• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'പാലാ ബിഷപ്പ് പറഞ്ഞത് മുഖ്യമന്ത്രിയും സിപിഎമ്മും അറിഞ്ഞുകൊണ്ട് മൂടിവെച്ച കാര്യങ്ങള്‍': ദീപികയിൽ വീണ്ടും ലേഖനം

'പാലാ ബിഷപ്പ് പറഞ്ഞത് മുഖ്യമന്ത്രിയും സിപിഎമ്മും അറിഞ്ഞുകൊണ്ട് മൂടിവെച്ച കാര്യങ്ങള്‍': ദീപികയിൽ വീണ്ടും ലേഖനം

സി പി എം സർക്കുലറിൽ പറഞ്ഞതും ബിഷപ്പ് പറഞ്ഞതും ഒരേ കാര്യങ്ങൾ ആണ് എന്ന് ലേഖനം അവകാശപ്പെടുന്നു. ബിഷപ്പ് പറഞ്ഞതിന്  മാത്രം മതത്തിൻ്റെ പരിവേഷം നൽകാൻ ചിലർ ശ്രമിച്ചുവെന്നും ദീപിക

deepika-cpm

deepika-cpm

 • Share this:
  കോട്ടയം: പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ വിവാദ പ്രസ്താവനകൾ വലിയ ചർച്ചയായിരിക്കുന്നതിനിടെയാണ് സമവായ നീക്കങ്ങളുമായി സർക്കാർ രംഗത്തുവന്നത്. സഹകരണ മന്ത്രി വി എൻ വാസവൻ ഇന്നലെ ചർച്ചകൾക്കായി പാലാ ബിഷപ്സ് ഹൗസിൽ എത്തിയിരുന്നു. അതിനു മുന്നോടിയായി സിപിഎം പാർട്ടി സമ്മേളനങ്ങളിൽ  അവതരിപ്പിക്കുന്ന പ്രസംഗത്തിന്റെ പകർപ്പ് പുറത്തുവന്നതും ശ്രദ്ധേയമാണ്. അതിന് പിന്നാലെയാണ്  ദിനപത്രമായ ദീപികയിൽ വീണ്ടും ലേഖനം പ്രത്യക്ഷപ്പെട്ടത്. ദീപികയുടെ കോഡിനേറ്റിങ്ങ് എഡിറ്റർ സി കെ കുര്യാച്ചൻ എഴുതിയ ലേഖനത്തിലാണ് സിപിഎമ്മിന് മറുപടി നൽകുന്നത്.

  മുഖ്യമന്ത്രിയും അദ്ദേഹത്തിൻ്റെ പാർട്ടിയും അറിഞ്ഞു കൊണ്ടു മൂടി വയ്ക്കാൻ ശ്രമിച്ച കാര്യങ്ങളാണ് പാലാ ബിഷപ്പ് പറഞ്ഞത് എന്ന് ദീപിക ലേഖനത്തിൽ വ്യക്തമാക്കുന്നു. സി പി എം സർക്കുലറിൽ പറഞ്ഞതും ബിഷപ്പ് പറഞ്ഞതും ഒരേ കാര്യങ്ങൾ ആണ് എന്ന് ലേഖനം അവകാശപ്പെടുന്നു. ബിഷപ്പ് പറഞ്ഞതിന്  മാത്രം മതത്തിൻ്റെ പരിവേഷം നൽകാൻ ചിലർ ശ്രമിച്ചു.

  സി പി എം ഇപ്പോൾ യാഥാർഥ്യങ്ങൾ ഉൾക്കൊള്ളുന്നു എന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. ഈ വിഷയങ്ങളിൽ സർക്കാർ അന്വേഷണം നടത്തണം എന്നു കൂടി ദീപിക അവകാശപ്പെടുന്നുണ്ട്.

  പ്രതിപക്ഷത്തിനെതിരെയും ദീപികയുടെ വിമർശനമുണ്ട്. പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പേരെടുത്ത് പറഞ്ഞാണ് ദീപികയിലെ വിമർശനം.വിഡി സതീശൻ്റേത് ക്ലീൻ ഇമേജ് ഉണ്ടാക്കാനുള്ള ശ്രമം ആണെന്ന് ലേഖനം ആരോപിക്കുന്നു. ചങ്ങനാശ്ശേരിയിൽ നിന്നു തന്നെ കാര്യങ്ങൾ മനസിലായതു കൊണ്ടാണ് പാലായിലേക്ക് പോകാതിരുന്നത് എന്നുള്ള ഒളിയമ്പും  ലേഖനത്തിലുണ്ട്. ഇമേജ് കാത്ത് സൂക്ഷിക്കാൻ കോട്ടയത്ത് ചില പൊടിക്കൈകൾ കാട്ടിയതാണ് എന്നും ദീപിക വിമർശിക്കുന്നു.

  Also Read- 'പാലാ ബിഷപ്പിന് ദുരുദ്ദേശ്യമില്ല; ചിലര്‍ തെറ്റായ പ്രചാരണം നടത്തി': എ.വിജയരാഘവന്‍

  കേന്ദ്ര ഭരണത്തിലുള്ള ബിജെപിയെയും ദീപിക ലേഖനം വിമർശിക്കുന്നു. ബിജെപിക്ക് കാര്യങ്ങൾ ബോധ്യമുണ്ടെങ്കിൽ നടപടി എടുക്കുകയാണ് വേണ്ടത് എന്ന് ദീപിക ആവശ്യപ്പെടുന്നു. ബിഷപ്പിനെ മറയാക്കി മുതലെടുപ്പിന് ശ്രമിക്കരുത് എന്നും ബിജെപിയെ ലക്ഷ്യമാക്കി ദീപിക ആവശ്യപ്പെടുന്നു. താലിബാൻ വർഗ്ഗീയതയെ താലോലിക്കുന്നവരുടെ നാവും തൂലികയുമാവാൻ സമൂഹം നിന്നു കൊടുക്കരുത് എന്നാൽ പൊതുവേയുള്ള ആവശ്യവും ലേഖനം പങ്കുവെക്കുന്നുണ്ട്.

  സർക്കാരിന് മുന്നിൽ പുതിയ സമ്മർദവുമായി ആണ് സഭാ നീങ്ങുന്നത് എന്നാണ് ലേഖനം സൂചിപ്പിക്കുന്നത്. സിപിഎം ലേഖനവും വി എൻ വാസവന്റെ സന്ദർശനവും കൂട്ടിച്ചേർത്ത് വായിക്കാനാണ് ദീപിക ശ്രമിക്കുന്നത്. സർക്കാരിന് എല്ലാ കാര്യങ്ങളും അറിയാം എന്ന് വാസവന്റെ സന്ദർശനത്തിലൂടെ  വ്യക്തമായി എന്ന് ലേഖനം പറയുന്നു. അങ്ങനെ വരുമ്പോൾ സർക്കാർ ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്ന ആവശ്യമാണ് ദീപിക മുന്നോട്ടുവെക്കുന്നത്. അതായത് ഈ വിഷയത്തിൽ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ടതോടെ ആ നിലയ്ക്ക് സമ്മർദം ശക്തമാക്കാൻ ആണ് ഇനി സഭയുടെ നീക്കമെന്ന് വ്യക്തം.

  Also Read-'പാലാ ബിഷപ്പ് പാണ്ഡിത്യമുള്ള വ്യക്തി; വിവാദമാക്കുന്നത് തീവ്രവാദികൾ'; മന്ത്രി വി എന്‍ വാസവന്‍

  വി ഡി സതീശനെതിരെ കൃത്യമായ അതൃപ്തി സഭയ്ക്കുണ്ട് എന്ന് വ്യക്തമാക്കുക കൂടിയാണ് ലേഖനം. പാലായിലേക്ക് സതീശൻ പോകാതിരുന്നതിനുപിന്നിൽ ഈ അതൃപ്തിയും ഉണ്ടോ എന്നാണ് അറിയേണ്ടത്. നേരത്തെ പാലാ ബിഷപ്പിനെ ആദ്യം തന്നെ വിമർശിച്ച് രംഗത്തെത്തിയത് വി ഡി സതീശൻ ആയിരുന്നു. അപ്പോൾ തുടങ്ങിയ അതൃപ്തി ഇപ്പോഴും പുകയുന്നു എന്നാണ് വ്യക്തം. ബിജെപി വിഷയത്തിൽ സന്ദർശനങ്ങൾ നടത്തുന്നു എന്നതിനപ്പുറം കാര്യമായ അന്വേഷണങ്ങൾക്ക് പോകുന്നില്ല എന്ന ഗൗരവമേറിയ വിമർശനവും ലേഖനത്തിലുണ്ട്.
  Published by:Anuraj GR
  First published: