• HOME
  • »
  • NEWS
  • »
  • kerala
  • »
  • WHEN THERE WILL BE A WOMAN CHIEF MINISTER IN KERALA CV

International Women's Day| മുഖ്യമന്ത്രിയായ മലയാളി വനിതയെ അറിയുമോ? ഇനി കേരളത്തിൽ എന്നാണ് ഒരു വനിത മുഖ്യമന്ത്രി?

നിലവിൽ ഒരു സംസ്ഥാനത്ത് മാത്രമാണ് വനിതാ മുഖ്യമന്ത്രിയുള്ളത്. പശ്ചിമ ബംഗാളിൽ മമത ബാനർജി.

VN Janaki

VN Janaki

  • News18
  • Last Updated :
  • Share this:
    പതിനഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പിന് വെറും നാലാഴ്ച മാത്രം ബാക്കി നിൽക്കേയാണ് ഒരു വനിതാദിനം കൂടി വന്നെത്തുന്നത്. അതുകൊണ്ടു തന്നെ ഇത്തവണത്തെ വനിതാദിന ചിന്തകളിൽ നിന്ന് രാഷ്ട്രീയവും രാഷ്ട്രവും മാറ്റി നിർത്താനും കഴിയില്ല. കേരള സംസ്ഥാനത്തെ ആദ്യ തെരെഞ്ഞെടുപ്പ് കഴിഞ്ഞ് 64വർഷം കഴിഞ്ഞെങ്കിലും ഇതുവരെ ഒരു വനിത മുഖ്യമന്ത്രി ആയിട്ടില്ല. രണ്ടു തവണ അതിന് സാഹചര്യം ഉണ്ടായിട്ടും.

    കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ 209 മന്ത്രിമാരാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ, ഇതിൽ വെറും എട്ടുപേർ മാത്രമാണ് വനിതകൾ. കെ ആർ ഗൗരിയമ്മ, സുശീല ഗോപാലൻ, എം കമലം, എം ടി പദ്മ, പി കെ ശ്രീമതി, പി കെ ജയലക്ഷ്മി,  ജെ മേഴ്സിക്കുട്ടിയമ്മ, കെ കെ ശൈലജ എന്നിവരാണ് സംസ്ഥാനത്ത് മന്ത്രിമാരായ വനിതകൾ .

    പല തവണ മന്ത്രിയായിരുന്ന കെ ആർ ഗൗരിയമ്മയും സുശീല ഗോപാലനും ഒരു തവണ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു. 1987 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 'കേരം തിങ്ങും കേരള നാട്ടിൽ കെ ആർ ഗൗരി ഭരിച്ചീടും' എന്ന മുദ്രാവാക്യം അലയൊലികൾ സൃഷ്ടിച്ചു. എന്നാൽ, രാഷ്ട്രീയപരമായ ചില കാരണങ്ങളാൽ അന്ന് ഗൗരിയമ്മ മുഖ്യമന്ത്രി ആയില്ല. 1996ൽ അമ്പലപ്പുഴയിൽ നിന്ന് ജയിച്ച സുശീല ഗോപാലന്റെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണനയ്ക്കായി വന്നെങ്കിലും തികച്ചും രാഷ്ട്രീയപരമായ കാരണങ്ങളാൽ അതും നടന്നില്ല. രണ്ടു തവണയും ഇകെ നായനാർ മുഖ്യമന്ത്രിയായി. ഗൗരിയമ്മയും സുശീല ഗോപാലനും അതത് മന്ത്രിസഭകളിൽ വ്യവസായ മന്ത്രിമാരുമായി എന്നതും കൗതുകകരമാണ്.

