കണ്ണൂർ: സൈബർ ആക്രമണത്തിന് വിധേയരായ നവദമ്പതികളുടെ പരാതിയിൽ ആറ് പേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ മൊത്തം പതിനൊന്ന് പേർ അറസ്റ്റിലായി.ഇന്നലെ അഞ്ച് പേർ അറസ്റ്റിലായിരുന്നു. അറസ്റ്റിലായവരെല്ലാം വാട്സ്അപ് ഗ്രൂപ്പിലൂടെ പോസ്റ്റ് ഷെയർ ചെയ്തവരാണ്. കഴിഞ്ഞ ദിവസം കണ്ണൂർ ചെറുപുഴയിൽ വിവാഹിതരായ അനൂപ് പി സെബാസ്റ്റ്യൻ, ജൂബി ജോസഫ് ദമ്പതികളുടെ പരാതിയിലാണ് അറസ്റ്റ്.അന്വേഷണം തുടരുകയാണെന്നും കൂടുതൽ പേർ അറസ്റ്റിലാകാൻ സാധ്യതയുണ്ടെന്നും ശ്രീകണ്ഠപുരം പൊലീസ് ന്യൂസ് 18നോട് പറഞ്ഞു.
ദമ്പതികളുടെ ഫോട്ടോ ഉപയോഗിച്ച് പോസ്റ്റ് ക്രിയേറ്റ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച റോബിൻ തോമസ് ഉൾപ്പടെയുള്ളവരാണ് ഇന്നലെ അറസ്റ്റിലായത്. വിവാഹപരസ്യത്തിലെ വിലാസവും വിവാഹ ഫോട്ടോയും ചേർത്ത് റോബിൻ തോമസ് സമൂഹമാധ്യമങ്ങളിൽ പ്രചരണം നടത്തുകയായിരുന്നു.
'വരന് പ്രായം 25, വധുവിന് 48' എന്ന രീതിയിൽ ഇവരുടെ വിവാഹചിത്രം ഉപയോഗിച്ച് സാമൂഹ്യമാധ്യമങ്ങളിൽ നുണകൾ പ്രചരിച്ചിരുന്നു. വധുവിന് വരനേക്കാൾ പ്രായക്കൂടുതലാണെന്നും കനത്ത സ്ത്രീധനം മോഹിച്ച് വരൻ വിവാഹം കഴിച്ചെന്നുമായിരുന്നു ദുഷ്പ്രചരണം. എന്നാൽ, സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന കാര്യങ്ങൾ സത്യമല്ലെന്ന് വ്യക്തമാക്കി ദമ്പതികൾ തന്നെ പരാതിയുമായി രംഗത്തെത്തിയിരുന്നു.
യുവതി പരാതി നൽകിയതോടെ പലരും മുമ്പ് ഷെയർ ചെയ്തിരുന്നത് ഡിലീറ്റ് ചെയ്യുകയും കേസ് വരുമെന്ന ഭീതിയിൽ ഗ്രൂപ്പ് അഡിമിൻമാർ ഇവരെ പുറത്താക്കുകയും ഗ്രൂപ്പ് ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ സൈബർ സെല്ലിന്റെ സഹായത്തോടെ എല്ലാവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും കേസ് അന്വേഷിക്കുന്ന ശ്രീകണ്ഠപുരം പൊലീസ് അറിയിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.