• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'ആരാണ് ഒരു ദളിത്‌ സ്ത്രീയുടെ കിടപ്പറ പൊതു സമൂഹത്തിനു മുൻപിൽ തുറന്നു വക്കുവാൻ അധികാരം തന്നത്'? ഹരീഷ് വാസുദേവനെതിരെ മൃദുലാ ദേവി

'ആരാണ് ഒരു ദളിത്‌ സ്ത്രീയുടെ കിടപ്പറ പൊതു സമൂഹത്തിനു മുൻപിൽ തുറന്നു വക്കുവാൻ അധികാരം തന്നത്'? ഹരീഷ് വാസുദേവനെതിരെ മൃദുലാ ദേവി

പൊതുവിൽ പൊതുസമൂഹങ്ങൾക്ക് ദലിത്‌ സ്ത്രീകളെപ്പറ്റിയുള്ള ചില കാഴ്ചപ്പാടുകളെത്തന്നെയാണ് ഹരീഷ് ഊട്ടിയുറപ്പിച്ചിരിക്കുന്നത്.

Mrudula Devi

Mrudula Devi

 • Share this:
  തിരുവനന്തപുരം: വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്കെതിരെ വിമർശനം ഉന്നയിച്ച അഭിഭാഷകൻ ഹരീഷ് വാസുദേവനെതിരെ രൂക്ഷ വിമർശനവുമായി ദളിത് ആക്ടിവിസ്റ്റും കവിയുമായ മൃദുല ദേവി. പൊതുവിൽ പൊതുസമൂഹങ്ങൾക്ക് ദലിത്‌ സ്ത്രീകളെപ്പറ്റിയുള്ള ചില കാഴ്ചപ്പാടുകളെത്തന്നെയാണ് ഹരീഷ് ഊട്ടിയുറപ്പിച്ചിരിക്കുന്നത്. ആരാണ് ഒരു ദളിത്‌ സ്ത്രീയുടെ കിടപ്പറ പൊതു സമൂഹത്തിനു മുൻപിൽ തുറന്നു വക്കുവാൻ ഹരീഷിന് അധികാരം തന്നതെന്നും മൃദുല ദേവി ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

  മൃദുല ദേവിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

  അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ ശ്രീദേവി വാളയാർ അമ്മയെപ്പറ്റി എഴുതിയ പോസ്റ്റ് വായിച്ചു. അതിന് കീഴിൽ വന്ന കമന്റുകളും വായിച്ചു. അതിൽ കുറച്ച് പേർ എന്തു കൊണ്ടാണ് ഇപ്പോൾ ഇത്തരത്തിൽ ഒരു പ്രതികരണം നടത്തിയത് എന്ന് ഹരീഷിനോട് ചോദിക്കുന്നത് കണ്ടു. അതൊരു അപക്വ ചോദ്യം ആയാണ് തോന്നിയത് കാരണം എപ്പോൾ പ്രതികരിക്കണം എന്നുള്ളത് ഹരീഷിന്റെ ചോയ്സ് ആണ്. പോസ്റ്റ് ഇടുക എന്നുള്ളതും അങ്ങനെ തന്നെ.ഹരീഷിന്റെ അഭിപ്രായപ്രകടന സ്വാതന്ത്ര്യം ആണെന്നറിഞ്ഞു കൊണ്ട് ചില വിയോജിപ്പുകളും, മനസിലാക്കലുകളും അറിയിക്കുന്നു.

  ഇന്ത്യ എന്ന രാജ്യം' വിശുദ്ധരെ' മാത്രമല്ല സ്ഥാനാർത്ഥികളായി പരിഗണിക്കുന്നത്. ഇന്ത്യയുടെ ഭരണഘടന ഒരു സ്ഥാനാർത്ഥി ആകുവാനുള്ള മാനദണ്ഡം ആയി പാലിച്ചിട്ടുള്ള കാര്യങ്ങൾ വാളയാർ അമ്മയ്ക്കുണ്ടെങ്കിൽ അവർക്കു സ്ഥാനാർത്ഥി ആകാവുന്നതാണ്. അത്തരത്തിൽ വാളയാർ വിഷയത്തിലെ അമ്മ സ്ഥാനാർത്ഥി ആയി.എതിർ സ്ഥാനാർത്ഥി കേരളത്തിന്റെ മുഖ്യമന്ത്രി ആയി. അതിലേയ്ക്ക് അവരെ നയിച്ച കാരണങ്ങൾ ഉണ്ടാവാം. വ്യക്തി എന്ന നിലയിലും, ദലിത്‌ സ്ത്രീ എന്ന നിലയിലും എനിക്ക് അവരുടെ സ്ഥാനാർത്ഥിത്വത്തോട് വിയോജിപ്പുണ്ട്. കാരണം അവർ ജയിച്ചാലും, തോറ്റാലും പിന്നീട് അനുഭവിക്കേണ്ടി വരുന്ന ട്രോമ ഊഹിക്കാവുന്നതിനുമപ്പുറമായിരിക്കും.
  എന്നാൽ ജനാധിപത്യം അവർക്കു നൽകുന്ന അവകാശമെന്ന നിലയിൽ ഞാനതിനെ എതിർത്തിട്ടില്ല..

  ഹരീഷ് പെരുവഴിയിൽ ഇപ്പോൾ തുറന്നു വച്ചിരിക്കുന്ന താങ്കളുടെ പോസ്റ്റ് ആകുന്ന പൊതിച്ചോർ വഴി ഊട്ടി ഉറപ്പിച്ചിരിക്കുന്നത് പൊതുവിൽ പൊതുസമൂഹങ്ങൾക്ക് ദലിത്‌ സ്ത്രീകളെപ്പറ്റിയുള്ള ചില കാഴ്ചപ്പാടുകളെത്തന്നെയാണ്. ആ പോസ്റ്റ് വഴി താങ്കൾ തെറിപ്പിച്ചിരിക്കുന്ന ചെളി ഞാനടക്കമുള്ള ദലിത് സ്ത്രീകൾ ഏറ്റുവാങ്ങേണ്ടി വരുന്നു എന്നുള്ളതാണ് അതുണ്ടാക്കിയ 'മികച്ച ' റിസൾട്ട്. അത് മെസഞ്ചറിൽ കിട്ടിതുടങ്ങിയിരിക്കുന്നു എന്നുമറിയിക്കുന്നു.

  Also Read- 'മക്കളുടെ മരണത്തിൽ പ്രതിയായി ചിത്രീകരിച്ചു'​; ഹരീഷ്​ വാസുദേവനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

  സിനിമകൾ വഴി, കഥകൾ വഴി നാം കണ്ടു ശീലിച്ച 'അയഞ്ഞ ലൈംഗിക സ്വഭാവം ഉള്ള ആ പഴയ ക്‌ളീഷേ ദലിത്‌ സ്ത്രീയെ' അതിമനോഹര ചാതുരിയോടെ താങ്കൾ അവതരിപ്പിച്ചിരിക്കുന്നു. എല്ലാവരും അതിന് കൈയ്യടിച്ചിരിക്കുന്നു. അതിൽ ലൈക്ക് ചെയ്തവരിൽ കുറെയേറെപ്പേരെ എനിക്ക് അറിയാം. അവരാരും പ്രാന്തവല്കൃത പ്രദേശത്തു, പാരിസ്ഥിതിക വെല്ലുവിളി അനുഭവിക്കുന്ന സ്ഥലത്തു നിന്നുള്ളവരല്ല. മിക്കവർക്കും അടച്ചുറപ്പുളള വീടുകളുണ്ട്, മൂന്ന് നേരം മികച്ച ഭക്ഷണം ഉണ്ട്. നിങ്ങൾ എടുക്കുന്ന അയൺ ഡിസിഷൻ കാലങ്ങളായി നിങ്ങളുടെ മുൻ തലമുറകൾ ജനിച്ച ജാതി, കഴിച്ച ഭക്ഷണം, പിറന്നു വീണ ഭൂപ്രകൃതി, ആരാലും അവഗണിക്കപ്പെടാതെ സമൂഹത്തിന്റെ തലോടൽ ഏറ്റുവളർന്ന ബാല്യ കൗമാര, യൗവനം, ആഘോഷിച്ച പിറന്നാളുകൾ, കുടുംബവും, സുഹൃത്തുക്കളുമൊത്ത് നടത്തിയ കൂടിച്ചേരലുകൾ, യാത്രകൾ, ആത്മീയ കൂട്ടായ്മകൾ ഇവയുമായൊക്കെ ബന്ധപ്പെട്ടിരിക്കുന്നു തീരുമാനങ്ങൾ എടുക്കുക, ആരെയും ഭയക്കാതിരിക്കുക ഇവയ്ക്കൊക്കെ ചില പ്രിവിലേജ് ഉണ്ട്.

  ഹരീഷിനെപ്പോലുള്ളവരുടെ സമൂഹം ഏകദേശം പതിനാറാം നൂറ്റാണ്ടോടെ സ്ഥാപനവൽക്കരിക്കപ്പെട്ടവരാണ്. അതുകൊണ്ട് തന്നെ താങ്കളുടെ മുൻതലമുറ ജനിക്കുമ്പോൾ തന്നെ തലമുറകൾക്ക് നൽകുന്ന ചില അദൃശ്യ കരുത്തുകൾ ഉണ്ട്. ധൈര്യം, അന്തസ്, ആഭിജാത്യം, കുലമഹിമ, സത്യസന്ധത, നേരും, നെറിയും, വാക്കുപാലിക്കൽ, ഇവയൊക്കെ ഉള്ളവരായി ജനനാൽ തന്നെ ഇത്തരം സമൂഹങ്ങൾ പരിഗണിക്കപ്പെടുന്നവരാണ്. എന്നാൽ ദളിത്‌ സമൂഹങ്ങൾക്ക്, അവരുടെ തീരുമാനങ്ങൾക്ക് അടിമത്ത കാലത്തോളം ദൂരമുണ്ട്. അടിമത്തം പരിച്ഛേദം ഇല്ലാതാക്കിയത് കുടുംബ വ്യവസ്ഥയെയാണ്. അതിൽ നിന്നും, കുടുംബം എന്ന സംസ്ഥാപനത്തിലേയ്ക്ക് അവർ കടന്ന് വന്നിട്ട് ഏറെ കാലമൊന്നുമായിട്ടില്ല. ജാതി എന്ന സാമൂഹിക തിന്മ പ്രാക്റ്റീസ് ചെയ്യുന്ന ഈ രാജ്യത്തു വിവിധമതങ്ങളിലേയ്ക്ക് ദലിത്‌ സമൂഹങ്ങൾ ചേക്കേറിയിട്ടുണ്ട്. അത്തരം സാഹചര്യങ്ങൾ ആയിരുന്നു അവർക്കുണ്ടായിരുന്നത്.ഒരു വീട്ടിലെ ഒരംഗം ഒരു മതത്തിലെങ്കിൽ, മറ്റൊരു മതത്തിലുള്ള ആളായിരിക്കും ,തൊട്ടടുത്ത ബന്ധുവായ മറ്റൊരാൾ. ഒരേ ആരാധലയങ്ങളിൽ കുടുംബസമേതം ഒന്നിച്ചു പോയി അവിടെ നിന്ന് കിട്ടുന്ന ആത്മീയ നിറവിനുമപ്പുറം എന്തു വന്നാലും എന്റെ കൂടി എന്റെ ആളുകൾ ഉണ്ടാവും എന്ന സാമൂഹിക ഉറപ്പ് കൂടി അദൃശ്യമായി കിട്ടിയാണ്‌ നിങ്ങൾ വീട്ടകങ്ങളിലേയ്ക്ക് തിരിച്ചു വരുന്നത്.ബന്ധു ജനങ്ങൾക്കിടയിലെ സ്നേഹോഷ്മളത പോലും വിശ്വസിക്കുന്ന മതത്തിന്റെ സ്വാധീനം കൊണ്ടുകൂടി നിശ്ചയിക്കപ്പെടുന്നവരല്ല താങ്കൾ ഉൾപ്പെട്ട സമൂഹങ്ങൾ. ദലിത്‌ സാമൂഹിക ഇടങ്ങൾ നിങ്ങളോളം ബന്ധുബലം ഉള്ളവരല്ല. ഒരു സദാസമയ ഒറ്റപ്പെടൽ മിക്കവരിലും ഉണ്ടാകാറുണ്ട്. ഇതിനുമപ്പുറം എത്രത്തോളം നമ്മുടെ സമൂഹങ്ങൾ ദലിതുകളെ ചേർത്തു പിടിച്ചിട്ടുണ്ട്.അതനുസരിച്ചു കൂടിയാണ് അവർക്കു ജീവിക്കുവാനും, പിടിച്ചു നിൽക്കുവാനും ആത്മബലം കൂടി ലഭിക്കുന്നത്. നമ്മുടെ സോഷ്യോളജിയിൽ ഇത്തരം പഠനങ്ങൾ വന്നിട്ടില്ല വന്നാലല്ലേ നമുക്ക് അവ പരിചിതമാവുകയുള്ളൂ!!!!!

  ഇന്ത്യയിലെ ജീവിതങ്ങളെ നമുക്ക് ഒരേ സ്കെയിലിൽ അളക്കാൻ ആവില്ല. ആത്മവിശ്വാസത്തെ ഒരേ അച്ചിൽ ഇട്ടു രൂപപ്പെടുത്താൻ ആവില്ല. ഒറ്റ ഒഴിവാക്കലിൽ കടുത്ത ഡിപ്രഷനിലേയ്ക്ക് പോകുന്ന ഇത്തരം സമൂഹങ്ങളെ സവിശേഷാൽ പരിഗണിക്കേണ്ട പരിശീലനം നമ്മുടെ പോലീസിന് നൽകുന്നുണ്ടോ, അഥവാ ഉണ്ടെങ്കിൽ അത് പാലിക്കപ്പെടുന്നുണ്ടോ? എന്തുകൊണ്ട് മനഃശാസ്ത്രപരമായി, ശാസ്ത്രീയമായി പൊലീസ് കേസ് അന്വേഷിച്ചു കോടതിയിൽ എത്തിച്ചില്ല എന്നതല്ലേ ചോദ്യമായി ഉന്നയിക്കപ്പെടേണ്ടത്. മറിച്ചു അമ്മയുടെ സ്വഭാവശുദ്ധി ശരിയല്ല എന്ന് സ്ഥാപിക്കാൻ ഉള്ള വ്യഗ്രത കൂടി ആ പോസ്റ്റിൽ നിഴലിച്ചു നിൽക്കുന്നു എന്നുള്ളത് സത്യമാണ് .

  പോസ്റ്റിൽ ഒരു വാചകം അവർ പ്രതിയോടൊപ്പമാണ് ആ സമയത്തു ഉറങ്ങിയതെന്നു സ്ഥാപിക്കുന്നുണ്ട്.. ഹരീഷ് അത് എങ്ങനെയാണ്‌ കണ്ടത്? അവർക്കോ, പ്രതിക്കോ മാത്രമറിയാവുന്ന ഒരു സത്യമല്ലെ അത്. ആരാണ് ഒരു ദളിത്‌ സ്ത്രീയുടെ കിടപ്പറ പൊതു സമൂഹത്തിനു മുൻപിൽ തുറന്നു വക്കുവാൻ ഹരീഷിന് അധികാരം തന്നത്. ഇനി അവർ അങ്ങനെ ചെയ്തെങ്കിൽ തന്നെ അവർ ആരോടൊപ്പം ഉറങ്ങി എന്നുള്ളത് അവരുടെ തിരഞ്ഞെടുപ്പാണ്.

  അതിൽ നമുക്കാർക്കും ഇടപെടാൻ അവകാശമില്ല.അവർ കുറ്റവാളിയെങ്കിൽ പോലും അത് നിഷേധിക്കുവാൻ നമുക്ക് അവകാശമില്ല കാരണം അവർ പ്രായപൂർത്തിയായ സ്ത്രീയാണ്. അവർ കുട്ടികളെ മരണത്തിലേയ്ക്ക് നയിച്ചെങ്കിൽ അത് കണ്ടെത്താതിരുന്നത് ഇവിടുത്തെ നീതിന്യായ വ്യവസ്ഥയുടെ പിടിപ്പുകേടാണ്. ഇനി അവർ കുറ്റവാളി ആണെങ്കിൽ പോലും അത് തെളിയിക്കപ്പെടുന്നത് വരെ മറ്റെല്ലാവരെയും പോലെ ഈ സമൂഹത്തിൽ ജീവിക്കുക എന്ന സ്വാഭാവിക നീതിക്ക് അവർ അർഹയാണ്.അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ എഴുതിയ പോസ്റ്റ് അനുസരിച്ചു അവർ സ്വന്തം മക്കളെ കൊല്ലാൻ കൂട്ടുനിന്നവളും,അതേ ആൾക്കൊപ്പം ഉറങ്ങിയവളുമാണ്. നമ്മുടെ സമൂഹം ഇനി എന്ത് പരിഗണന ആവും ആ സ്ത്രീക്ക് നൽകുക. ഒരു ജീരക മിഠായി പോലും അവർക്കു നൽകാത്ത തരത്തിലുള്ള സാമൂഹിക, സദാചാര ബഹിഷ്കരണം അവർ നേരിടേണ്ടി വരും. മുഖ്യമന്ത്രിക്കെതിരെ മത്സരിച്ചത് തന്നെ അവരെ ശത്രുപക്ഷത്തേയ്ക്ക് നയിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ ഇപ്പോൾ നിങ്ങൾ നടത്തിയ പ്രതികരണം അവരെ ഏറെ ഒറ്റപ്പെടുത്തും. തെറ്റ് ചെയ്തു എന്ന് ഉറപ്പാക്കി ശിക്ഷ ലഭിക്കും വരെ ഇതര മനുഷ്യർക്ക്‌ കിട്ടേണ്ട മനുഷ്യാന്തസ്സിനു അവർ അർഹരാണ്. കുറ്റവാളികൾ ജയിൽ എന്ന സംവിധാനത്തിൽ പോയി കുറ്റവിമുക്തരായി തിരിച്ചുവന്നു സമൂഹത്തിന്റെ ഭാഗമാകേണ്ടവർ തന്നെയാണ്. ഒരു ദലിത്‌ സ്ത്രീ എന്ന നിലയിൽ പാർട്ടിയെ പിണക്കിയ, മക്കളെ കൊല്ലാൻ കൂട്ടു നിന്ന ശേഷം അതേ ആൾക്കൊപ്പം ഉറങ്ങിയ സ്ത്രീ ആൾക്കൂട്ട വിചാരണ നേരിടേണ്ടവളായി മാറ്റപ്പെടുകയാണ് ചെയ്തത്.അവരുടെ തകമുറകൾ പോലും ഇതിനുള്ള ഉത്തരം പറഞ്ഞു മടുക്കേണ്ടി വരും. "നിന്റെ അമ്മ സഹോദരങ്ങളെ കണ്ടവന് കൊടുത്തിട്ട് അവന്റെ കൂടെ ഉറങ്ങിയില്ലെ" എന്ന ചോദ്യത്തിന് ഉത്തരം പറയാൻ അവരുടെ ഇളയ കുഞ്ഞ് നിർബന്ധിതനാവും. ആ കുട്ടി കടുത്ത മെന്റൽ ഡിപ്രഷനിലേയ്ക്ക് പോകാം, ആത്മഹത്യാ പ്രവണത ഉള്ള ആളായി മാറാം ഭാവിയിൽ ആന്റി സോഷ്യൽ പോലുമായിപ്പോവാം. കാരണം അവർ ഇന്നലെ മുതൽ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി.

  തെറ്റ് ചെയ്തെന്നു കണ്ടെത്തിയിട്ടു നീതിപീഠം അവരെ ശിക്ഷിക്കട്ടെ. പൗരബോധമുള്ള ഒരാളും തെറ്റ് ചെയ്തെങ്കിൽ ആ അമ്മയെ ന്യായീകരിക്കില്ല. മറിച്ചു താങ്കൾ അവരെ ഇപ്പോൾ ഇഴകീറിപരിശോധിക്കേണ്ടതില്ല . കാരണം അവർ ഇല്ലത്തിന്റെയോ,
  കോവിലകത്തിന്റെയോ, തറവാടിന്റെയോ ശീതളിമയിൽ വസിക്കുന്ന സ്‌ത്രീ അല്ല. തൽക്കാലത്തെ ആരവം കഴിഞ്ഞാൽ ആരാലും, എപ്പോൾ വേണമെങ്കിലും ആക്രമിക്ക പ്പെടാൻ സാധ്യത ഉള്ള ഒരു ദലിത്‌ സ്ത്രീ മാത്രം. എന്തുകൊണ്ട് ജിഷയുടെ അമ്മയും, വാളയാർ അമ്മയുമൊക്കെ നിരന്തരം ഓഡിറ്റ് ചെയ്യപ്പെടുന്നു. അവർ മാത്രം സത്യസന്ധരാവാൻ നിർബന്ധിതരാവുന്നു. എന്നുള്ളത് പരിശോധിക്കേണ്ടതാണ്. തെറ്റ്, തെറ്റ് തന്നെയാണ്. ദലിത്‌ ആയാലും, അല്ലെങ്കിലും.അതിന്റെ നീതി കണ്ടെത്തുവാൻ വേണ്ടി ഒരു ദലിത്‌ സ്ത്രീ വെര്ബല് റേപ്പിന് ഇരയാകേണ്ടി വരുന്നത് ഒട്ടും നീതിയുള്ള കാര്യമല്ല. ഹരീഷ് ചെയ്ത നിരവധി നല്ലകാര്യങ്ങൾ ഒറ്റയടിക്ക് റദ്ദ് ചെയ്യുന്നുണ്ട് ഈ പോസ്റ്റ് എന്ന് പറയാതെ വയ്യാ.

  വിദ്യാഭ്യാസം ഉള്ള, കുറച്ചെങ്കിലും പേർക്ക് അറിയാവുന്ന,എനിക്ക് ഒരു വിഷയത്തിന്മേൽ ഒരു തീരുമാനം എടുക്കുവാൻ മൂന്നര മാസം എടുത്തു. അതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ നിന്നും ഏറെ തല്ലുകൊണ്ടു. ഇന്നും അതിന്റെ തിക്ത ഫലങ്ങൾ അനുഭവിക്കുന്നു. എന്റെ അവസ്ഥ ഇതാണെങ്കിൽ എന്തായിരിക്കും വാളയാർ അമ്മ നേരിടുന്നതെന്ന് ഊഹിക്കാവുന്നതാണ്. സാധാരണ മീ ടൂ പുറത്ത് പറയാനാണ് നാം നവമാധ്യമങ്ങൾ ഉപയോഗിക്കുന്നത്. സി ബി ഐ ഏറ്റെടുക്കാൻ പോകുന്ന ഒരു കേസ് ജുഡീഷ്യറിയുടെ തീരുമാനത്തിനു വിട്ടുകൊടുക്കുകയായിരുന്നു വേണ്ടത് അല്ലാതെ സ്വയം ക്ഷേമരാഷ്ട്രം ചമഞ്ഞു അവർക്കുമേൽ സദാചാര പൗരൻ ആവുകയല്ലായിരുന്നു ഹരീഷ് ചെയ്യേണ്ടിയിരുന്നത്. നിയമപരമായി ഒരു കുറ്റ കൃത്യത്തിൽ ജയിലിലാകുന്നതു പോലെയല്ല സമൂഹമദ്ധ്യേ ഒരു ദലിത്‌ സ്ത്രീ വിചാരണ ചെയ്യപ്പെടുന്നത്. അത് നേരിട്ടനുഭവിച്ച വ്യക്തിയാണ് ഞാൻ.ഞാനും ഒരു കേസ് മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. പ്രതിയെന്ന് ഞാൻ ആരോപിച്ചയാളെ സമൂഹം ബോയ്കോട്ട് ചെയ്യുന്ന രീതിയിൽ ഒരിക്കലും പെരുമാറിയിട്ടില്ല. അദ്ദേഹത്തെ മനപ്പൂർവം ഒറ്റപ്പെടുത്തുന്നു എന്ന് തോന്നിയിടത്തു വ്യക്തി എന്ന നിലയിൽ കിട്ടേണ്ട നീതിക്കായി വാദിച്ചിട്ടുമുണ്ട്.
  ഇപ്പോൾ വാളയാർ അമ്മയുടെ ചാരിത്ര്യം പരിശോധിക്കാൻ ഇറങ്ങിയവരോട്
  "നിങ്ങളിൽ പാപം ചെയ്യാത്തവർ അവരെ കല്ലെറിയുക" എന്നാണ് പറയാനുള്ളത്.
  Published by:Anuraj GR
  First published: