ്ടുവരാന്‍ നീക്കങ്ങള്‍ നടത്തിയതും എ കെ ബാലനായിരുന്നു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പടെ ഗോപിനാഥുമായി സംസാരിയ്ക്കുകയും ചെയ്തിരുന്നു. ഈ നീക്കം കോണ്‍ഗ്രസ് നേതൃത്വം തന്നെ പൊളിച്ചെങ്കിലും പുന:സംഘടനയില്‍ നേതാക്കള്‍ വാക്ക് പാലിക്കാതെ വന്നതോടെ ഗോപിനാഥ് പാര്‍ടി വിടാന്‍ തീരുമാനിക്കുകയായിരുന്നു.സി പി എം നേതൃത്വവുമായി കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചതെന്നാണ് ലഭ്യമാവുന്ന വിവരം.

എവി പോയാല്‍കോണ്‍ഗ്രസ് നേരിടുന്ന പ്രശ്‌നം

എവി ഗോപിനാഥ് പാര്‍ട്ടി വിട്ടാല്‍ പാലക്കാട് ജില്ലയില്‍ കുറച്ചു കാലത്തേയ്‌ക്കെങ്കിലും പ്രതിസന്ധി നേരിടേണ്ടി വരും. 42 വര്‍ഷമായി കോണ്‍ഗ്രസ് ഭരിയ്ക്കുന്ന പഞ്ചായത്താണ് പെരിങ്ങോട്ടുകുറിശ്ശി. ഇവിടുത്തെ 11 കോണ്‍ഗ്രസ് അംഗങ്ങളും എവി ഗോപിനാഥിന് പിന്തുണ പ്രഖ്യാപിച്ചതിനാല്‍ പഞ്ചായത്ത് ഭരണം നഷ്ടമാവും എന്നതാണ് കോണ്‍ഗ്രസിനേല്‍ക്കുന്ന ആദ്യ തിരിച്ചടി. ഇതിന് പുറമെ എവി ഗോപിനാഥിന് സ്വാധീനമുള്ള കോട്ടായി, കുഴല്‍മന്ദം, മാത്തൂര്‍, പിരായിരി പഞ്ചായത്തുകളിലും കോണ്‍ഗ്രസിന് കടുത്ത വെല്ലുവിളി നേരിടേണ്ടി വരും.പാലക്കാട് നിയമസഭാ മണ്ഡലത്തിലും എവി ഗോപിനാഥിന് നല്ല സ്വാധീനമുണ്ട്.

രാജി പിന്‍വലിപ്പിയ്ക്കാനും ശ്രമം

പ്രാഥമിക അംഗത്വം രാജിവെച്ചെങ്കിലും എവി ഗോപിനാഥിനെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം കെ. സുധാകരന്‍ ആരംഭിച്ചിട്ടുണ്ട്. പക്ഷേ എത്രത്തോളം ഫലപ്രദമാവും എന്നത് കണ്ടറിയണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് കെ സുധാകരന്‍ നല്‍കിയ വാക്ക് അദ്ദേഹം KPCC പ്രസിഡണ്ടായിട്ട് പോലും നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇനിയും സുധാകരന്‍ നടത്തുന്ന അനുനയ നീക്കം വിജയിയ്ക്കുമോ എന്നത് കണ്ടറിയണം.എവി ഗോപിനാഥിനെ തിരിച്ചുകൊണ്ടുവരാന്‍ ജില്ലാ നേതാക്കള്‍ വലിയ താല്പര്യം കാണിയ്ക്കാത്തതും തടസ്സമാണ്.
Published by:Karthika M
First published:
)}