കഴിഞ്ഞ ദിവസങ്ങളിലാണ് ദേശീയ പതാകയെ അവഹേളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്. ദേശീയ പതാക ഉപയോഗിച്ച് ഒരാൾ മേശയും മൊബൈൽ ഫോണും വൃത്തിയാക്കുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. ഈ സംഭവം കേരളത്തിലാണെന്ന തരത്തിൽ ട്വിറ്ററിൽ ഉൾപ്പടെ പ്രചാരണം വ്യാപകമായിരുന്നു. എന്നാൽ ഈ സംഭവത്തിൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് കേരള പൊലീസ്. സംഭവം നടന്നത് കേരളത്തിലല്ലെന്നും ഒഡീഷയിലാണെന്നും വ്യക്തമായതായി കേരള പൊലീസ് ഫേസ്ബുക്കിലൂടെ അറിയിച്ചു.
കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
ദേശീയ പതാകയെ അവഹേളിക്കുന്ന വീഡിയോ
സംഭവം നടന്നത് ഒഡീഷയിലെ സിംലിയിൽ
പഞ്ചായത്ത് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ദേശീയ പതാകയോട് അനാദരവ് കാണിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ധാരാളം പേർ ഈ വീഡിയോയെക്കുറിച്ചന്വേഷിക്കാൻ കേരള പോലീസിന്റെ മെസ്സഞ്ചറിൽ അയച്ചുതരുകയുമുണ്ടായി. അന്വേഷണത്തിൽ ഈ സംഭവം ഒഡീഷയിലെ പുരി ജില്ലയിലെ സിമിലി പഞ്ചായത്തിൽ നടന്നതാണെന്നു തിരിച്ചറിഞ്ഞു. പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസർ പ്രശാന്ത് കുമാർ സ്വെയിൻ ആണ് ദേശീയ പതാക ഉപയോഗിച്ച് മൊബൈൽ ഫോണും മേശയും വൃത്തിയാക്കുന്നത്. ഇയാൾക്കെതിരെ പോലീസ് കേസെടുത്തെന്നും അറസ്റ്റ് ചെയ്തുവെന്നും അവിടെ നിന്നുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.