നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Jose K mani| ഇടതുമുന്നണിയിലേക്കുള്ള യാത്ര: ജോസിനൊപ്പം എല്ലാവരും ഉണ്ടാകുമോ ?

  Jose K mani| ഇടതുമുന്നണിയിലേക്കുള്ള യാത്ര: ജോസിനൊപ്പം എല്ലാവരും ഉണ്ടാകുമോ ?

  എൽ ഡി എഫ് മൊത്തമായി പച്ചക്കൊടി കാട്ടിയാലും വേറെയും ചില വെല്ലുവിളികൾ ജോസ് കെ മാണിക്ക് മുന്നിലുണ്ട്.

  ജോസ് കെ മാണി

  ജോസ് കെ മാണി

  • Share this:
   യുഡിഎഫിൽ നിന്ന് പുറത്തായ ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയുമായി കൂടുതൽ അടുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ജോസ് കെ മാണി എൽഡിഎഫിലേക്ക് വരുന്നതിനെ സിപിഎം നേതാക്കൾ പലരും പരസ്യമായി തന്നെ സ്വാഗതം ചെയ്ത് തുടങ്ങി. ആദ്യം എതിർപ്പുയർത്തിയ എൻസിപി നേതാവും പാലാ എംഎൽഎയുമായ മാണി സി കാപ്പനെ തണുപ്പിക്കാൻ പുതിയ ഫോർമുല സിപിഎം തയാറാക്കി. ഇടഞ്ഞുനിൽക്കുന്ന സിപിഐയെ കൂടി അനുനയിപ്പിച്ചാൽ ജോസ് കെ മാണിക്ക് ഘടകകക്ഷിയായി എകെജി സെന്ററിന്റെ പടി കയറാം. എന്നാൽ ചില കാര്യങ്ങൾ ജോസ് കെ മാണിക്ക് അനുകൂലമാകില്ല. എൽ ഡി എഫ് മൊത്തമായി പച്ചക്കൊടി കാട്ടിയാലും വേറെയും ചില വെല്ലുവിളികൾ ജോസ് കെ മാണിക്ക് മുന്നിലുണ്ട്.

   ജോസ് കെ മാണിക്കൊപ്പം എൽഡിഎഫിലേക്ക് ആരൊക്കെ ?

   രണ്ട് എംഎൽഎമാരും ഒരു ലോക്സഭാ എംപിയുമാണ് ജോസ് കെ മാണിയ്ക്ക് ഒപ്പമുള്ളത്. കേരള കോൺഗ്രസ് ജോസ് കെ മാണി പക്ഷത്തെ യുഡിഎഫിൽ നിന്ന് പുറത്തുനിർത്താനുള്ള തീരുമാനം കൺവീനർ ബെന്നി ബെഹന്നാൻ പ്രഖ്യാപിക്കുന്ന ദിവസം മുതൽ ജോസ് കെ മാണിക്ക് ഇടവും വലവുമായി ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിനും കാഞ്ഞിരപ്പള്ളി എംഎൽഎ പ്രൊഫ. എൻ. ജയരാജും കോട്ടയം എംപി തോമസ് ചാഴികാടനുമുണ്ട്. എന്നാൽ, ഇടതുപാളയത്തിലേക്ക് പോകുന്നതിനോട് ജോസ് കെ മാണിക്കുള്ള അത്ര ആവേശം ഇവരിലാർക്കും ഇല്ലെന്നതാണ് പുറത്തുവരുന്ന വിവരം. കേരളത്തിൽ അഞ്ചു വർഷത്തിൽ ഉറപ്പായും ഭരണമുന്നണി മാറും എന്ന് കരുതുകയും വിശ്വസിക്കുകയും ചെറു നേതാക്കളും സാധാരണ പ്രവർത്തകരും ഇതിൽ ഉൾപ്പെടും.

   റോഷിയുടെയും ചാഴിക്കാടന്റെയും മനസിലെന്ത് ?

