#വി വി വിനോദ്എൻ ഡി എയിൽ ബിജെപി - ബിഡിജെഎസ് ബന്ധം വഴിപിരിയലിന്‍റെ പാതയിൽ. ബിഡിജെഎസ് പുറത്തു പോകുന്നെങ്കിൽ പോകട്ടെയെന്ന നിലപാടിലാണ് ബിജെപി സംസ്ഥാന നേതൃത്വം. ഇടതുമുന്നണി പ്രവേശം സംബന്ധിച്ച ചർച്ചകൾ ബിഡിജെഎസിലും സജീവമാണ്. അരൂരിലും എറണാകുളത്തും എൻഡിഎ തോൽക്കുമെന്ന് തുഷാർ തുറന്നടിച്ചത് ബിജെപിക്കുണ്ടാക്കിയ പ്രതിസന്ധി ചെറുതല്ല. തുഷാറിന്‍റെ പ്രസ്താവന കേട്ടിട്ടേ ഇല്ലെന്നാണ് ശ്രീധരൻപിള്ള പറയുന്നത്. കുളം കലക്കിയെന്ന് വെള്ളാപ്പള്ളി പറഞ്ഞതും പൊറുത്തും സഹിച്ചും പോവുകയാണ് പിള്ള. സ്ഥാനമാനങ്ങൾ തേടിവന്ന ബിഡിജെഎസിനെ എന്തിന് പേറുന്നുവെന്ന ചോദ്യം ഉന്നയിക്കുന്ന ബിജെപിക്കാരുടെ എണ്ണവും ചെറുതല്ല.
ഉള്ള പ്രകാശമെങ്കിലും പരന്നാൽ മതി...
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അരൂരിൽ എൻഡിഎയ്ക്ക് കിട്ടിയത് 27,000 വോട്ട്. തോൽക്കുമെന്ന് തുഷാർ പറഞ്ഞതോടെ ഇപ്പോഴത്തെ സ്ഥാനാർത്ഥി പ്രകാശ് ബാബു മണ്ഡലത്തിൽ നക്ഷത്രമെണ്ണുന്ന സ്ഥിതിയിലേക്കാണ്. തുഷാറിന്‍റെ പ്രതികരണം നെഗറ്റീവ് അല്ലെന്ന് പറഞ്ഞ് ഉള്ള വോട്ട് പോകാതെ നോക്കുകയാണ്
പ്രകാശ് ബാബു.
രൂപീകരണം മുതൽ തന്നെ ബിജെപി സംസ്ഥാനഘടകത്തിന് ബിഡിജെഎസിനോട് കാര്യമായ മമതയില്ല. സംസ്ഥാന നേതാക്കൾ അറിയാതെ തുഷാർ വെള്ളാപ്പള്ളി അമിത് ഷായുമായി നേരിട്ട് കാര്യങ്ങൾ നീക്കിയതാണ് ഈ താത്പര്യക്കുറവിനു പിന്നിൽ. കേന്ദ്രസർക്കാർ, നൽകിയ ഉറപ്പുകൾ ഇതുവരെ പാലിച്ചില്ലെന്ന നിരാശയാണ് ബിഡിജെഎസിന്. ഉപതെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വഴിപിരിയൽ ഉണ്ടാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.
ബിഡിജെഎസിന്‍റെ ഇടതുമുന്നണി പ്രവേശത്തിന് അനുകൂല നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രി ജി സുധാകരൻ എന്നിവർ ഉൾപ്പെടെയുള്ളവരിൽ നിന്നുണ്ടായത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാകട്ടെ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ പിന്തുണയ്ക്കുന്ന നിലപാടുമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.