    വനിതാദിനത്തിൽ പാർവതി തിരുവോത്തിന് ഒപ്പമുള്ള ആദ്യസിനിമ പ്രഖ്യാപിച്ച് മമ്മൂട്ടി

    28 സംസ്ഥാനങ്ങളും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളുമുള്ള ഇന്ത്യയിൽ  പതിനാറ് സ്ത്രീകളാണ് മുഖ്യമന്ത്രി പദം വഹിച്ചത്. വിദ്യാഭ്യാസത്തിലും പുരോഗമനത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വളരെയേറെ മുൻപിൽ നിൽക്കുന്ന കേരളത്തിലാകട്ടെ ഇതുവരെ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. അത്രയും കരുത്തരായ വനിതാ പ്രതിനിധികൾ നമ്മുക്ക് ഉണ്ടാകാതെ പോയതല്ല, പ്രഗത്ഭരും കരുത്തരും ആയിരുന്നിട്ടും അവരെ മുഖ്യമന്ത്രിയാക്കാൻ രാഷ്ട്രീയം തന്നെ ഇവിടെ തടസമായി.

    Women's Day 2021 | കേരള നിയമസഭയിൽ അംഗങ്ങളായ വനിതാനേതാക്കളെ അറിയാമോ?

    ഇത്തവണ കേരളം പതിനഞ്ചാം നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറായി നിൽക്കുമ്പോഴാണ് വനിതാദിനവും എത്തുന്നത്. അതുകൊണ്ടു തന്നെ ഇത്തവണ നമുക്കൊരു വനിത മുഖ്യമന്ത്രിയെ പ്രതീക്ഷിക്കാൻ സാധ്യമാണോ? ഇടത്, വലത്, എൻ ഡി എ മുന്നണികൾ പക്ഷേ ഈ തെരഞ്ഞെടുപ്പിൽ തങ്ങളെ നയിക്കുന്നത് ഒരു വനിത ആയിരിക്കുമെന്ന് പ്രഖ്യാപിക്കാൻ തയ്യാറായിട്ടില്ല.

    രാജ്യത്ത് ഏറ്റവും അധികം പുരോഗമനവും സ്ത്രീ ശാക്തീകരണവും പറയുന്ന സംസ്ഥാനമായ കേരളം ഒരു വനിതയെ മുഖ്യമന്ത്രിയാക്കാൻ മടിച്ചു നിൽക്കുമ്പോൾ ഇതുവരെ 16 സ്ത്രീകൾ വിവിധ സംസ്ഥാനങ്ങളിലായി മുഖ്യമന്ത്രിയായി   കഴിഞ്ഞിട്ടുണ്ട്. നിലവിൽ ഒരു സംസ്ഥാനത്ത് മാത്രമാണ് വനിതാ മുഖ്യമന്ത്രിയുള്ളത്. പശ്ചിമ ബംഗാളിൽ മമത ബാനർജി.

    അതേസമയം, ഉത്തർ പ്രദേശ്, ഡൽഹി, തമിഴ് നാട് സംസ്ഥാനങ്ങളിൽ രണ്ട് സ്ത്രീകളാണ് ഇതുവരെ മുഖ്യമന്ത്രി പദവി അലങ്കരിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് അഞ്ച് സ്ത്രീകളാണ് മുഖ്യമന്ത്രി പദത്തിൽ എത്തിയത്. ഭാരതീയ ജനത പാർട്ടിയിൽ നിന്ന് നാലുപേരും എ ഐ എ ഡി എം കെയിൽ നിന്ന് രണ്ടു പേരും മുഖ്യമന്ത്രി പദവിയിൽ എത്തി.

    ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി മുഖ്യമന്ത്രി പദത്തിൽ എത്തിയവർ ഇവരാണ്

    മമത ബാനർജി (പശ്ചിമ ബംഗാൾ)

    ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് നേതാവായ മമത ബാനർജി 2011 മെയ് 20 മുതൽ പശ്ചിമബംഗാളിന്റെ മുഖ്യമന്ത്രി ആണ്. നിലവിൽ ഇന്ത്യയിൽ ഒരേയൊരു വനിതാ മുഖ്യമന്ത്രി.

    സുചേത കൃപലാനി (ഉത്തർപ്രദേശ്)

    ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രതിനിധി. ഉത്തർ പ്രദേശ് മുഖ്യമന്ത്രി. 1963 ഒക്ടോബർ രണ്ടു മുതൽ 1967 മാർച്ച് 13 വരെ  ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രി.

    ജാനകി രാമചന്ദ്രൻ (തമിഴ്നാട്)

    തമിഴ്നാട്ടിലെ ആദ്യ വനിതാ മുഖ്യമന്ത്രി .1988 ജനുവരി ഏഴു മുതൽ 1988 ജനുവരി 30 വരെ വെറും 23 ദിവസങ്ങൾ മാത്രമായിരുന്നു ജാനകി രാമചന്ദ്രൻ മുഖ്യമന്ത്രി ആയത്. എ ഐ എ ഡി എം കെ യുടെ മുഖ്യമന്ത്രി ആയിരുന്നു. എംജി രാമചന്ദ്രന്റെ ഭാര്യയായിരുന്ന അവർ വൈക്കം സ്വദേശിയാണ് . അങ്ങനെ നോക്കുമ്പോൾ മുഖ്യമന്ത്രിസ്ഥാനത്ത് വന്ന ഏക മലയാളി വനിത അവരാണ് എന്ന് പറയാം.

    മെഹ്ബൂബ മുഫ്തി (ജമ്മു ആൻഡ് കശ്മീർ)

    ജമ്മു ആൻഡ് കശ്മീർ പീപ്പിൾസ്‌ ഡെമോക്രാറ്റിക് പാർട്ടി നേതാവായ മെഹ്ബൂബ മുഫ്തി 2016 ഏപ്രിൽ നാലു മുതൽ 2018 ജൂൺ 20 വരെ ജമ്മു ആൻഡ് കശ്മീർ മുഖ്യമന്ത്രി ആയിരുന്നു.രാജ്യത്ത് മുസ്ലിം സമുദായത്തിൽ നിന്നും മുഖ്യമന്ത്രിയായ ആദ്യത്തെ വനിത .

    സുഷമ സ്വരാജ് (ഡൽഹി)

    സുഷമ സ്വരാജ് ഡൽഹി മുഖ്യമന്ത്രി ആയത് വെറും 51 ദിവസം. 1998 ഒക്ടോബർ 13 മുതൽ 1998 ഡിസംബർ മൂന്നു വരെ. ഭാരതീയ ജനത പാർട്ടിയുടെ ആദ്യ വനിതാ മുഖ്യമന്ത്രി. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ മന്ത്രിയായ വ്യക്തി . 1977 ൽ ഹരിയാനയിൽ മന്ത്രിയാകുമ്പോൾ 25 വയസായിരുന്നു അവർക്ക്.

    ആനന്ദിബെൻ പട്ടേൽ (ഗുജറാത്ത്)

    2014 മെയ് 22 മുതൽ 2016 ഓഗസ്റ്റ് ഏഴു വരെ ഗുജറാത്ത് മുഖ്യമന്ത്രി. ഭാരതീയ ജനത പാർട്ടി പ്രതിനിധി.

    വസുന്ധര രാജെ (രാജസ്ഥാൻ)

    ഭാരതീയ ജനത പാർട്ടി പ്രതിനിധി വസുന്ധര രാജെ രാജസ്ഥാൻ മുഖ്യമന്ത്രി ആയിരുന്നു. 2003 ഡിസംബർ എട്ടു മുതൽ 2008 ഡിസംബർ 18 വരെയും 2013 ഡിസംബർ എട്ടു മുതൽ 2018 ഡിസംബർ 17 വരെയും.

    ജെ ജയലളിത (തമിഴ് നാട്)

    എ ഐ എ ഡി എം കെയുടെ പ്രതിനിധി ആയാണ് ജയലളിത തമിഴ് നാടിന്റെ മുഖ്യമന്ത്രിയായത്. 1991 ജൂൺ 24 മുതൽ 1996 മെയ് 12 വരെ. പിന്നീട്, 2001 മെയ് 14 മുതൽ 2001 സെപ്റ്റംബർ 21 വരെ മുഖ്യമന്ത്രിയായി. തുടർന്ന്, 2002 മാർച്ച് രണ്ടു മുതൽ 2006 മെയ് 12 വരെയും, 2011 മെയ് 16 മുതൽ 2014 സെപ്റ്റംബർ 27 വരെയും 2015 മെയ് 23 മുതൽ 2016 ഡിസംബർ അഞ്ചു വരെയും ജയലളിത തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി.

    ഉമ ഭാരതി (മധ്യപ്രദേശ്)

    ഭാരതീയ ജനത പാർട്ടി പ്രവർത്തകയായ ഉമ ഭാരതി മധ്യപ്രദേശ് മുഖ്യമന്ത്രി ആയിരുന്നു. 2003 ഡിസംബർ എട്ടു മുതൽ 2004 ഓഗസ്റ്റ് 23 വരെ മധ്യപ്രദേശ് മുഖ്യമന്ത്രി.

    ഷീല ദീക്ഷിത് (ഡൽഹി)

    തുടർച്ചയായ 15 വർഷങ്ങൾ ഡൽഹിയുടെ മുഖ്യമന്ത്രി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രതിനിധി. 1998 ഡിസംബർ നാലുമുതൽ 2013 ഡിസംബർ 27 വരെ ഡൽഹി മുഖ്യമന്ത്രി.

    മായാവതി (ഉത്തർ പ്രദേശ്)

    ഉത്തർ പ്രദേശ് മുഖ്യമന്ത്രി. ബഹുജൻ സമാജ് പാർട്ടി പ്രതിനിധി. 1995 ജൂൺ 13 മുതൽ 1995 ഒക്ടോബർ 18 വരെയും, 1997 മാർച്ച് 21 മുതൽ 1997 സെപ്റ്റംബർ 18 വരെയും, 2002 മെയ് 3 മുതൽ 2003 ഓഗസ്റ്റ് 29 വരെയും 2007 മെയ് 13 മുതൽ 2012 മാർച്ച് 15 വരെയും യു പി മുഖ്യമന്ത്രി പദത്തിൽ.

    റാബ്രി ദേവി (ബിഹാർ)

    രാഷ്ട്രീയ ജനതാ ദൾ പ്രവർത്തക. മൂന്നു തവണ ബിഹാർ മുഖ്യമന്ത്രി. 1997 ജൂലൈ 25 മുതൽ 1999 ഫെബ്രുവരി 11 വരെയും, 1999 മാർച്ച് ഒമ്പത് മുതൽ 2000 മാർച്ച് ഒമ്പത് വരെയും, 2000 മാർച്ച് 11 മുതൽ 2005 മാർച്ച് ആറു വരെയും ആയിരുന്നു ബിഹാർ മുഖ്യമന്ത്രി ആയിരുന്നത്. ഭർത്താവ് ലാലു പ്രസാദ് യാദവ് കാലിത്തീറ്റ കുംഭകോണ കേസിൽ പെട്ടതിനെ തുടർന്നായിരുന്നു അത് എന്നതും ശ്രദ്ധേയം.

    രജിന്ദർ കൗർ ഭട്ടൽ (പഞ്ചാബ്)

    ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തക. പഞ്ചാബ് മുഖ്യമന്ത്രി ആയിരുന്നത് വെറും 83 ദിവസം മാത്രം. 1996 നവംബർ 21 മുതൽ 1997 ഫെബ്രുവരി 12 വരെ.

    അൻവാര തൈമൂർ (അസം)

    അസം മുഖ്യമന്ത്രി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രതിനിധി. 1980 ഡിസംബർ ആറുമുതൽ 1981 ജൂൺ 30 വരെ അസം മുഖ്യമന്ത്രി.

    ശശികല കാകോദ്കർ (ഗോവ)

    മഹാരാഷ്ട്രാവാദി ഗോമന്തക് പാർട്ടിയുടെ പ്രതിനിധി. ഗോവ മുഖ്യമന്ത്രി. 1973 ഓഗസ്റ്റ് 12 മുതൽ 1979 ഏപ്രിൽ 27 വരെ മുഖ്യമന്ത്രി പദത്തിൽ.

    നന്ദിനി സത്പതി (ഒഡിഷ)

    ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രതിനിധി. ഒഡിഷ മുഖ്യമന്ത്രി. 1972 ജൂൺ 14 മുതൽ 1973 മാർച്ച് മൂന്നുവരെയും 1974 മാർച്ച് ആറുമുതൽ 1976 ഡിസംബർ ആറുവരെയും നന്ദിനി മുഖ്യമന്ത്രി പദത്തിൽ.
    Published by:Joys Joy
    First published:
    )}