   പരസ്യമായി ജോസ് കെ മാണിക്കൊപ്പം ഉറച്ചു നിൽക്കുമെന്ന് പറയുമ്പോഴും ഇടതുമുന്നണിയിലേക്ക് പോയാൽ രാഷ്ട്രീയ ഭാവി എന്താകുമെന്ന കാര്യത്തിൽ റോഷി അഗസ്റ്റിനും തോമസ് ചാഴിക്കാടനും ആശങ്കകളുണ്ട്. ഇടുക്കി തട്ടകമാക്കിയ പാലാ മണ്ഡലത്തിലെ രാമപുരം സ്വദേശിയായ റോഷിക്ക് ഇടതുമുന്നണിയിലേക്ക് പോയാൽ തങ്ങളുടെ രാഷ്ട്രീയഭാവിയ്ക്കുണ്ടാക്കിയേക്കാവുന്ന അപകടത്തെ കുറിച്ച് നല്ലബോധ്യമുണ്ടെന്നാണ് അദ്ദേഹത്തിനോട് അടുപ്പമുള്ളവർ പറയുന്നത്. കഴിഞ്ഞ തവണ ഇടുക്കിയിൽ നല്ല സ്വാധീനമുള്ള രണ്ടു തവണ പ്രദേശത്തെ പാർലമെന്റ് അംഗമായ ഫ്രാൻസിസ് ജോർജിനോട് 9,333 വോട്ടുകൾക്ക് ജയിക്കാൻ റോഷിയെ സഹായിച്ചത് വ്യക്തിപ്രഭാവത്തിലുപരി മണ്ഡലത്തിലെ സിപിഎം വിരുദ്ധ വോട്ടുകളാണ്.

   സമുദായങ്ങളുടെ ഉറപ്പ്, സീറ്റുകളുടെ പിൻബലം

   ജനാധിപത്യ കക്ഷികളുടെ ശക്തികേന്ദ്രമായ കോട്ടയത്ത് ഇടതുപാളയത്തിൽ നിന്നും മത്സരിച്ചു ജയിക്കുക അസാധ്യമാണെന്ന് ചാഴികാടനും കരുതുന്നു. പണ്ട് സുരേഷ് കുറുപ്പ് ജയിച്ച കോട്ടയം മണ്ഡലമോ സാഹചര്യമോ അല്ല ഇപ്പോൾ. രൂപത്തിലും ഭാവത്തിലും പ്രായത്തിലും ഏതാണ്ട് സമാനരായ സുരേഷ് കുറുപ്പും മാത്യു ടി തോമസും 2009ലും 2014 ലും ഇടതു സ്ഥാനാർത്ഥികളായി ജോസ് കെ മാണിയോട് പരാജയപ്പെട്ടത് ഇടതിന് എതിരായ സാമുദായിക സമവാക്യങ്ങളിലൂടെയാണ്. 2016 ൽ നിയമസഭയിലേക്ക് തോറ്റ ചാഴികാടൻ 2019ൽ ജില്ലയിലെ ഏറ്റവും ശക്തനായ സിപിഎം നേതാവും ജില്ലാ സെക്രട്ടറിയുമായ വി എൻ വാസവനെ ലോക്സഭയിൽ പരാജയപ്പെടുത്തിയത് 1,06,259 വോട്ടുകൾക്കാണ്. മൂന്നുവർഷം കൊണ്ട് പെട്ടെന്ന് ജനപ്രീതി കൂടിയതല്ല രാഷ്ട്രീയത്തിലുപരി ചില സമുദായങ്ങളുടെ ഉറച്ച പിന്തുണയാണ് ഇതിനു സഹായകമായത് . ഇത് നഷ്ടമാകുമോ എന്ന ഭയം രണ്ടുപേർക്കുമുണ്ട്. കൂറുമാറ്റ നിയമവും ജനപ്രതിനിധികൾക്ക് എതിരാകാൻ ഇടയുണ്ട്.  ജോസിന് 2024 വരെ സീറ്റിന്റെ കാര്യത്തിൽ ഭയക്കേണ്ട. മുന്നണി മാറിയപ്പോൾ എംപി വീരേന്ദ്രകുമാർ രാജി വെച്ചതു പോലെ ജോസ്  ചെയ്യും എന്ന് തോന്നുന്നില്ല.
   TRENDING: പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിൽ; സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി [NEWS]നിർമ്മാതാവ് ഷംനയുടെ വീട്ടിലെത്തിയെന്ന് മൊഴി; ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ് [PHOTO]'ജോസിനോട് യു.ഡി.എഫ് ചെയ്തത് ക്രൂരത; എൽ.ഡി.എഫ് വേദന മാറ്റുന്ന മുന്നണി; കാനം മഹാൻ': ഇ.പി. ജയരാജൻ [NEWS]

   സമുദായ നേതാക്കളും ഇടപെടുന്നു

   കഴിഞ്ഞ ദിവസം റോഷി അഗസ്റ്റിനും ജയരാജും രാഷ്ട്രീയ ഒരു പ്രമുഖ സമുദായ നേതാവിനെ നേരിൽ കണ്ട് ചർച്ച നടത്തി. ഇടതുമുന്നണിയിലേക്ക് പോകാനുള്ള നീക്കം തിരിച്ചടിയാകുമെന്ന് മുന്നറിയിപ്പാണ് സമുദായ നേതാവ് നൽകിയത് . 'കോളജ് പ്രൊഫസറായിരുന്ന ജയരാജിന് അതിന്റെ പെൻഷനെങ്കിലും കിട്ടും.പക്ഷേ, ഇടുക്കി പോയാൽ റോഷിയുടെ കാര്യം എന്താകും?' എന്നാണ് സമുദായ നേതാവ് ഇവരോട് ചോദിച്ചതത്രേ. കേരളാ കോൺഗ്രസിനെ സ്വന്തം പാർട്ടിയായി കാണുന്ന മറ്റൊരു സമുദായത്തിലെ പ്രമുഖർക്കും ഇങ്ങനെ ഇടതു മുന്നണിയിലേക്ക് പോകുന്ന രീതിയോട് അത്ര താല്പര്യമില്ല.' ഒരു മുന്നണിയുടെ ഗുണമനുഭവിച്ച് പെട്ടെന്ന് മറ്റൊരിടത്തേക്ക് പോകുന്നത് രാഷ്ട്രീയ മര്യാദയുടെ ലംഘനമാകും' എന്നാണ് അവരുടെ കാഴ്ചപ്പാട്.   ജയരാജ് എന്തിനും തയാർ

   എന്നാൽ എൽ ഡി എഫിൽ പോയാലും വിജയസാധ്യതക്ക് മങ്ങലേൽക്കില്ലെന്ന വിലയിരുത്തലിലാണ് പ്രൊഫ. എൻ. ജയരാജ്. കഴിഞ്ഞ തവണ 3890 വോട്ടുകൾക്കാണ് അദ്ദേഹം കാഞ്ഞിരപ്പള്ളിയിൽ വിജയിച്ചത്. അതായത് ഇരു മുന്നണികളും തമ്മിൽ വലിയ അകലമില്ല. മൂന്നു തവണ എംഎൽ എ ആയ അദ്ദേഹത്തിന് വ്യക്തി ബന്ധത്തിലൂടെയും ദീർഘ കാലം എം എൽ എ ആയിരുന്ന പിതാവിന്റെ പേരിലും സ്വന്തം നിലയിലെ വോട്ടുകളും ഉണ്ട്. ഇനി എൻഡിയിലേക്ക് പോകാനാണ് ജോസ് കെ മാണിയുടെ തീരുമാനമെങ്കിലും ജയരാജിന് പ്രശ്നമില്ല. കഴിഞ്ഞ തവണ 31,411 വോട്ടുകൾ ബിജെപി കാഞ്ഞിരപ്പള്ളിയിൽ പിടിച്ചിരുന്നു. അതുകൊണ്ടുതന്നെ ഏതു മുന്നണിയിലും തനിക്ക് പേടിക്കാനൊന്നുമില്ലെന്നാണ് അദ്ദേഹം കരുതുന്നത്.

   ചരൽക്കുന്നിൽ നിന്നിറങ്ങിയ മാണിയെ മറന്നോ ?

   2016 ഓഗസ്റ്റ് ഏഴിന് ചരൽക്കുന്നിലെ യോഗത്തിനു ശേഷം കെഎം മാണി തന്റെ കേരളാ കോൺഗ്രസ് യുഡിഎഫിൽ നിന്നു വിടുന്നു എന്ന് പ്രഖ്യാപിച്ചിരുന്നു. യു ഡിഎഫിൽ നിന്ന് മത്സരിച്ച് ജയിച്ച് 82 ദിവസം കഴിഞ്ഞായിരുന്നു 35 വർഷം നീണ്ട ബന്ധം ഉപേക്ഷിച്ചത്. അന്നും എൽഡിഎഫോ ബിജെപിയോ എന്ന ചർച്ചകൾ ഇത് പോലെ തന്നെ നടന്നിരുന്നു. എന്നാൽ തനിച്ച് നിൽക്കാനായിരുന്നു അവരുടെ തീരുമാനം.  ഏകനായി നിന്ന മാണി എന്നാൽ 22 മാസത്തിനു ശേഷം  തിരിച്ചു വന്നു. എന്നാൽ മടങ്ങിവരവ് ആഘോഷിക്കാൻ ചെറുതല്ലാത്ത വിലയാണ് കോൺഗ്രസിന് കൊടുക്കേണ്ടി വന്നത്. കോൺഗ്രസിലെ ഒരു വലിയ വിഭാഗത്തിനെ ഞെട്ടിച്ച് രാജ്യസഭാസീറ്റും മാണി സാർ കൊണ്ടുപോയി. എന്നാൽ ജോസ് കെ മാണി ലോക്സഭാ അംഗത്വം രാജിവെച്ച് രാജ്യസഭയിലേക്ക് മത്സരിച്ചപ്പോൾ സ്വന്തം പാർട്ടിക്കാർ വരെ ഞെട്ടി.

   യുഡിഎഫിൽ പുതിയ കേരളാ കോൺഗ്രസ് വരുമോ ?

   കുറച്ചുനാൾ പുറത്തുനിന്നതിനുശേഷം റോഷിയും ചാഴികാടനും സമാന മനസ്കരായ മറ്റു ചില നേതാക്കൾക്കൊപ്പം പുതിയ കേരള കോൺഗ്രസ് വിഭാഗമായി യുഡിഎഫിനുള്ളിലേക്ക് തിരികെ എത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. രണ്ടുപേരും കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്ത് എത്തി പ്രമുഖ കോൺഗ്രസ് നേതാവുമായി ചർച്ച നടത്തിയെന്ന വിവരമാണ് ഇതിന് ബലം നൽകുന്നത് . നിയമസഭയിൽ പ്രതിനിധ്യമില്ലാത്ത യുഡിഎഫിലെ ഒരു ഘടകകക്ഷിയുടെ പ്രമുഖ നേതാവ് മധ്യസ്ഥ ചർച്ചകൾക്ക് ശ്രമിച്ചിരുന്നു.ജോസ് കെ മാണി വഴങ്ങാതെ വന്നതോടെ ചർച്ച നിർത്തിയെങ്കിലും റോഷിയും ചാഴികാടനും ഈ നേതാവിനെ കണ്ട് ജോസ് കെ മാണിയെ അനുനയിപ്പിക്കാൻ ശ്രമം തുടരണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് വിവരം.

   രണ്ടിലകൾ പിരിഞ്ഞതെങ്ങിനെ

   ജോസ് കെ മാണി രാജിവെച്ച കോട്ടയം സീറ്റ് തനിക്ക് മത്സരിക്കാൻ വേണം എന്ന് പിജെ ജോസഫ് താല്പര്യപ്പെട്ടിരുന്നു. രണ്ടു തവണ രണ്ടു മണ്ഡലങ്ങളിൽ നിന്നും ശ്രമിച്ചിട്ടും നടക്കാതെ പോയ പാർലമെന്റ് സ്വപ്നം കോട്ടയം വഴി എളുപ്പമാകും എന്ന് അദ്ദേഹം കരുതി. ഇതിന് കെഎം മാണിയും സമ്മതമായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ചില കേന്ദ്രങ്ങൾ പ്രാദേശികവാദം എന്ന ചീട്ട് ഇറക്കി. തുടർന്ന് നടത്തിയ സമ്മർദ്ദത്തിൽ സീറ്റ് ജോസഫിൽ നിന്നും അകന്നു ചാഴിക്കാടനിലേക്ക് വന്നു. ഇതിനിടെ രോഗം മൂർച്ഛിച്ച കെഎം മാണി മരിക്കുകയും ചെയ്തു. പിന്നാലെ ചെയർമാനു വേണ്ടിയുള്ള തർക്കം പിജെ ജോസഫിനെയും ജോസ് കെ മാണിയെയും രണ്ടു പക്ഷത്താക്കി.

   Kerala Congress, Jose K Mani, PJ Joseph, UDF, യുഡിഎഫ്, പിജെ ജോസഫ്, ജോസ് കെ മാണി   പാലാ എങ്ങനെ ചിന്തിക്കും ?

   അര നൂറ്റാണ്ടിലേറെ കെഎം മാണിക്കൊപ്പം ഉറച്ചു നിന്ന പാലായാണ് ജോസ് വിഭാഗത്തിന്റെ ശക്തികേന്ദ്രം. എന്നാൽ ആ തട്ടകത്തിൽ സ്വന്തം സ്ഥാനാർഥി പരാജയപ്പെട്ടത് അതിന്റെ സ്വഭാവവും കാണിക്കുന്നുണ്ട്. മാണിസാറിനോടുള്ള സ്നേഹം ജോസ് കെ മാണിയോടില്ല എന്നതാണ് അന്ന് കണ്ടത്. അതിന് കാരണവും ഉണ്ടായിരുന്നു ലോക്സഭയിലേക്ക് ഏതാണ്ട് ഒരു വർഷം ബാക്കിയിരിക്കെയാണ് ജോസ് രാജ്യസഭയിലേക്ക് പോയത്. അതിന്റെ നല്ല ' കലിപ്പ് ' ഉള്ള പാലാക്കാർ ഏറെയാണ്. അവരത് ഉപതെരഞ്ഞെടുപ്പിൽ തീർത്തു. ജോസ് കെ മാണിക്ക് രാജ്യസഭയിൽ മൂന്നുവർഷത്തിലെറെ ഉള്ളപ്പോഴായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പ്. ഒരിടത്തെ കാലാവധി പൂർത്തിയാക്കാതെ അടുത്ത സ്ഥാനത്തിനായി ഇറങ്ങുന്നത് പാലാക്കാർക്ക് അത്ര രസിക്കും എന്ന് കരുതാൻ വയ്യ.

   ജോസ് കെ മാണിയുടെ മനസ്സിൽ എന്ത്?

   ഇടതുമുന്നണിയോ, എൻഡിഎയോ അതോ യുഡിഎഫിലേക്കുള്ള മടക്കമോ? ജോസ് കെ മാണി ചിന്തിക്കുന്നത് എന്തായിരിക്കുമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകർ. തിടുക്കപ്പെട്ട് ഒരു തീരുമാനത്തിലേക്ക് എത്തേണ്ടതില്ലെന്ന നിലപാടിലാണ് അദ്ദേഹം. എൽഡിഎഫിൽ എത്തിയാൽ പാലാ നിയമസഭാ മണ്ഡലം ലഭിക്കും എന്നതാണ് വിലയിരുത്തൽ. എൻഡിഎയിലേക്ക് ആണ് പോകുന്നതെങ്കിൽ കേന്ദ്രസഹമന്ത്രിസ്ഥാനം അടക്കമുള്ള വാഗ്ദാനങ്ങൾ മുന്നിലുണ്ട്. തങ്ങളുടെ ഉള്ളിലിരുപ്പ് കൂടി മനസ്സിലാക്കിയശേഷമാകും ജോസ് കെ മാണി അടുത്ത ചുവടുവയ്ക്കുക എന്നാണ് ഒപ്പമുള്ളവരുടെ പ്രതീക്ഷ.
   Published by:Chandrakanth viswanath
   First published: